പേജുകള്‍‌

Thursday, July 28, 2011

എന്നെക്കുറിച്ച്

ശ്രീ. നിശാ സുരഭിയുടെ ഒരു കമന്റാണ്  ഇങ്ങനെയൊരു കൊടും പാതകത്തിനെന്നെ പ്രേരിപ്പിച്ചതെന്നാദിവാക്യം: എന്താണ് നിശാ സുരഭി പറഞ്ഞത്?

(ചോപ്രമാര്‍ ഉത്തരേന്ത്യന്‍സല്ലെ, കണ്ണൂര്‍ക്കാര്‍ക്കെങ്ങനെ വന്നൂന്ന് ചോദിക്കുന്നില്ല, എന്തെന്നാല്‍ ഒരു ബ്രൈറ്റ് സിങ്ങ് എന്നൊരു മലയാളിയെ എനിക്കറിയാം, അങ്ങോര്‍ക്കാ പേരെങ്ങനെ വന്നൂന്ന് ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല, ഹിഹിഹി)                                                                                                                          ഇത്രേ അദ്ദേഹം പറഞ്ഞുള്ളൂ. എന്നാ പിന്നെ അങ്ങനെ തന്നെ. മറുപടിച്ചിട്ടാവാം ഇനി ബാക്കി പോസ്റ്റിങ്ങ് എന്നിപ്പമങ്ങ് തോന്നി. ഇനി എന്നെ പറ്റി. ഞാനൊരു ഉത്തരേന്ത്യക്കാരൻ ആണ്! അപ്പോൾ ഉത്തരേന്ത്യയിൽ എവിടെ എന്നാകും ചോദ്യം. ഉത്തരേന്ത്യയിൽ എവിടൊക്കെ അറിയാം? ഉത്തരം മുട്ടി അല്ലേ? സാരമില്ല. ഉത്തരം കണ്ടെത്താം. ഇന്ത്യയിൽ ഉത്തരം കിട്ടാതെ ജനത്തെ പൊറുതി മുട്ടിക്കുന്ന ചോദ്യങ്ങളുള്ള സർവ്വ സ്ഥലത്തും ഞാനുണ്ട്. ബോൺസായിയിലെ ഓരോ പോസ്റ്റിലുമങ്ങനെ ഉത്തരത്തിനപ്പുറത്തെ ഇന്ത്യയെ വരച്ച് കാണിക്കാനാണ് എന്റെ ശ്രമം. പിന്നെ എന്റെ ശരിയായ സ്ഥലമേതാന്ന് ചോദിച്ചാൽ, ഉത്തരമിങ്ങനെ: ഉത്തര പ്രദേശത്തിന്റെ വേരിരിക്കുന്ന മദ്ധ്യ പ്രദേശത്തിന്റെ ശിരോഭാഗമില്ലേ? അതിന്റെ ഇടതു വശത്തായി ഒരു വലിയ ഫാക്ടറിയുണ്ട്. മഴവില്ലുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി. ഈ ഫാക്ടറിയിൽ നിന്നും, പുറന്തള്ളുന്ന വർണ്ണപ്പൊടികളുപയോഗിച്ചാണ് നമ്മുടെ നാട് സ്വപ്നങ്ങൾ രൂപപ്പെടുത്തുന്നത്. സ്വപ്നങ്ങൾ ഒരിക്കലും യാഥാർത്ഥ്യമാകാതിരിക്കാൻ ഇതു കൊണ്ട് സാധിക്കുന്നു.ഇന്ത്യയിൽ നിർമ്മിക്കുന്ന മഴവില്ലുകളെല്ലാം ആ ഒരൊറ്റ ഫാക്ടറിയിൽ നിന്നൊന്നുമല്ല കേട്ടോ. ആ ഫാക്ടറിയുടെ വലതു വശത്തൂടെ പോയാൽ ഒരു കട്ട് റോഡ് കാണാം അതിലൂടെ പോയാൽ എന്റെ വീടെത്തില്ല. കാരണം എന്റെ വീട് ഫ്രാൻസിലല്ലല്ലോ. കുറെ കൂടി മുൻപോട്ട് നടന്നാൽ മറ്റൊരു കട്ട് റോഡ് കാണാം. അതിലൂടെ പോയാലും എന്റെ വീടെത്തില്ല. കാരണം എന്റെ വീട് അമേരിക്കയിലല്ലല്ലോ. പിന്നെയും നടക്കുക. അപ്പോൾ ഒരു മുറുക്കാൻ കട കാണാം. അവിടെ ധാരാളം ബസ്സുകളും ട്രക്കുകളും, ജേസീബീകളും നിർത്തിയിട്ടിരിക്കുന്നതു കണ്ടില്ലേ? അതാണീ മുറുക്കാൻ കടയുടെ പവറ്! ഒരു വിധപ്പെട്ട എല്ലാ വാഹനങ്ങളും, മുറുക്കാൻ എത്തുന്നത്, ഈ മുറുക്കാൻ കടയിലാണ്.നട്ടും, ബോൾട്ടുമൊക്കെ മുറുക്കിക്കൊടുക്കാൻ എത്ര മുറുക്കാപ്പീസർ മാരാണെന്നോ അവിടെ! അതു പോട്ടെ. അവിടന്നും നടക്കുക. അങ്ങനെയങ്ങനെ നടന്ന് നടന്ന് പോകുമ്പോൾ ഒരു സ്ഥാപനം കാണാം. പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഒരു മഹാ സ്ഥാപനം. അവിടെ നിന്നും നിങ്ങൾ ആവശ്യപ്പെടുന്ന പക്ഷം, നിങ്ങൾക്ക് നിറമുള്ള പാനീയം ലഭിക്കും. അത് പാനം ചെയ്താൽ പിന്നെ ഒരു ചോദ്യവും ബാക്കിയില്ല: അതെ ശരിക്കും “ഉത്തരേന്ത്യ” എന്നു വിളിക്കാവുന്ന ഈ സ്ഥാപനത്തിൽ പോയി നിങ്ങൾ എന്നെ അന്വേഷിക്കുക...........അതോടെ നിങ്ങളുടെ കാര്യം കട്ടപ്പൊഹ! കാരണം, സ്ഥാപന ഉടമകൾ എന്നെ അന്വേഷിക്കുകയാണ് . ഞാനവിടെ ചെന്ന് ഉത്തരം കണ്ടെത്തിയ വകയിൽ കൊടുക്കാനുള്ള നേർച്ചപ്പണം ഒന്നുകിൽ നിങ്ങൾ കൊടുക്കുക,അല്ലെങ്കിൽ എന്നെ അവിടെ എത്തിച്ചു കൊടുക്കുക. ഏതാണ് നല്ലതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം!വിധു ചോപ്ര എന്ന ഉത്തരേന്ത്യൻ മല്ലു ബ്ലോഗറെ പറ്റി കൂടുതലെന്തെങ്കിലും.......................????

Wednesday, July 27, 2011

ഒരുമ

ജീവിതച്ചുഴിയിലെ അനിവാര്യമായ കറക്കങ്ങൾക്കിടെ പങ്കനും പങ്കിയും ഒന്നാകാൻ തീരുമാനിച്ചു. പങ്കി പറഞ്ഞു: ഒരു പങ്ക കൂടി ഉണ്ടായിരുന്നെങ്കിൽ..... പങ്കൻ അവളുടെ ആ ആവശ്യം സാധിച്ചു കൊടുത്തു. പങ്കനും പങ്കിയും പുറത്ത് കറങ്ങുമ്പോൾ പങ്ക അകത്ത് ചുമ്മാതെ തൂങ്ങിക്കിടക്കും. പങ്കനും പങ്കിയും കറക്കം കഴിഞ്ഞ് ഉറക്കമാകുമ്പോൾ പങ്ക ഉറക്കം വെടിഞ്ഞ് കറക്കം തുടങ്ങിയിട്ടുണ്ടാകും. കറക്കവും ഉറക്കവും എല്ലാം മടുത്തപ്പോൾ പങ്കനും പങ്കിയും ജീവിതം മതിയാക്കാൻ തീരുമാനിച്ചു.അപ്പോൾ പങ്ക പറഞ്ഞു: എന്നെ ഉപേക്ഷിക്കരുതേ...... പങ്കനും പങ്കിയും ഒരുമിച്ച് പറഞ്ഞു: ഇല്ല. ആ തീരുമാനത്തിൽ അവർ വീണ്ടും ഒന്നായി.......എല്ലാ കറക്കങ്ങളും നിർത്തി ഒരൊറ്റക്കയറിൽ പങ്കനും പങ്കിയും പിന്നെ ആ പങ്കയും!

Tuesday, July 26, 2011

ഗുരുവായൂരമ്മ

ഹംസാപ്ല, അയൽക്കാരനായ ദാമോരനാശാരിക്ക്, വീട്ടു പണി ചെയ്തതിന്റെ പേരിൽ കുറച്ച് കാശ് കൊടുക്കാനുണ്ടായിരുന്നു. അവധികൾ പലതും കഴിഞ്ഞെങ്കിലും ആശാരിയുടെ കടം വീട്ടാൻ ഹംസാപ്ലക്ക് കഴിഞ്ഞില്ല. മോളുടെ ഡൈവോഴ്സിന്റെ ആവശ്യത്തിലേക്ക് വക്കീലിന്റെ അണ്ണാക്കിലിട്ടു കൊടുക്കാൻ ആശാരിക്ക് പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ആശാരി വീണ്ടും ഹംസാപ്ലയെ സമീപിച്ചു. “ഹംസാപ്ലേ ...സമയത്തിനു പണം കിട്ടിയില്ലെങ്കിൽ മോളുടെ ഡൈവോഴ്സ് കൊളമാകും.വിവാഹമോചനം ആഗ്രഹിച്ച് പോയ ഏതു പെണ്ണും പൂച്ചയെപ്പോലാണെന്ന്, നിങ്ങളും കേട്ടിരിക്കുമല്ലോ? പതിയെ പ്പതിയെ അത് നാടാകെ മാന്തി പുണ്ണാക്കും. അതു കൊണ്ട് എനിക്കെന്റെ പണം കിട്ടിയേ മതിയാവൂ” എന്ന് പറഞ്ഞ ആശാരിയോട് ഹംസാപ്ല അറുത്ത് മുറിച്ച് പറഞ്ഞു: അടുത്ത വെള്ളിയാഴ്ച തരാം ആശാരീന്റെ പണം.............ഗുരുവായൂരമ്മയാണേ നേര്!    ദാമോരനാശാരിക്ക് സമാധാനമായി. ഇതു വരെ ഹംസാപ്ല സത്യം ചെയ്തിരുന്നത് പടച്ചോനെ പിടിച്ചായിരുന്നു. ഇത്തവണ ഗുരുവായൂരമ്മയെന്ന പേരിലാണെങ്കിലും ഗുരുവായൂരപ്പനെ പിടിച്ചാണ് സത്യം ചെയ്തിരിക്കുന്നത്.  ആശാരി പോയപ്പോൾ ഹംസാപ്ലയുടെ വീടർ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങളെന്ത് വർത്താനാ പറഞ്ഞേ? ഗുരുവായൂരമ്മയോ അപ്പനോന്ന് പോലും അറിയാതെ........”  ഹംസാപ്ല പറഞ്ഞു:“ അതൊന്നും എനിക്കറിയില്ല. പണം കൊടുക്കാനും പറ്റുമെന്ന് തോന്നുന്നില്ല. എന്നാലും അയാൾക്കൊരു സമാധാനത്തിനു വേണ്ടി പറഞ്ഞൂന്ന് മാത്രം”      ഹംസാപ്ല അതു പറഞ്ഞു തീർന്നതും, മാസത്തിലൊരിക്കൽ  ഗുരുവായൂരിൽ പോകുന്ന  ചീരൻ മണിയാണി,ആ വഴി വന്നു. മണിയാണിയെ കണ്ടതും ഹംസാപ്ലയുടെ വീടർ ചാടി മുറ്റത്തിറങ്ങി ചീരൻ മണിയാണിയോട് ചോദിച്ചു: മണിയാണീ  മണിയാണീ ഞമ്മക്കൊരു സംശം......ഗുരുവായൂരിൽ ആരാ......അമ്മയോ  അപ്പനോ? മണിയാണി എല്ലാ മാസോം ഗുരുവായൂരിന് പോകുന്നയാളല്ലെ?”  ചീരൻ മണിയാണി പറഞ്ഞു: “ഗുരുവായൂരിൽ അമ്മയുമല്ല അപ്പനുമല്ല  ആയിസുമ്മാ,  വകയിലൊരമ്മായിയെ കാണാനാ ഞാൻ ഗുരുവായൂർക്ക് പോകുന്നത്. അമ്മാവൻ മരിച്ചതിനു ശേഷം അമ്മായിക്ക് കിട്ടുന്ന പെൻഷൻ പണം എനിക്കാ തരുന്നത്.”മണിയാണി പോയപ്പോൾ ആയിസുമ്മ പറഞ്ഞുപോയി :“ന്റെ ഗുരുവായൂരമ്മായീ.....!”

Monday, July 25, 2011

ചതുരംഗം

ചതുരച്ചതുരംഗക്കളത്തിലെ കരുക്കൾ ഓരോന്നായി ചത്ത് കൊണ്ടിരുന്നു.അവസാന ബാക്കി, കറുപ്പും വെളുപ്പും രാജാക്കൻ മാർ മാത്രം !കളി സമനിലയിൽ.....!കോം പ്രമൈസ് ! കളിക്കാർ പൊട്ടിച്ചിരിച്ചു. പൊരിച്ച കോഴിക്കാലുകളും മധു ചഷകങ്ങളും കാലിയായിക്കൊണ്ടേയിരുന്നു. പടയാളികൾ നഷ്ടപ്പെട്ട രാജാക്കന്മാർ തല താഴ്ത്തി കളത്തിൽ നിന്നു. വലിച്ചൂതിയ പുകച്ചുരുളുകൾക്കിടയിലൂടെ പുതിയ കളിക്കായി കരുക്കൾ നിരത്താനായി നീങ്ങിയ കൈകൾ തടഞ്ഞു കൊണ്ട് കറുത്ത രാജാവ്  ആക്രോശിച്ചു: നിറുത്തൂ ഈ പേക്കൂത്ത്.............. ഒരറ്റത്ത് കറുത്ത രാജാവും മറ്റെയറ്റത്ത് വെളുത്ത രാജാവും വളരാൻ തുടങ്ങി .രാജാക്കൻ മാരുടെ ഇച്ഛാശക്തിയിൽ ആന തേർ കാലാൾ കുതിരപ്പടകളൊരുങ്ങി. അവരൊന്നിച്ച് ചതുരംഗം കളിക്കാരെ എടുത്ത് കടലിലേക്കെറിഞ്ഞു. പിന്നെ ആ ചതുരംഗക്കളം സൽഭരണത്തിന്റെ സമതലഭൂമിയായി........!

Friday, July 22, 2011

കൂട്(3)

ഇത് ഒരനുഭവമാണ്. ജോലിക്കിടെ വീണുകിട്ടിയ ഒരു കാര്യമായ തമാശ അഥവാ തമാശയായ കാര്യം.വനം വകുപ്പിനെ സംബന്ധിച്ച്   പത്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വകുപ്പിലെ ഉന്നത തലങ്ങളിലേക്ക് എത്തിക്കാൻ എനിക്കൊരു നിയോഗം കിട്ടി. രാവിലെ ഓഫീസിലെത്തിയാൽ സർക്കാർ വക പത്ര വായനക്ക് സൌകര്യം തരമായതിൽ സന്തോഷമുണ്ടായെങ്കിലും, പിന്നീടത് പാരയായതിനെ പറ്റിയാണ് പറയാൻ പോകുന്നത്. കാഞ്ഞങ്ങാട് റേഞ്ചിൽ നൈതൽ എന്ന ഒരു സ്ഥാപനമുണ്ട്. കടലാമകളെ സംരക്ഷിക്കുക എന്ന പ്രധാന ദൌത്യത്തിനു പുറമേ പൊതുവിൽ പരിസ്ഥിതി സംബന്ധമായ കാര്യങ്ങളെല്ലാം ആ സംഘടന ഏറ്റെടുത്ത് നടത്തുന്നുണ്ട്. നല്ല ഒരു പരിസ്ഥിതി കൂട്ടായ്മയാണത്. ഒരു ദിവസം ഒരു വലിയ മരത്തിലെ കൂട്ടിൽ നിന്നും ഒരു കുഞ്ഞു കടൽ‌പ്പരുന്ത്  താഴേക്ക് വീഴുകയും, നെയ്തൽ, അതിനെ എടുത്ത് ശുശ്രൂഷ നൽകുകയും ചെയ്തു. ഈ വാർത്ത പത്രത്തിൽ വരികയും, ഞാനാ വാർത്ത മേലധികാരത്തിൽ അറിയിക്കുകയും ചെയ്തു.  മേലധികാരത്തിൽ നിന്നും പിന്നെ ഇത് സംബന്ധിച്ച് ചോദ്യങ്ങളനവധി വരികയുണ്ടായി. അതെല്ലാമെഴുതാൻ ബോൺസായി ധർമ്മം അനുവദിക്കുന്നില്ല. എന്നാൽ പ്രധാന ചോദ്യം എഴുതാതിരിക്കാനും വയ്യ. കടൽ‌പ്പരുന്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യത്തിന്, ഞങ്ങൾ നൽകിയ മറുപടി, പരുന്തിനു  പറക്കാൻ പറ്റുന്ന അവസ്ഥ വന്നാൽ കൂട്ടിലേക്ക് അയക്കാവുന്നതാണെന്നും,അതു വരെ നെയ്തലിൽ തന്നെ ശുശ്രൂഷ നൽകാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ആയിരുന്നു. ഇതിനു ശേഷമാണ് ഏറ്റവും വലിയ തമാശ ഉണ്ടായത്. മേലധികാരത്തിൽ നിന്നും വന്ന ചോദ്യം,“പറക്കാറായാൽ പിന്നെ പരുന്തിനെ കൂട്ടിലിടുന്നതെന്തിനെ”ന്നായിരുന്നു!  “പക്ഷിക്ക് വേണ്ടി പക്ഷിയുണ്ടാക്കിയ പക്ഷിയുടെ കൂട്ടിലേക്ക് ” എന്നാണ് ഈ ഓഫീസിൽ നിന്നും അറിയിച്ചിരുന്നതെന്നർത്ഥം വരുന്ന ഒരു റിപ്പോർട്ടയച്ച് പ്രശ്നം അവസാനിപ്പിച്ചു. കൂട്ടിലായിപ്പോകുന്ന ഇത്തരം അവസ്ഥകളില്ലാതിരിക്കാൻ ഞാനിപ്പോൾ പത്രം തന്നെ വായിക്കാറില്ല.  കൂട്ടിലായിപ്പോകുമ്പോൾ വെറുതെ ആലപിക്കാൻ പറ്റിയ ഒരു കാവ്യ ശകലം ഉണ്ട്. ഇതെന്റേതല്ല.ഞാനതിനും മാത്രമില്ലാത്തതു കൊണ്ട് ആ നല്ല വരികൾ പകർത്താം-“വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ”

Thursday, July 21, 2011

പരിണാമം

കടം കയറി തല പെരുത്തപ്പോഴാണ് അയാൾക്ക് നാടിറങ്ങി കാട് കയറേണ്ടി വന്നത്. അത്യാവശ്യത്തിനു പോലും മരം കയറാനറിയാത്ത അയാളെ കാടൻ യാഥാർത്ഥ്യങ്ങൾ അതും പഠിപ്പിച്ചു.കയറ്റത്തിനിടെ ചുറ്റിപ്പിടിക്കാനായി അയാൾക്കൊരു വാൽ വളർന്നു വന്നു.തണുപ്പിൽ നിന്നുമുള്ള രക്ഷക്കായി മേൽ നിറയെ രോമം കിളിർത്തു.ഒരു ദിവസം അയാൾക്കൊരു കടലാസു തുണ്ട് കിട്ടി. കാട് കാണാനെത്തിയ ആരോ ഉപേക്ഷിച്ച വർത്തമാന പത്രത്തിന്റെ ഒരു തുണ്ട് കടലാസ്.അയാൾ വായന  മറന്നിരുന്നില്ല.അതു കൊണ്ട് കടലാസിലെഴുതിയ കാര്യങ്ങൾ അയാൾക്ക് വായിച്ചറിയാൻ പറ്റി:കടക്കാരുടെ ലോണെല്ലാം ബാങ്കുകൾ എഴുതിത്തള്ളുന്നു! അപ്പോൾ തന്നെ നാട്ടിലേക്ക് കുതിച്ച അയാളെ നാട്ടിൽ എതിരേറ്റത് ക്യാമറക്കണ്ണുകളും, പിള്ളേരെറിഞ്ഞ കല്ലുകളുമായിരുന്നു! കൊരങ്ങൻ ....കൊരങ്ങൻ ..എന്ന് പിള്ളേർ വിളിച്ച് കൂവുന്നുമുണ്ടായിരുന്നു. ഒരു നിമിഷം........അയാൾ മരങ്ങളും മതിലുകളും മലകളും കടന്ന് തിരിച്ച് കാട്ടിലെത്തി. ഓട്ടത്തിനിടെ അയാൾ പണ്ട് വായിച്ച മർക്കട മുഷ്ടി എന്ന കഥ ഓർമ്മിച്ചു. ഇത്ര കഷ്ടപ്പെട്ട് നാട്ടിൽ ജീവിക്കുന്ന മനുഷ്യന്റെ പോഴത്തമോർത്ത്  അവൻ  എന്തിനോ പറഞ്ഞു: മനുഷ്യനിത്ര മർക്കടമുഷ്ടിയെന്തിന്???

Tuesday, July 19, 2011

മുൻ കരുതൽ

എല്ലാറ്റിനും അയാൾക്ക് മുൻ കരുതൽ ഉണ്ടായിരുന്നു.                                                    ഒരു ദിവസം കുട്ടിക്ക് മുട്ടായി കൊടുത്തതിന്റെ പേരിൽ അയാൾ ഓളോട്  കച്ചറയുണ്ടാക്കി.    മുട്ടായി വിഴുങ്ങി അപകടമുണ്ടായാലോ?                                                                                             എന്നിട്ട് കുട്ടിക്ക് കൊടുക്കാൻ സാധാരണ മുട്ടായിക്ക് പകരം കൊള്ളി മുട്ടായി വരുത്തി ഓളെ ഏല്പിച്ചതിനു ശേഷം മാത്രേ ചങ്ങായി ഓഫീസിൽ പോയുള്ളൂ.                 ഹൃദ്രോഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള മുൻ കരുതൽ എന്ന നിലയിൽ പൊരിച്ച മീൻ പോലും വാങ്ങാതെ ഉച്ചയൂണു കഴിച്ചുകൊണ്ടിരിക്കേ അയാളുടെ കൈ ഫോണിൽ ഒരു കോൾ വന്നു.അങ്ങേ തലക്കൽ നിന്നും ഓള്  പറഞ്ഞു:                                                                       “നിങ്ങളൊന്നിങ്ങോട്ട് വേഗം വാ മനുഷ്യാ.....ചെക്കൻ കൊള്ളി മുട്ടായി വിഴുങ്ങി”

Monday, July 18, 2011

അമ്മത്തൊട്ടിൽ

അനാഥാലയത്തിൽ വളർന്ന പെൺകുട്ടി ഒരു ദിവസം സ്ഥാപനം നടത്തിപ്പുകാരോട്  അപേക്ഷിച്ചു: എനിക്കെന്റെ അമ്മയെ ഒന്നു കാട്ടിത്തരുമോ? അധികൃതർ മൊഴിഞ്ഞു: സാധ്യമല്ല. ഞരമ്പ് മുറിക്കുമെന്ന അവളുടെ ഭീഷണിയിൽ തീരുമാനം മാറ്റിയ അധികാരികൾ അവളെ കൂട്ടി അമ്മയെ കാണാൻ യാത്രയായി. അതാ അമ്മ എന്നവർ ചൂണ്ടിക്കാണിച്ചിടത്ത് ഉണ്ടായിരുന്നത് ഒരമ്മത്തൊട്ടിൽ ആയിരുന്നു.ആ അമ്മത്തൊട്ടിലിൽ അപ്പോൾ ഒരു പിഞ്ചു കുഞ്ഞും ഉണ്ടായിരുന്നു. ആ കുഞ്ഞിന്റെ ഇടതു കവിളിലെ മറുക് തന്റെ കവിളിലേതു പോലെ എന്നു തിരിച്ചറിഞ്ഞ് ആ കുഞ്ഞിനെയുമെടുത്തവൾ നടന്നു..........രണ്ട് പെൺ മക്കളുള്ള അമ്മയെ പോലെ!                                                                                    (സമർപ്പണം-അമ്മക്ക്)

Saturday, July 16, 2011

സത്യം

                                                                       












































































































































 .

Monday, July 11, 2011

കൂട്(2)

പക്ഷിശാസ്ത്രക്കാരന്റെ കൈയിലെ കൂട്ടിലുള്ള തത്ത സ്വകാര്യമായി എന്നോട് ചോദിച്ചു: “എന്നെയൊന്ന്സ്വതന്ത്രയാക്കാമോ?”       ഞാൻ പറഞ്ഞു: “ഞാൻ തിരക്കിലാണ്.” വിവാഹിതയായ ഒരു സ്ത്രീ പല തവണ കോടതി  കേറിയിറങ്ങി മടുത്തപ്പോൾ      ജഡ്ജിയായഎന്നോട്ചോദിച്ചു:     “എന്നെയൊന്ന് സ്വതന്ത്രയാക്കാമോ?”         ഞാൻപറഞ്ഞു:“ഞാൻ നിസ്സഹായനാണ്  പാതയോരത്തുകൂടി നടന്നു പോകുമ്പോൾ,കളഞ്ഞു കിട്ടിയ ലോക്കറ്റിലിരുന്ന്   ദൈവം എന്നോട് ചോദിച്ചു:    എന്നെയൊന്ന്  സ്വതന്ത്രനാക്കാമോ?         ഞാൻ പറഞ്ഞു:ഞാൻ അശക്തനാണ്. അങ്ങയെ പോലെ!”പിന്നീട് ഞാൻ തത്തയെ തുറന്നു വിട്ടു;   തിരക്കൊഴിഞ്ഞ് സമയം കിട്ടിയപ്പോൾ! നിസ്സഹായാവസ്ഥ മാറിയപ്പോൾ ഞാൻ ആ സ്ത്രീയെ വിവാഹ “ബന്ധനത്തിൽ” നിന്നും രക്ഷപ്പെടുത്തി! ശക്തനായപ്പോൾ ഞാൻ ദൈവത്തെ മോചിപ്പിച്ചു-എല്ലാ കെട്ടുകൾക്കുള്ളിൽ നിന്നും! *****************************************പിന്നീട് അസ്വസ്ഥതയോടെ തത്ത എന്നോട് ചോദിച്ചു:എന്റെ കൂട് എനിക്ക് തിരിച്ച് തരുമോ? സ്ത്രീ എന്നോട് ചോദിച്ചത് അവളുടെ ഭർത്താവ് കെട്ടിക്കൊടുത്ത താലിക്കായിരുന്നു!ദൈവം ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ആരൂഢം    തിരിച്ചുനൽകാനായിരുന്നു!

Friday, July 08, 2011

കൂട്

പക്ഷിശാസ്ത്രക്കാരന്റെ കൈയിലെ കൂട്ടിലുള്ള തത്ത സ്വകാര്യമായി എന്നോട് ചോദിച്ചു: “എന്നെയൊന്ന്സ്വതന്ത്രയാക്കാമോ?”       ഞാൻ പറഞ്ഞു: “ഞാൻ തിരക്കിലാണ്.” വിവാഹിതയായ ഒരു സ്ത്രീ പല തവണ കോടതി  കേറിയിറങ്ങി മടുത്തപ്പോൾ      ജഡ്ജിയായഎന്നോട്ചോദിച്ചു:     “എന്നെയൊന്ന് സ്വതന്ത്രയാക്കാമോ?”         ഞാൻപറഞ്ഞു:“ഞാൻ നിസ്സഹായനാണ്  പാതയോരത്തുകൂടി നടന്നു പോകുമ്പോൾ,കളഞ്ഞു കിട്ടിയ ലോക്കറ്റിലെ  തിളങ്ങുന്ന ദൈവ പടം എന്നോട് ചോദിച്ചു:    എന്നെയൊന്ന്  സ്വതന്ത്രനാക്കാമോ?         ഞാൻ പറഞ്ഞു:ഞാൻ അശക്തനാണ്. അങ്ങയെ പോലെ!”

Thursday, July 07, 2011

അമൃതംഗമയ




വിഷം കഴിച്ചു മരിച്ച യുവാവിന്റെ
 വിറങ്ങലിച്ച 
ജഢത്തിനരികില്‍ നിന്ന് 
ആരോ ഒരു കുപ്പി കണ്ടെടുത്തു.
കുപ്പിയുടെ പുറത്തെ ലേബലിൽ 
അമ്യത് 
എന്ന് എഴുതിയിരുന്നു!
ലേബലിൽ 
അമ്യതാദേവിയുടെ
 ചിത്രം പതിപ്പിച്ചിരുന്നു!!

Wednesday, July 06, 2011

ആയുധ മനസ്സ്

നാട്ടാളർ അവരവരുടെ നാട്ടിന്റെ സുരക്ഷക്കായി ആയുധങ്ങൾ ശേഖരിച്ചു വച്ചു. ഒരുകൂട്ടർ പച്ച നിറത്തിലുള്ള വടികളായിരുന്നു ശേഖരിച്ചു വച്ചിരുന്നത്. പലരും വെള്ള വടികൾ ശേഖരിച്ചു. മഞ്ഞയും, നീലയും വടികളായിരുന്നു മറ്റു പലരുടെയും ആയുധം. അവരവരുടെ വിധി സ്വയമെഴുതാനായി അവർ യുദ്ധം ഉണ്ടാക്കി.യുദ്ധം കഴിഞ്ഞ ഭൂമിയിൽ ചിതറിക്കിടന്നിരുന്ന ആയുധങ്ങൾക്കെല്ലാം   ഒരൊറ്റ നിറമായിരുന്നു:ചുവപ്പ്!!                                                      ആയുധപ്പുരകളിലേക്ക് പിന്നീട് വിൽ‌പ്പനക്കെത്തിയ ആയുധങ്ങളും വിവിധ വർണ്ണങ്ങളിലുള്ളവയായിരുന്നു. ആരോ  ഒരാൾ വെറും കൌതുകത്തിന് ആയുധങ്ങളുടെമനസ്സിലെ നിറം പരിശോധിച്ചു നോക്കി. ആയുധമനസ്സിന് നിസ്സഹായതയുടെ വിളറിയ നിറമായിരുന്നു!!

Tuesday, July 05, 2011

ബോംബ്

പുൽത്തകിടിയിൽ കിടന്ന നാടൻ ബോംബ് ദീർഘ ദൂര മിസൈലിനോട് ചോദിച്ചു:         “സർ, ചോദിക്കുന്നതു കൊണ്ടൊന്നും തോന്നരുത്..........അങ്ങയുടെ പിതാവ് ഇപ്പോൾ ഏതു ജെയിലിലാണ്?”                             മിസ്സൈൽ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു: “ഹേയ് മിസ്റ്റർ ലോക്കൽ, താങ്കളുടെ സ്രഷ്ടാവ് ജയിലിലായിരിക്കും....... പക്ഷെ..........എന്റെ ശില്പി ഇപ്പോൾ രാജ്യത്തിന്റെ പ്രസിഡന്റാണ്”

Monday, July 04, 2011

ഗ്രീൻ ബലൂൺ

മാമൻ വരുമ്പോൾ അവന് ഒരു ബലൂൺ കൊണ്ടുക്കൊടുത്തു: ഒരു ഗ്രീൻ ബലൂൺ! അതിൽ നിറയെ പച്ച നിറമുള്ള ചെറുതും വലുതുമായ ധാരാളം ചെടികളും,മരങ്ങളും. അവൻ ചേട്ടനോട് പറഞ്ഞു: ഇതൊന്നു വീർപ്പിച്ചുതരൂ. ചേട്ടൻ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.ബലൂൺ വീർപ്പിക്കുമ്പോൾ ആദ്യമാദ്യം ബലൂണിൽ ചെടികൾക്കിടയിൽ ചെറിയ വഴികൾ രൂപപ്പെട്ടു തുടങ്ങി. പിന്നീടത് ചെമ്മൺ റോഡുകളായി. അവ ടാർ റോഡുകളായി വികസിക്കുമ്പോൾ ബലൂണിന്റെ പച്ച നിറം ക്രമേണ മങ്ങാൻ തുടങ്ങി. ബലൂണിൽ വമ്പൻ കെട്ടിടങ്ങൾ, ഫാക്ടറികൾ,മതിലുകൾ,അണക്കെട്ടുകൾ എന്നിവ      നിറയാൻ തുടങ്ങിയപ്പോൾ വീട്ടിലെ മുതിർന്നവർ പറഞ്ഞു. മതി നിർത്ത്! ഇനിയും പൊക്കിയാൽ ബലൂൺ പൊട്ടും. ചെറുപ്പക്കാർ ആരും ആ ശബ്ദം കേട്ടതായി നടിച്ചില്ല. ബലൂൺ പിന്നെയും വീർത്തു. അതിൽ ആണവ നിലയങ്ങളും മിസ്സൈൽ വിക്ഷേപണ കേന്ദ്രങ്ങളും വന്നു. പാടങ്ങളിൽ അന്ധകവിത്തുകൾ മാത്രം മുളച്ചു. മരങ്ങളെല്ലാം മുറിച്ചു തീർന്നപ്പോഴേക്കും ബലൂൺ പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൊണ്ടു നിറഞ്ഞിരുന്നു.വീർപ്പിക്കൽ നിർത്താനുള്ള ശബ്ദങ്ങൾ നേർത്ത് നേർത്ത് വന്നപ്പോൾ നിർത്താതെ തുടർന്ന വികസനാ‍വേശം താങ്ങാൻ പറ്റാതെ ആ ബലൂൺ പൊട്ടിത്തെറിച്ചു. പെട്ടെന്നെവിടെ നിന്നോ അന്ധകാരത്തിന്റെ ഒരു ചീള് അവിടേക്ക് തെറിച്ചു വീണ് പടർന്നു.പിന്നെ ബാക്കിയായത്  ഇരുട്ട് മാത്രം ........ഇരുട്ട് മാത്രം!!!

നല്ല അയൽക്കാരികൾ

ഒന്ന്:                                                                മദ്യപാനികളെ ഏതു പെണ്ണും ഇഷ്ടപ്പെടില്ലത്രേ!  ഭാര്യ പോലും വെറുക്കുന്ന ഒന്നാം തരം  മദ്യപാനിയായ എന്നോട് പിന്നെ അയൽക്കാരി കാട്ടുന്നത് പിന്നെന്താണ്?   അതാണ് ഒന്നാം തരം ഇഷ്ടം!കാരണം ഞാൻ വെള്ളമടിച്ചാലല്ലേ  ഭാര്യക്ക് തല്ല്  കിട്ടുന്നത് അയൽക്കാരിക്ക് ആസ്വദിക്കാനാകൂ?                                             രണ്ട്:                                                                     തിരുവചനം പോലെ അയാൾ അയൽക്കാരനെ സ്നേഹിച്ചു. സ്നേഹം തലക്കു പിടിച്ചപ്പോൾ അയാൾ അയൽക്കാരന് ഒരു വിസ തരമാക്കി കൊടുത്തു. പിന്നീട് തിരുവചനം പിന്തുടർന്നു കൊണ്ട് അയാൾ അയൽക്കാരിയെ സ്നേഹിച്ചൂ                                                                                                                                മൂന്ന്:                                                                  അയൽക്കാരികളായി രണ്ട്  യുവതികളുണ്ടായിരുന്നു.ഒരുവളെകണി കണ്ടാൽ മറ്റവൾക്ക് നല്ല കസ്റ്റമർമാരെ കിട്ടുന്നത് കൊണ്ട് രണ്ടു പേരും വീടിന്റെ മുഖംഅഭിമുഖമാക്കി പരസ്പരം കണി കണ്ട് കസ്റ്റമർ മാരെ വർദ്ധിപ്പിച്ചു

Saturday, July 02, 2011

ലൈൻ

പതിവുപോലെ  അവനെ  സ്വൈര്യം കെടുത്താനായിഅവൾചോദിച്ചു:നിങ്ങളാരെയെങ്കിലും മുൻപ് ലൈനാക്കിയിട്ടുണ്ടോ........? അവൻ പറഞ്ഞു:“ ഹ ഹ ഹ ........ മണ്ടിപ്പെണ്ണേ ......... ഞാൻ മംഗലംകഴിച്ചതിൽപിന്നെയാണ് പെണ്ണെന്തെന്നറിഞ്ഞത്..                         കമ്പ്യൂട്ടർ വാങ്ങിയതിനു  ശേഷമാണ്  ഞാൻ ബ്ലോഗെന്തെന്നറിഞ്ഞത്.........!”ഒരു നിമിഷത്തിന്റെ മൌനത്തിനു ശേഷം അവൾ ചോദിച്ചു:“നിങ്ങളിപ്പം വേറെ കമ്പ്യൂട്ടർ ഉപയോഗിക്കാറില്ലേ......? അവൻ പറഞ്ഞു: “ഉണ്ട്.”  “നിങ്ങളിപ്പോൾ മറ്റു ബ്ലോഗുകൾ വായിക്കാറില്ലേ........?”  അവൻ പറഞ്ഞു: “ഉണ്ട്.” “അപ്പോൾ ഞാൻ വിചാരിച്ചതു പോലെ തന്നെ.”  അവൾ സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്തതിനു ശേഷം  അവളുടെ ഡ്രസ്സുകൾ പായ്ക്കു ചെയ്യാൻ തുടങ്ങി.

Friday, July 01, 2011

വാക്കിന്റെ ഊക്ക്

എല്ലാവർക്കും വമ്പൻ വാഗ്ദാനങ്ങൾ കൊടുക്കാൻ ആരംഭിച്ചപ്പോൾ അവനെ എല്ലാവർക്കും വലിയ കാര്യമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാതിനിമ്പമുള്ള വാക്കുകൾ ചൊന്നവൻ കാതിലുണ്ണിയായി.വാക്കൊന്നും പാലിക്കാതെയായപ്പോൾ നാട്ടുകാർ അവനെ അവഗണിച്ചു. എന്നാലും അവൻ വാക്കു കുറച്ചില്ല .ഒരു ദിവസം അവനോട് ഒരു പെണ്ണ് പറഞ്ഞു: “എന്നെ കെട്ടാമെന്നു പറഞ്ഞിട്ട് എത്ര നാളായി? നിന്റെ വാക്കും കീറിയ ചാക്കും ഒന്നാ”.   പിന്നെയും അവൻ വാക്കു തുടർന്നപ്പോൾ ആരൊക്കെയോ ചേർന്ന്  ചക്ക പഴുപ്പിക്കാൻ വയ്ക്കാറുള്ള  കീറച്ചാക്കു കൊണ്ട് അവന്റെ വായ് മൂടിക്കെട്ടി. മൂന്നാം പക്കം  ചക്ക പഴുപ്പിക്കാൻ കീറച്ചാക്കിനായി  ആരോ  അവന്റെ വായ്ക്കെട്ടഴിച്ചപ്പോൾ  അവൻ  ഹൃദ്യമായി      ചിരിച്ചു ,പഴുത്ത ചക്ക മുറിച്ചതു പോലെ..........!അവൻ എന്തോ മൊഴിഞ്ഞു, പാകപ്പെട്ട വാക്കുകൾ............! വാക്കിന് നല്ല തേൻ വരിക്കച്ചക്കയുടെ മാധുര്യം.......!   ആരോ പറയുന്നതു കേട്ടൂ- വാക്കും ചാക്കും ഒന്നല്ല എന്ന്...........!കീറച്ചാക്ക് കൊണ്ട് വാക്കും പഴുപ്പിക്കമെന്ന്..........!