പേജുകള്‍‌

Saturday, June 18, 2011

കാണിക്ക

ഇഷ്ട ദേവതയുടെ പ്രീതിക്കായി അയാൾ ദേവീ ക്ഷേത്രത്തിന്റെ വാതിലിൽ മുട്ടി.അയാൾ കാണിക്കയായി  വച്ച അടക്കാക്കുലയിൽ തൃപ്തയാകാതെ ദേവി പറഞ്ഞു:തേങ്ങാക്കുല കൊണ്ടു വരൂ.  ഭക്തൻ  വളരെ വേഗം തന്നെ തേങ്ങാക്കുല കൊണ്ടുവന്നിട്ട്  അപേക്ഷിച്ചു:ദേവീ പ്രസാദിക്കൂ.........  ദേവി പറഞ്ഞു: വാഴക്കുല കൊണ്ടുവരൂ.    ഭക്തൻ കൊണ്ടു കൊടുത്തതൊന്നും പോരാതെ ,ദേവി ഭക്തനെ അവഗണിച്ചപ്പോൾ ഭക്തൻ നിരാശനായി അയാൾ തലകുനിച്ച് തിരിച്ചു നടന്നു. മാർഗമദ്ധ്യേ അയാൾ ഒരു അശരീരി കേട്ടു :ആയിരം വാഴക്കുലകൾക്ക് പകരം ഒരു കോഴിത്തല.........ആയിരം കോഴിത്തലകൾക്ക് പകരം ഒരു  ആട്ടിൻ തല...........ആയിരം ആട്ടിൻ തലകൾക്ക് പകരം ഒരു മനുഷ്യത്തല...........!   എന്തിനധികം! അയാൾ തീരുമാനിച്ചു മനുഷ്യത്തല തന്നെ കാണിക്ക വയ്ക്കുക !   അയാൾ ആരാച്ചാരെ കണ്ട് സങ്കടം പറഞ്ഞു: എന്റെ ആയുസ്സിൽ പാതി തരാം എനിക്കൊരു മനുഷ്യത്തല കൊണ്ടുവന്ന് തരൂ...........പാതി ആയുസ്സ്  തന്നിലേക്കാവാഹിച്ച്  ആരാച്ചാർ അയാൾക്കൊരു മനുഷ്യത്തല കൊണ്ടു വന്ന് കൊടുത്തു. മറ്റൊന്നിനും കാത്തിരിക്കാതെ അയാൾ ആ മനുഷ്യത്തല പൊതിഞ്ഞ ഭാണ്ഡവുമായി ദേവീ ക്ഷേത്രതിലേക്കോടി .ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് അയാൾ  ദേവിയുടെ പാദങ്ങളിലേക്ക് കമഴ്ന്ന് വീണു : ദേവീ  ...ഇനിയെങ്കിലും.....ഈ ഭക്തനിൽ പ്രീതയാകൂ.   ദേവിയിൽ നിന്ന്  പ്രതികരണമില്ലാതെ വന്നപ്പോൾ അയാൾ ശിരസ്സുയർത്തി ദേവിയെ നോക്കി.........ദേവിക്ക് ശിരസ്സില്ലായിരുന്നു........! താൻ കൊണ്ടു വന്ന ഭാണ്ഡത്തിൽ ദേവിയുടെ  ചൈതന്യം ചോർന്ന തല കണ്ട് അയാൾ ഞെട്ടി...........അയാൾ ക്ഷേത്രത്തിനു പുറത്തിറങ്ങി ആരാച്ചാരുടെ അടുത്തേക്കോടി .     ആരാച്ചാരേ   ..........എടുത്തോളൂ .......എന്റെ ബാക്കി പകുതി ആയുസ്സു കൂടി............   

6 comments:

  1. മിനിക്കഥ നന്നായിട്ടോ ..

    ReplyDelete
  2. കഥയിലെ അവസാനഭാഗത്തില്‍ എന്താണ്‍ ഉദ്ദേശിക്കുന്നതെന്ന് ശരിക്കങ്ങോട്ട് ........ :(

    ReplyDelete
  3. ദേവിയുടെ തല എങ്ങനെ മനുഷ്യത്തല ആവും?

    ReplyDelete
  4. ദുബായിക്കാരന്റെ കമന്റ് കണ്ടപ്പോൾ തെല്ലൊരാശ്വാസം തോന്നിയതായിരുന്നു-കഥ ചീറ്റിപ്പോയില്ല എന്ന്. എന്നാൽ ചെറുതിനതത്രയങ്ങോട്ട് തിരിഞ്ഞില്ല എന്നറിഞ്ഞപ്പോൾ തോന്നി-കഥ പാളിയിട്ടുണ്ടെന്ന്. സോണിയാണെങ്കിൽ ശരിക്കും താങ്ങിക്കളഞ്ഞു. ഒരു ചെറിയ വിശദീകരണം ടിപ്പണിയായി ചേർക്കണമെന്ന് എനിക്ക് കഥ പോസ്റ്റ് ചെയ്യുമ്പോൾ തന്നെ ചിന്തയുണ്ടായിരുന്നു. പക്ഷേ പോസ്റ്റിട്ട സമയം കണ്ടോ? രാവിലെ 9.44......! കുളിക്കാനും ,പ്രാതൽ കഴിക്കാനും ഇനി ഓഫീസ് ടൈമിൽ നിന്ന് നേരം മോഷ്ടിക്കണം. അപ്പോഴതാ ചെറിയ അനിയൻ പഞ്ചാബിൽ നിന്നും വിളിക്കുന്നു(പട്ടാളക്കാരനാ.......) അപ്പോൾ ടിപ്പണി ചേർക്കാത്തത് കൊണ്ട് മൊത്തത്തിൽ പ്രശ്നമായി എന്നു പറഞ്ഞാൽ മതിയല്ലോ....! ഇനി കഥയിലേക്കും കഥക്കാസ്പദമായ സംഭവത്തിലേക്കും കടക്കാം.(ഇതിപ്പോൾ കഥയെക്കാൾ വലിയ കഥയാകും.ദയവായി സഹിക്കുക.നിവൃത്തികേട് കൊണ്ടാണ് . എനിക്ക് നിങ്ങളല്ലാതെ വേറാരാ.......?) ഞങ്ങൾ കണ്ണൂർ ഫോറസ്റ്റ് ഓഫീസ് കോം പ്ലക്സിലെ കുറച്ചാളുകൾ ഒരു സുഹൃത്തിന്റെ കല്യാണത്തിനു പോകാനായി കണ്ണൂർ താലൂക്ക് ഓഫീസിന്റെ മുന്നിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോൾ ഒരു മദ്ധ്യവയസ്ക്കൻ ബസ് സ്റ്റോപ്പിൽ നിന്നുകൊണ്ട് ഇങ്ങനെ പാടുന്നു..“വാഴക്കൊല വെട്ടാൻ പറഞ്ഞൂ...........തേങ്ങാക്കൊല വെട്ടാൻ പറഞ്ഞൂ .............ഞാൻ പോയി വെട്ടി വന്നത് മനുഷ്യത്തലാ......” ഇതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് എഴുതിയതാണീ കഥ. ഈ കഥയിലെ പ്രമേയം പ്രണയവും പ്രണയത്തിന്റെ വേദനയും ദുരന്തവും ഒക്കെയാണ്. ഒരു പെണ്ണിന്റെ മനസ്സിലിടം നേടാനാണ് നമ്മുടെ നായകൻ അവൾ പറഞ്ഞതെല്ലാം കൊണ്ട്ചെന്ന് നൽകുന്നത് .....അവന്റെ പകുതി ആയുസ്സ്,പിന്നെ മറ്റൊരാളുടെ മുഴുവൻ ജീവൻ(മനുഷ്യത്തല)എന്നിവ. പക്ഷെ സർവ്വവും പണയം വച്ച് അയാൾ ചെന്ന് പെടുന്നതോ .......സർവസ്വവും ആവാഹിക്കുന്ന ആരാച്ചാരുടെ കൈകളിലും...!ഇവിടെ പെണ്ണ്, ചെറുക്കൻ ക്വട്ടേഷൻ ടീം എന്നൊക്കെ പറഞ്ഞ് പച്ചയായി അവതരിപ്പിക്കുമ്പോൾ കഥ വെറും വിവരണത്തിലൊതുങ്ങുമെന്ന പേടികൊണ്ടാണ് കഥയിൽ ഫാന്റസി ചാലിക്കേണ്ടി വരുന്നത് .ഒരു നല്ല വായനാനുഭവവും ലഭ്യമാകുമെങ്കിലല്ലേ കഥ കഥയാവൂ....? ഇവിടെയാണ് ഞാൻ ശരിക്കും പെട്ടു പോകുന്നത്. ഇവിടെയാണ് സോണിയുടെ ചോദ്യം എനിക്ക് സങ്കടമുണ്ടാക്കുന്നത്. ദേവി എന്നതും ആരാച്ചാർ എന്നതും വാഴക്കുല എന്നതും മനുഷ്യത്തല എന്നതും ചില ചിഹ്നങ്ങളാണ്. ഹൈന്ദവ ദേവതകളുടെ ബാഹ്യ രൂപം നമുക്കനുഭവപ്പെടുന്നത് ശരിക്കും മനുഷ്യ രൂപത്തിൽ തന്നെയല്ലേ.....? ദേവീ......എന്ന് ചില കാമുകന്മാർ “ചരക്കിനെ” വിളിക്കാറില്ലേ......? അപ്പോൾ ഇതു കൊണ്ട് ഇക്കാര്യത്തിൽ ഫയൽ “കീർഡിസ് ” ആകുമെന്ന് കരുതുന്നു. അതോടൊപ്പം ഒരു കാര്യം കൂടി . ദയവായി ഒരിക്കൽ കൂടി ഈ കഥ വായിക്കുക. വായന-“ദേവിയിൽ നിന്ന് പ്രതികരണമില്ലാതെ വന്നപ്പോൾ അയാൾ ശിരസ്സുയർത്തി ദേവിയെ നോക്കി.........ദേവിക്ക് ശിരസ്സില്ലായിരുന്നു........! ” എന്നിടത്ത് അവസാനിപ്പിച്ചു നോക്കൂ........... അതായിരിക്കില്ലേ കഥ കൂടുതൽ കരുത്തുള്ളതാക്കുക.പ്രതികരിക്കുമല്ലോ? സത്യസന്ധമായി പ്രതികരിച്ചതിന് ചെറുതിനോടും , സൂക്ഷ്മമായി കഥയെ നോക്കിക്കാണുന്നവർ കൂടിയാണ് ബ്ലോഗ് വായനക്കാർ എന്ന തിരിച്ചറിവ് നൽകും വിധം ചോദ്യമുയർത്തി ഇതിനെ സജീവമാക്കിയതിന് സോണിക്കും, അഭിനന്ദനമറിയിച്ച്, തൊട്ടുപിന്നാലെ ബോൺസായിൽ ചേർന്നതിന് പ്രിയപ്പെട്ട ദുബായ്ക്കാരനോടും ഉള്ള നന്ദി അറിയിച്ചു കൊള്ളട്ടെ.........സ്നേഹപൂർവ്വം .....വിധു

    ReplyDelete
  5. ഹ്ഹ്ഹ്ഹ് വിധുമാഷേ..... വിവരണം തന്നെയാണ് കഥയേക്കാളും ഇഷ്ടപെട്ടത്. ആ സംഭവം മനോഹരമാക്കി പറയാനുള്ള കഴിവില്ലാത്ത ആളല്ല താങ്കളെന്ന് മനസ്സിലാക്കൂ. ഈ വിവരണം ടൈപ്പ് ചെയ്യാനെടുത്ത സമയം തന്നെ മതിയാകും കഥ മനോഹരമാക്കി പോസ്റ്റ് ചെയ്യാന്‍. ബോണ്‍‍സായ് എന്ന് പേരിട്ടതുകൊണ്ട് എല്ലാം അങ്ങനെ തന്നെ ആവണമെന്ന് നിര്‍‍ബന്ധം വല്ലോം??? :)
    അപ്പൊ വീണ്ടും കാണാവേ.

    പിന്നേ....യ്
    “ചരക്കിനെ” എന്ന വിശേഷണത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നു :P

    ReplyDelete
  6. ചില കാര്യങ്ങൾ അങ്ങനെയാണ്. ഈ ബ്ലോഗൊന്ന് റെയിലിൽ കേറ്റാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ..ഫെബ്രുവരി 2011ൽ ആദ്യമായി ഇതിനകത്ത് ആറ് കഥകൾ പോസ്റ്റ് ചെയ്ത് വായനക്കാരെ കാത്തിരുന്നു. ഒരാൾ പോലും വന്നില്ല. എന്നാലും ഇത് ഓഫീസിലുള്ളവരെയെല്ലാം വിളിച്ചിരുത്തി കാണിച്ച് എന്നെ സമ്മതിക്കണം എന്ന് എന്നോട് ഞാൻ തന്നെ പറയാൻ തുടങ്ങി ഏറെക്കഴിയാതെ പൊതുതെരഞ്ഞെടുപ്പിന്റെ ചുഴിയിൽ പെട്ടുപോവുകയും ചെയ്തു. അതു കഴിഞ്ഞാണ് എന്റെ ബ്ലോഗ് ഗുരുവിനെ -ശ്രീ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടിയെ വീട്ടിൽ ചെന്നു കണ്ടതും ബ്ലോഗ് ഇന്നത്തെ സെറ്റപ്പിലായതും.ഈ പാച്ചിലിനിടയിൽ എനിക്ക് ചില ബ്ലോഗുകളിൽ ഫോളോവറായി ചേരാനും തോന്നി. ആരെങ്കിലും ഒന്നു കേറി വന്നാലോ...............അതും ഗോപിയായപ്പോൾ കെ.പി.എസ് ഫിറ്റാക്കിത്തന്ന ജാലകത്തിലൂടെ ചിലർ കൂട്ടു കൂടാനെത്തി. പിന്നൊരു കേറ്റമങ്ങു കേറിയതാണിങ്ങനെ. ഇതെത്ര നാളെന്നറിയില്ല .ഏതായാലും ചക്കും ചാക്കും തിരിയാത്ത കാലത്ത് ചേർന്ന ബ്ലോഗുകളെല്ലം വിട്ടു. അതിനൊരു കാരണം മിനിക്കഥയെന്ന പേരിൽ മിനിക്കഥ തന്നെ എഴുതണം .ഞാൻ മറ്റുള്ളവരുടെ വിലപ്പെട്ട സമയമാണ് വായനക്കായി ചോദിക്കുന്നത്. അപ്പോൾ ചെറുത് ചോദിച്ചതു പോലൊരു നിർബന്ധം കൂടിയ തോതിൽ എന്നിലുണ്ട്. പിന്നെ കെ.പി.എസ് കഴിഞ്ഞാൽ എന്റെ ബ്ലോഗ് പരാക്രമത്തിലെ അടുത്ത് ആശാൻ സാക്ഷാൽ ചെറുത് തന്നെയാണ്. അതു കൊണ്ട് പുതിയ കഥ അല്പ്ം നീട്ടിയിട്ടുണ്ട് എന്ന് അറിയിക്കട്ടെ . സ്നേഹത്തോടെ വിധു

    ReplyDelete