പേജുകള്‍‌

Thursday, June 30, 2011

മറുമരുന്ന്

പതിവിനു വിപരീതമായി,അന്നയാൾ പ്രാതലടക്കമുള്ള  ആഹാരം പ്രകൃതി ഭോജന ശാലയിൽ നിന്നാണ് കഴിച്ചത് . ഉച്ച തിരിഞ്ഞപ്പോഴേ,കടുത്ത തലവേദനയും പനിയും ബാധിച്ച് അയാൾ അസ്വസ്ഥനായി.സ്ഥല കാല ബോധം പോലും നഷ്ടപ്പെട്ട് അയാൾ മരുന്നെന്നു കരുതി തപ്പിയെടുത്തത് ഏതോ കീട നാശിനിയായിരുന്നു.അതു കുടിച്ചതിനു ശേഷം അയാൾ ഒരിടത്തു ചെന്ന് ക്ഷമയോടെ കിടന്നു. പിന്നെ സാവധാനം ...............ചെന്നുചേർന്നത് മരണത്തിലേക്കല്ല........... സൌഖ്യത്തിലേക്കായിരുന്നു!

Wednesday, June 29, 2011

ഇപ്പോൾ കിട്ടിയത്

അച്ഛമ്മേടെ പുതിയ സംശയം:  ടീവിയിൽ നിന്നും ദിവസേനകേക്കുന്നല്ലോ മണിച്ചൻ .......മണിച്ചൻ .....എന്ന് ? എവ്ടേങ്കിലും പിന്നേം ഉണ്ടായോ  വിഷ മദ്യ ദുരന്തം?    പേരക്കുട്ടി പറഞ്ഞു: മണിച്ചനല്ല അച്ഛമ്മേ മണിചെയിനാ...........                                                                       “നീയെന്താ സ്റ്റാർ സിങ്ങറിലെ കൊച്ച് പറേമ്പോലെ പറേണത്?” എന്നായി അച്ഛമ്മ.

Tuesday, June 28, 2011

ദുരന്തം

യുവ നേതാവ് പ്രസംഗം കാച്ചുകയായിരുന്നു.   പ്രസംഗത്തിനിടെ -“1962ൽ ഇവിടെ എന്തു നടന്നുവെന്ന് ആരെങ്കിലും ആലോചിക്കാ‍റുണ്ടോ?” എന്ന് അയാൾ ചോദിച്ചതെല്ലാവർക്കും ഓർമ്മയുണ്ട്. പിന്നീട് കറന്റ്  പോയതു കൊണ്ട് പ്രസംഗം നിർത്തേണ്ടി വന്നു. ആൾക്കാരെല്ലാം പിരിഞ്ഞു പോയപ്പോഴും യുവ നേതാവിന്റെ അച്ഛൻ അവിടെത്തന്നെ ഇരുന്ന് ആലോചിച്ചു. 1962ൽ ഇവിടെന്ത് നടന്നു? ആലോചനയുടെ അവസാനം അയാളത് കണ്ടു പിടിക്കുക തന്നെ ചെയ്തു:“ആ വർഷമാണല്ലോ താൻ അവന്റെ അമ്മയെ കെട്ടിയത് ”

ആദ്യമുണ്ടായത്..........

കുളക്കരയിലിരുന്ന്  പ്രണയത്തിന്റെ കൈലേസു തുന്നുന്നതിനിടെ അവൻ അവളോട് ചോദിച്ചു:നിന്റെ കൈവിരലുകൾ എത്ര സോഫ്റ്റാ?                                           അവൾ പറഞ്ഞു: ഈ കരളിനൊപ്പം വരില്ല.                                                                                    അവൻ പറഞ്ഞു:ഓ അതു വെറുതെ .....ഈ കരളത്ര  സോഫ്റ്റൊന്നുമല്ല. ഇത്തിരി ഹാർഡാ. ഇതിത്തിരി സോഫ്റ്റാക്കാൻ ഒരു മരുന്നുണ്ട്.....  തരാമോ?                        അവൾ ചോദിച്ചു: അതെന്തു മരുന്ന്?                                                                                            അവൻ: ഉമ്മ                                             അവൾ:ശോ....സ്റ്റോക്കില്ല.                                                     അവൻ: ഒന്നു ശ്രമിക്കൂന്നേ.                                                    അവൾ: ശരി....ഈ ചോദ്യത്തിനുത്തരം തരൂ.........സോഫ്റ്റ് വേറോ ഹാഡ് വെയറോ ആദ്യം ഉണ്ടായത്?                       അവൻ കുഴങ്ങി :ഒരു ക്ലൂ തരുമോ?          അവൾ:ഊം...ഹും....ഇല്ല.                                                    പെട്ടെന്ന് കുളു കുളു ശബ്ദത്തോടെ കുളോപരിതലത്തിൽ ഒരു ആമ പൊങ്ങിവന്നു.                                               ആവേശത്തോടെ അവൻ പറഞ്ഞു: ഒരുമിച്ച്.....!                       അവൾ ചോദിച്ചു :ഒരുമിച്ചോ?                                                അവൻ പറഞ്ഞു: അതാ തെളിവ്....അവൻ ആമയെ അവൾക്ക് കാണിച്ചു കൊടുത്തു. ഇനി താ....                                             അവൾ ചോദിച്ചു :എന്ത്?                                                                                                                   ഇതു തന്നെ എന്നു പറഞ്ഞ് അവൻ അവളിൽ നിന്ന് ,ചോദിച്ചത്  ബലമായി എടുക്കുമ്പോൾ നാണിച്ച്, ഹാർഡ് വെയറിൽ പൊതിഞ്ഞ സോഫ്റ്റ് വെയറുമായി ആമ മുങ്ങി...........ബ്ലും

Monday, June 27, 2011

വിരലുകൾ

ചെക്കൻ പഠിക്കാൻ ജോറായിരുന്നു.അതു കണ്ട് നാട്ടുകാർ പറഞ്ഞു :മോനേ നീയൊരു മാഷാകുമെടാ......!ചെക്കൻ കണക്കിനായിരുന്നു കൂടുതൽ ജോറ്. കൈവിരലുകൾ കൊണ്ട്  കണക്കു കൂട്ടിക്കൂട്ടി അവൻ കണക്കിന്റെ കങ്കാണിയായി. ഒടുവിലവൻ ഒരു മാഷായി .ഒരു കണക്ക് മാഷ് .നാട്ടുകാർക്കും പിള്ളേർക്കും ഒരു സംശയവുമില്ലാത്ത വിധം കണക്കു പറഞ്ഞു കൊടുത്ത് മാഷ് ആളായതു കണ്ടപ്പോൾ ചിലർക്ക് കണക്കു കൂട്ടലുകൾ തെറ്റി .അവർ മാഷിന്റെ കണക്കു വിരലുകൾ വെട്ടിക്കളഞ്ഞു.  നാട്ടുകാരും പിള്ളേരും കരഞ്ഞപ്പോൾ മാഷ്  ചിരിച്ചു കൊണ്ട് പറഞ്ഞു: കണക്കുകൾ പിഴക്കുമ്പോൾ കൂട്ടുന്ന കണക്കുകളിൽ കണക്കുകൾ പെടുന്നില്ല. എനിക്ക് കണക്ക് കൂട്ടാൻ വിരലുകൾ വേണ്ടാതായിരിക്കുന്നു എന്ന കണക്ക്  കണക്കിൽ പെടാ‍ത്ത പുതിയ കണക്ക്! എന്റെ ഉയിരെടുക്കുമ്പോഴേക്കും എന്റെ കണക്കു കൂട്ടലിന്  ഞാൻ വേണ്ടാതായിരിക്കും!!

Saturday, June 25, 2011

അപരൻ

(ചുവന്നത് :വിധു.  നീല:ബ്ലോഗർ ഞാൻ)                                                                                                                                 ഞാൻ എഴുതാനിരുന്നു. പക്ഷെ എഴുത്തൊന്നും വന്നില്ല. പേനയിൽ മഷിയുണ്ട്. പക്ഷേ മനസ്സിൽ മൊഴി തീർന്നിരിക്കുന്നു.മൊഴികൾ റീ ചാർജ്ജ് ചെയ്യണം .അതിനുള്ള വഴികൾ റീഫില്ല് ചെയ്യണം. ശരി ഒന്നു കറങ്ങി വരാം. ബ്ലോഗിൽ കറക്കം തുടങ്ങിയപ്പോ അതാ അവിടെ ഒരാൾ ......“ഞാൻ” എന്ന പേരിൽ. ഞാൻ സൂക്ഷിച്ചു നോക്കി അതെ ഞാൻ തന്നെ.ഞാൻ! ദുഷ്ടൻ ! ഞാൻ എഴുതാൻ ഓങ്ങിയത് അതാ...ഞാൻ എഴുതിക്കഴിഞ്ഞിരിക്കുന്നു. ഞാൻ ഞാനായ നിമിഷത്തിൽ ഞാൻ ചിന്തിച്ചു ഞാനെന്തൊരു പൊട്ടനാ? അല്ല ഞാനിനി എന്തിനാ എഴുതുന്നത്? എഴുതാൻ ഞാനില്ലേ? ഞാനിനി ഞാനെഴുതിയതിന്റെ ക്രെഡിറ്റ് കൈക്കലാക്കിയാൽ മാത്രം മതി. പിന്നെ ഞാനെന്തെങ്കിലും എഴുതിയാൽ തന്നെ അതു കൊണ്ടുണ്ടാകുന്ന ദോഷം സഹിക്കാൻ ഞാനുണ്ടല്ലോ? ഞാൻ പോലീസിന്റെ പിടിയിലാകും.ഞാൻ വിലസും!ഹ ഹ! *****************************************************ഒക്കെയൊരു വെറും ഭ്രാന്തൻ സ്വപ്നങ്ങൾ . എഴുത്തു പിഴച്ചപ്പോൾ പോലീസ് വന്നപ്പോൾ ഞാൻ പിടിക്കപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു നോക്കി: അതെഴുതിയത്........ഞാനാ. പോലീസുകാർക്ക് സന്തോഷമായി:പ്രതി കുറ്റം സമ്മതിച്ചിരിക്കുന്നു. ഞാൻ വീണ്ടും പറഞ്ഞു നോക്കി: ഞാനല്ല അതെഴുതിയത്.........ഞാനാ...!  പോലീസുകാർക്ക് കൂടുതൽ സന്തോഷമായി .  പ്രതി പിച്ചും പേയും പറയുന്നതിനിടയിലും കുറ്റം ഏറ്റുപറയുന്നു.പോലീസുകാർക്കൊപ്പം പോകുമ്പോൾ ഞാൻ ബ്ലോഗിലേക്കൊന്നെത്തി നോക്കി........അതാ ഞാൻ ഇപ്പോഴും   അവിടിരുന്നെഴുതുന്നു.                                                                                     (ദുഷ്ടൻ എന്നത് കഥക്കൊരു രസത്തിനു വേണ്ടി മാത്രം പ്രയോഗിച്ച നിർദ്ദോഷമായി കാണേണ്ട വെറും വാക്ക് മാത്രം.ഞാനങ്ങനെ പറഞ്ഞെന്നു വച്ച് ഞാനത്ര ദുഷ്ടനൊന്നുമല്ല)

Friday, June 24, 2011

ദുർബ്ബല നിമിഷം

എന്തൊരു കാര്യം പറഞ്ഞാലും ചെക്കന്  ഒറ്റപ്പല്ലവിയേയുള്ളു.............സമയമില്ല- എന്നത്  ! അച്ഛനും അച്ചിയും ചെക്കനോട് തോറ്റിടത്ത് , ചെക്കന്റെ മാമൻ ഒരു ഐഡിയ മുന്നിലോട്ടിട്ടു. ചെക്കനൊരു വാച്ച് വാങ്ങിക്കൊടുക്കുക ! അപ്പോൾ സമയമുണ്ടാകുമല്ലോ?      അങ്ങനെ മാമനവനൊരു വാച്ച് വാങ്ങിക്കൊടുത്തു. നൈറ്റ് വാച്ച്മാനായി ജോലി കിട്ടിയ അവൻ രാത്രി വാച്ചും കെട്ടി ജോലിസ്ഥലത്ത്  കറങ്ങി നടന്നു. ഒരു രാത്രിയിൽ അവൻ ഒരു യക്ഷിയെ പരിചയപ്പെട്ടു. അവൾ കൈ മാടി വിളിച്ചപ്പോൾ അവന് സമയമില്ലെന്ന് പറയാൻ പറ്റിയില്ല ‌- ........വാച്ചിരിക്കുകയല്ലേ കൈയിൽ!  അധികം വൈകാതെ യക്ഷി പ്രഗ്നിണിയായി. അച്ഛനും അച്ചിയും ചെക്കനെ വിചാരണ ചെയ്തപ്പോൾ അവൻ പറഞ്ഞു “പറ്റിപ്പോയച്ഛാ..........ഒരു ദുർബ്ബല നിമിഷത്തിൽ ഞാൻ .......എന്നെ ..........ങ്ഹി.....ങ്ഹി..ങ്ഹീ........ ചെക്കൻ കരയാൻ തുടങ്ങി.      അച്ഛൻ പറഞ്ഞു:   അപ്പോൾ അതാണല്ലേ കാര്യം? നിന്നെയല്ല  നിന്റെ മാമനിട്ടാ രണ്ടെണ്ണം പൊട്ടിക്കേണ്ടത് .തല്ലിപ്പൊളി വാച്ച് വാങ്ങിയതു കൊണ്ടല്ലേ ദുർബ്ബല നിമിഷമുണ്ടായത്?       എടീ ........അയാൾ വൈഫിനെ വിളിച്ചു .എവിടേടീ  നിന്റെ ഇറ്ക്കീസൻ  ആങ്ങള..........? 

Thursday, June 23, 2011

ബ്ലോഗ് ചായക്കട


കിട്ടൻ......!                                                       ആ ചായക്കടയുടെ ഉടമ,                     പാചകക്കാരൻ, സപ്ലയർ,തൂപ്പുകാരൻ,ക്യാഷ്യർ!                     ചായ പല വിധം,   കിട്ടൻഒരുവിധം........ചായക്കടയിൽ വന്നവർ കമന്റുകളിട്ടു- കിട്ടാ കട്ടനു കടുപ്പം പോരാ.....,  കിട്ടാ ചായക്കു ചൂട്   കുറവ്....., കിട്ടാ വിത്തൌട്ട്  ചായക്ക്  പറഞ്ഞിട്ട് ഇതെന്താമധുരമില്ലാത്ത ചായ?        കിട്ടന്റെ മറുമൊഴികൾ കാക്കാതെ ആളുകൾ കടയൊഴിഞ്ഞു.               ചായക്കട  കൊണ്ട് കിട്ടന്  കാര്യമൊന്നുമില്ല!                             *******                                     ഞാൻ.........!                 ഈബ്ലോഗിന്റെഉടമ, എഴുത്തുകാരൻ,എഡിറ്റർ, പബ്ലിഷർ,അനുവാചകൻ,        നിരൂപകൻ. ബ്ലോഗിൽവന്നവർകമന്റുകളിട്ടു‌‌ - മാഷേതുടക്കംപാളിപക്ഷേ ഒടുക്കംനന്നായില്ല.........,  മാഷെആശയംമോശമാണെങ്കിലും പോസ്റ്റ്തല്ലിപ്പൊളിയായിപ്പോയി. വരികൾക്ക് നീളം കുറവാണെങ്കിലും       കവിത ചെറുതായിപ്പോയി.                 ഞാൻ വെറുതെ കിട്ടനെ ഓർത്തപ്പോൾ കിട്ടൻ ഒരാവശ്യത്തിന് എന്നെ ഓർത്തു. ചായക്കടക്ക് ഒരു പേര് വേണം പോലും. ആലോചിക്കാതെ പറഞ്ഞ പേര് കിട്ടന്, കളഞ്ഞു പോയ കിണ്ണം കിട്ടിയതു പോലെ. ആളുകൾ ഇപ്പോൾ പറയുന്നത്: “ഏതായാലും ഇത്ര വരെയായില്ലേ?     ഇനി കിട്ടന്റെ ബ്ലോഗിൽ പോയി ഒരു  ചായ കുടിക്കാം”

Wednesday, June 22, 2011

ബൈക്കോപ്പതി അഥവാ നൂതന പുത്രകാമേഷ്ടി

(കാര്യത്തിലെടുക്കല്ലേ..............കോടതീൽ പോകാൻ നേരല്ല്യ!)                                                                                   മംഗലം കഴിഞ്ഞിട്ട് നാളേറെയായെങ്കിലും അവർക്ക് വിജയ പീഠത്തിലേറാനായില്ല. ട്രോഫി കിട്ടീല്ലാന്ന്.......! അലോപ്പതിയും, ഹോമിയോപ്പതിയും, ലോക്കലോപ്പതിയുമെല്ലാം പതിയും പത്നിയും ഒറ്റക്കും കൂട്ടായും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ട സമയത്താണ് അയൽ പക്കത്തെ പെണ്ണിന്റെ മംഗലം ശടേന്നങ്ങ് കഴിഞ്ഞത്. മംഗലം കഴിഞ്ഞ് ഒരു മാസമായപ്പോൾ “ഓളും പുരുവനും” കൂടി ബൈക്കിൽ പോകുമ്പോൾ ബൈക്ക് മറിഞ്ഞു;രണ്ടാളും വീണു. ആസ്പത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞു:കുട്ടി മൂന്നു മാസം പ്രെഗ്നിണിയാണെന്ന്. ഇതറിഞ്ഞ നമ്മുടെ ആദ്യത്തെ ദമ്പതികളുടെ വീട്ടിൽ പൊരിഞ്ഞ ആലോചന നടന്നു. “ഇനിഎത്രയുംവേഗം നമ്മുടെ പിള്ളേർക്കും   ബൈക്ക് വാങ്ങിക്കൊടുക്കുക തന്നെ.”

Tuesday, June 21, 2011

അറിയാതെ.........

അറിയാതെയറിയാതെയറിവിൻ തുരുത്തും                                                                                               കടലെടുത്തെന്നാര്കളി പറഞ്ഞൂ..............?                                                                                                                          കളിയല്ല കളിയല്ലറിവിൻ തുരുത്തുകൾ                                                                                                                                     പൊടി ബാക്കി വയ്ക്കാതെ കടലെടുത്തൂ..............!                                                                        അറിവെടുത്തൂ,തിരിച്ചറിവെടുത്തൂ പിന്നെ-                                                                                                                           യലിവിൻ പ്രവാഹവും തിരയെടുത്തൂ                                                                                                                  തിരതിരിച്ചെറിയുന്നു ശൂന്യമാം ഭൂവിലീ                                                                                                                                     നാറുന്ന പുതുമയുടെ ചവറുമാത്രം                                                                                    അറിവുംവിവേകവുംതിരികെയെടുക്കുവാൻ                                                                                    മത്സ്യമോകൂർമ്മമോഅവതരിച്ചോ.............?                                                                         മോശമല്ലാതൊരുപെട്ടകത്തിൽതെല്ലൊ-                                                                                       രറിവിന്റെവിത്താരോകാത്തുവച്ചോ.............?                                                                                                        കടലിറങ്ങുമ്പോളറിവിൻഒലീവില-                                                                                                                       ത്തെളിവുമായ് വെൺപ്രാവുവന്നീടുമോ..?                                                                        അരയാൽതളിരിലത്തോണിയിൽപെരുമാള്                                                                                                               അറിവിന്റെ പിറവി തൻ നിറവാകുമോ...?

അവൾ ഒരു തമാശക്കാരി

(വെറും തമാശയാണേ....................യ്)                               അവൾക്ക് രണ്ട് ഭർത്താക്കൻ മാരുണ്ടായിരുന്നു. ഒരാൾ ഡ്രൈവറായിരുന്നു. അയാൾ വെള്ളമടിച്ച് വണ്ടിയോടിച്ച് ആക്സിഡന്റായപ്പോൾ അവൾ പറഞ്ഞു:ഡോൺ’ട് മിക്സ് ഡ്രിങ്ക് വിത്ത് ഡ്രൈവ്.                മറ്റെ പുയ്യാപ്ല പെയിന്ററായിരുന്നു.അയാൾ വെള്ളമടിച്ച് പെയിന്റടിക്കുമ്പോൾ കെട്ടിടത്തിൽ നിന്നു വീണപ്പോൾ അവൾ പറഞ്ഞു. ഡോൺ’ട് മിക്സ് പൈന്റ് വിത്ത് പെയിന്റ്

Monday, June 20, 2011

ചാറ്റ് മീൻ

കടാലിൽ മീൻ പിടിക്കാൻ പോകുന്ന അച്ഛനോട് മകൾ പറഞ്ഞു. അച്ഛാ മറക്കല്ലേ.... കമ്പ്യൂട്ടർ. മോള് കുറെ നാളായി പറയുന്നു , കമ്പ്യൂട്ടർ വാങ്ങിക്കൊടുക്കാൻ . അവൾക്ക് വീട്ടിലിരുന്ന് ചാറ്റണം പോലും. അവൾ ചാറ്റട്ടെ.വീട്ടിലിരുന്നു തന്നെ ചാറ്റട്ടെ.  അയാൾ  കടലമ്മയോട്  റിക്വസ്റ്റ് ചെയ്തു. എന്റെ പൊന്നു കടലമ്മച്ചീ. ഒന്നഡ്ജസ്റ്റ് ചെയ്യ്.ഒരു കമ്പ്യൂട്ടറിനുള്ള കോള്  ഒപ്പിച്ചു താ. എല്ലാ ദിവസവും കിട്ടുന്നതിൽ ഒരു വീതം തിരിച്ചു തന്ന് ഞാൻ കടം വീട്ടിക്കൊള്ളാം. ഒരു കൊമ്പനെ കിട്ടണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്   പ്രതീക്ഷയോടെ വല വലിച്ച മുക്കുവൻ പെട്ടെന്ന് തളർന്നു പോയി .വല ശൂന്യമാണല്ലോ കടലമ്മച്ചീ...........എന്നാലും എന്നോടീ ചതി...............  വല മടക്കുമ്പോൾ  ഒരു ചെറിയ പെട്ടി  അയാളുടെ കണ്ണിൽ പെട്ടു . സൂക്ഷിച്ച് നോക്കിയപ്പോൾ  അയാൾ ഞെട്ടി. ഒരു ലാപ്ടോപ് കമ്പ്യൂട്ടർ!! കൊമ്പനു പകരം കോമ്പാക്ക്!. അയാൾക്ക് വല്ലാത്ത തന്തോഴം തോന്നി. കമ്പ്യൂട്ടറുമായി വീട്ടിലേക്കോടിയ  അയാൾ മുറ്റത്തെത്തും മുൻപേ മോളെ വിളിച്ചു .“ മുത്തേ. ദേ  നീ കണ്ടാ ...... അച്ഛൻ കമ്പ്യൂട്ടർ കൊണ്ട് വന്നെന്ന് .......എറങ്ങി വാ മകാളേ.......... മകളെ കാണാത്തതു കൊണ്ട് അയാൾ കമ്പ്യൂട്ടർ മേശപ്പുറത്ത് വച്ച്  അടുക്കളയിൽ കയറി ഒരു കോപ്പ കഞ്ഞിവെള്ളമെടുത്തു കുടിച്ചു. മകൾ വരാൻ പിന്നെയും  വൈകിയപ്പോൾ അയാൾ വെറുതെ ഒരു രസത്തിന്  കമ്പ്യൂട്ടറിൽ ക്ലിക്കാനും  ബ്രൌസാനും മറ്റും തുടങ്ങി. സ്ക്രീനിൽ തെളിഞ്ഞ ചിത്രം അയാളെ ഞെട്ടിച്ചു. കുറെ ചെറുപ്പക്കാർ വലയിൽ കുരുങ്ങി ചത്തിരിക്കുന്നു. അതിലൊന്നിന്റെ മേലെ “വിറൽ” തൊട്ടപ്പോൾ ആ ജഡം  കുറെ വലുതായി കണ്ടു .ചാറ്റു മീനുകൾ കൊത്തിത്തിന്ന് വികൃതമാക്കിയതെങ്കിലും ആ മുഖം തിരിച്ചറിഞ്ഞ് അയാൾ അലറിക്കരഞ്ഞു........“ മോളേ”...........

Saturday, June 18, 2011

കാണിക്ക

ഇഷ്ട ദേവതയുടെ പ്രീതിക്കായി അയാൾ ദേവീ ക്ഷേത്രത്തിന്റെ വാതിലിൽ മുട്ടി.അയാൾ കാണിക്കയായി  വച്ച അടക്കാക്കുലയിൽ തൃപ്തയാകാതെ ദേവി പറഞ്ഞു:തേങ്ങാക്കുല കൊണ്ടു വരൂ.  ഭക്തൻ  വളരെ വേഗം തന്നെ തേങ്ങാക്കുല കൊണ്ടുവന്നിട്ട്  അപേക്ഷിച്ചു:ദേവീ പ്രസാദിക്കൂ.........  ദേവി പറഞ്ഞു: വാഴക്കുല കൊണ്ടുവരൂ.    ഭക്തൻ കൊണ്ടു കൊടുത്തതൊന്നും പോരാതെ ,ദേവി ഭക്തനെ അവഗണിച്ചപ്പോൾ ഭക്തൻ നിരാശനായി അയാൾ തലകുനിച്ച് തിരിച്ചു നടന്നു. മാർഗമദ്ധ്യേ അയാൾ ഒരു അശരീരി കേട്ടു :ആയിരം വാഴക്കുലകൾക്ക് പകരം ഒരു കോഴിത്തല.........ആയിരം കോഴിത്തലകൾക്ക് പകരം ഒരു  ആട്ടിൻ തല...........ആയിരം ആട്ടിൻ തലകൾക്ക് പകരം ഒരു മനുഷ്യത്തല...........!   എന്തിനധികം! അയാൾ തീരുമാനിച്ചു മനുഷ്യത്തല തന്നെ കാണിക്ക വയ്ക്കുക !   അയാൾ ആരാച്ചാരെ കണ്ട് സങ്കടം പറഞ്ഞു: എന്റെ ആയുസ്സിൽ പാതി തരാം എനിക്കൊരു മനുഷ്യത്തല കൊണ്ടുവന്ന് തരൂ...........പാതി ആയുസ്സ്  തന്നിലേക്കാവാഹിച്ച്  ആരാച്ചാർ അയാൾക്കൊരു മനുഷ്യത്തല കൊണ്ടു വന്ന് കൊടുത്തു. മറ്റൊന്നിനും കാത്തിരിക്കാതെ അയാൾ ആ മനുഷ്യത്തല പൊതിഞ്ഞ ഭാണ്ഡവുമായി ദേവീ ക്ഷേത്രതിലേക്കോടി .ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് അയാൾ  ദേവിയുടെ പാദങ്ങളിലേക്ക് കമഴ്ന്ന് വീണു : ദേവീ  ...ഇനിയെങ്കിലും.....ഈ ഭക്തനിൽ പ്രീതയാകൂ.   ദേവിയിൽ നിന്ന്  പ്രതികരണമില്ലാതെ വന്നപ്പോൾ അയാൾ ശിരസ്സുയർത്തി ദേവിയെ നോക്കി.........ദേവിക്ക് ശിരസ്സില്ലായിരുന്നു........! താൻ കൊണ്ടു വന്ന ഭാണ്ഡത്തിൽ ദേവിയുടെ  ചൈതന്യം ചോർന്ന തല കണ്ട് അയാൾ ഞെട്ടി...........അയാൾ ക്ഷേത്രത്തിനു പുറത്തിറങ്ങി ആരാച്ചാരുടെ അടുത്തേക്കോടി .     ആരാച്ചാരേ   ..........എടുത്തോളൂ .......എന്റെ ബാക്കി പകുതി ആയുസ്സു കൂടി............   

Friday, June 17, 2011

പുകയില്ലാത്ത അടുപ്പ്.

 പുകയില്ലാത്ത അടുപ്പുകൾ കടാപ്പൊറ വാസികളെ പരിചയപ്പെടുത്താൻ കഴുത്തിൽ കോണകം കെട്ടിയ ചില ചെറുപ്പക്കാർ ആ കടാപ്പൊറത്തെത്തി! ഒരു കുടിലിനു മുൻപിൽ മടക്കി വച്ചതു പോലെ കുന്തിച്ചിരിക്കുന്ന ഒരു വൃദ്ധനോട്  ചെറുപ്പക്കാരിലൊരാൾ പറഞ്ഞു: ഈ വീട്ടിലേക്കൊരു പുതിയ പുകയില്ലാത്ത അടുപ്പ് ഫിറ്റ് ചെയ്ത് തരട്ടേ...........?                       വൃദ്ധൻ പറഞ്ഞു:  വേണ്ട ഇവിടെയിപ്പോൾ പുകയില്ലാത്ത അടുപ്പുണ്ട്.  ഈ ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും ഉണ്ട് പുകയില്ലാത്ത അടുപ്പുകൾ. കുട്ടികൾ പൊയ്ക്കൊള്ളൂ......                                  പക്ഷേ ചെറുപ്പക്കാർ വിട്ടില്ല:  “ഒന്നു കാണാമോ?                       വൃദ്ധൻ സമ്മതിച്ചു. അയാൾ  കാണിച്ച്  കൊടുത്ത  സാധാരണ  അടുപ്പ്  കണ്ട്  ചെറുപ്പക്കാർ പരസ്പരം നോക്കി  ഒരാൾ ചോദിച്ചു:    ഇത് സാധാരണ പുകയുള്ള അടുപ്പല്ലേ...? വൃദ്ധൻ പറഞ്ഞു:    ആയിരുന്നു. ഇപ്പോൾ അല്ല . കാരണം, ഇതിൽ തീ കത്താതെയായിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. തീയില്ലാതെന്തു പുക? മക്കൾ പൊയ്ക്കൊള്ളൂ.....

Thursday, June 16, 2011

പാലം കുലുങ്ങും...............!!!

അത് ഒരു തുരുത്തായിരുന്നു. ഏറെ പാവങ്ങൾ അധിവസിക്കുന്ന ഒരു കൊച്ചു തുരുത്ത്. തുരുത്തിലെ നിവാസികൾക്ക്  ചുറ്റുമുള്ള വെള്ളത്തിനപ്പുറത്തെ വിഭവ സമൃദ്ധമായ കരയിലേക്ക്  പോകാൻ ഭയമായിരുന്നു. അക്കരേക്കുള്ള പാലം കുലുങ്ങും എന്ന ഭയം! ഒരു ദിവസം ആ തുരുത്തിലേക്ക് എവിടെ നിന്നോ ഒരു കേളൻ വന്നു. ദാരിദ്ര്യത്തിൽ ഉഴലുന്ന തുരുത്ത് നിവാസികളോട് അക്കരേക്ക് പോയി സമൃദ്ധി നുകരാൻ കേളൻ ആജ്ഞാപിച്ചു. കേളൻ പകർന്ന ആത്മവിശ്വാസത്തിലും, ധൈര്യത്തിലും അവരെല്ലാം അക്കരെ ചെന്ന് സമൃദ്ധി നുകർന്നു. തുരുത്തിലെ ഇല്ലായ്മയെ മുതലെടുക്കാൻ  തുരുത്തിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്ന കച്ചവടക്കാർ കണ്ടെത്തിയ സൂത്രമാണ്  പാലം കുലുങ്ങും എന്ന തട്ടിപ്പെന്ന് കേളൻ  തുരുത്തു നിവാസികളെ  ധരിപ്പിച്ചു. അക്കരെ ചെന്ന് സമൃദ്ധി നുകർന്നതിന്റെ  ഒന്നാം ദിവസം തുരുത്തു നിവാസികൾ  ഉറങ്ങിയത്  രാവേറെ ചെന്നതിനു ശേഷമായിരുന്നു.പിറ്റേന്നു കാലത്ത് സമൃദ്ധിനുകരാൻ അക്കരേക്കു പോകാൻ പാലത്തിനടുത്തെത്തിയ തുരുത്തു നിവാസികൾ തരിച്ച് നിന്നുപോയി..............പാലത്തിലതാ കേളന്റെ ചേതനയറ്റ    ശിരസ്സ് .......! ഒപ്പം ഒരു ബോർഡും-“പാലം കുലുങ്ങും”

വേദാന്തം

പാതയോരത്ത് ഒരാൾ തളർന്നിരിക്കുന്നു
ആവഴി വന്ന വേദാന്തി അയാളോട് വേദാന്തം ഓതാൻ തുടങ്ങി
അയാൾ വേദാന്തിയോട് തളർന്ന സ്വരത്തിൽ പറഞ്ഞു:
വിശന്ന വയറിൽ വേദാന്തം വേവില്ല
വേദാന്തി അയാൾക്ക്  അന്നം നൽകിയിട്ട് വീണ്ടും വേദാന്തം ഓതാൻ തുടങ്ങി
അയാൾ വേദാന്തിയോട് അലസമായി പറഞ്ഞു:
നിറഞ്ഞ വയറിൽ വേദാന്തം ദഹിക്കില്ല-
അയാൾ ഉറങ്ങാൻ കിടന്നു
വേദാന്തി അയാളെ വിട്ട് നടന്നകന്നു-പുതുതായി പഠിച്ച വേദാന്തവുമായി......!

പണിക്കുറ്റംരാജേന്ദ്രനും ഗജേന്ദ്രനും അദ്ദേഹത്തിന്റെ പണിക്കാരായിരുന്നു
രാജേന്ദ്രന്‍ പണിയൊന്നും ചെയ്യാതെ മേശയില്‍ തല വച്ച് കട വായിലൂടെ
 ചാറൊലിപ്പിച്ച് അങ്ങനെ കിടക്കും
ഗജേന്ദ്രന്‍ രണ്ടു പേരുടെയും പണി ചെയ്യും
ഒരു ദിവസം മുതലാളി ഗജേന്ദ്രന്‌ ഒരു നോട്ടീസ് നല്‍കി.
നോട്ടീസ് വായിച്ച ഗജേന്ദ്രന്‍ ഉള്ളു കാളി ദൈവത്തെ വിളിച്ചു:"പണി കിട്ടിയല്ലോ,ദൈവേ"
താന്‍ ചെയ്ത പണികളുടെ കുറ്റങ്ങള്‍ നിരത്തിയ നോട്ടീസുമായി
 അയാള്‍ രാജേന്ദ്രനെ ദയനീയമായി നോക്കി
രാജേന്ദ്രന്‍ ശാന്തനായി ഉറങ്ങുന്നു.............
ചാറുമൊലിപ്പിച്ചുകൊണ്ട് .....!

പണിക്കുറ്റംരാജേന്ദ്രനും ഗജേന്ദ്രനും അദ്ദേഹത്തിന്റെ പണിക്കാരായിരുന്നു
രാജേന്ദ്രൻപണിയൊന്നും ചെയ്യാതെ മേശയിൽ തല വച്ച് കട വായിലൂടെ
 ചാറൊലിപ്പിച്ച് അങ്ങനെ കിടക്കും
ഗജേന്ദ്രൻ രണ്ടു പേരുടെയും പണി ചെയ്യും
ഒരു ദിവസം മുതലാളി ഗജേന്ദ്രന്‌ ഒരു നോട്ടീസ് നല്‍കി.
നോട്ടീസ് വായിച്ച ഗജേന്ദ്രൻ  ഉള്ളു കാളി ദൈവത്തെ വിളിച്ചു:"പണി കിട്ടിയല്ലോ,ദൈവേ"
താൻ ചെയ്ത പണികളുടെ കുറ്റങ്ങൾ നിരത്തിയ നോട്ടീസുമായി
 അയാൾ രാജേന്ദ്രനെ ദയനീയമായി നോക്കി
രാജേന്ദ്രൻ ശാന്തനായി ഉറങ്ങുന്നു.............
ചാറുമൊലിപ്പിച്ചുകൊണ്ട് .....!

Wednesday, June 15, 2011

ഒരു ചെറിയ ഹ ഹ ഹാ............!

വിറകു വെട്ടുമ്പോൾ  കോടാലി പുഴയിൽ വീണ വകയിൽ ജല ദേവതയിൽ നിന്നും മൂന്ന് കോടലികൾ കിട്ടിയ രാമേട്ടനെ ഇന്റർവ്യൂ ചെയ്ത പത്രക്കാരിയുടെ “കോടാലിക്ക് പകരം ചേട്ടന്റെ ഭാര്യയായിരുന്നു വെള്ളത്തിൽ വീണിരുന്നതെങ്കിൽ ചേട്ടൻ എന്തു ചെയ്യുമായിരുന്നു” എന്ന ചോദ്യത്തിന് രാമേട്ടൻ കൊടുത്ത  മറുമൊഴി-“ആ കോടാലി പോട്ടെന്നു വയ്ക്കും..........അല്ല പിന്നെ”  എന്നായിരുന്നു.........!

Tuesday, June 14, 2011

പേറ്റന്റ്

വിദേശക്കുത്തകക്കമ്പനിയിൽ നിന്ന് വിത്ത് വാങ്ങി അയാൾ കൃഷിയിറക്കി.
ആദ്യവർഷം:നല്ല ലാഭം
രണ്ടാം വർഷം:പേരിനുമാത്രം ലാഭം
മൂന്നാം വർഷം:ലാഭമില്ല;നഷ്ടവും
നാലാം വർഷം: നഷ്ടം  വന്ന് അയാൾ കുത്തു പാളയെടുത്തു..........!
കുത്തുപാളയെടുത്തതിന്റെ പേരിൽ ചിലർ അയാളെ പൊക്കി
കുത്തു പാളയുടെ പേറ്റന്റ് അവർക്കായിരുന്നുവത്രേ............!!!


Monday, June 13, 2011

വല

അവനെ വീഴ്ത്താൻ അവൾ വിരിച്ച പ്രണയ വലയിൽ                   അവൻ വീണു. അവളെ വീഴ്ത്താൻ അവൻ വിരിച്ച പ്രണയ  വലയിൽ      അവളും വീണു.ഇനിയെന്തിനു രണ്ടു വലകൾ?   രണ്ടു പ്രണയ വലകളും  ഒരുമിച്ചു  ചേർത്ത്  അവരതൊരു പരിണയ വലയാക്കി. പരിണയത്തോടെ പ്രണയംവറ്റി.......!പിന്നെ  അവർ  പുറന്തിരിഞ്ഞിരുന്നു. പരിണയ വലയിലെ  ഉറപ്പേറിയ നിയമത്തിന്റെ  കണ്ണികളിൽ......!!!                                                                              

Saturday, June 11, 2011

വ്യർത്ഥം


പടിഞ്ഞാറൻ കടലിന്റെ വെല്ലു വിളി സ്വീകരിച്ച് അയാൾ കടലിൽ ചാടി 
തിര മുറിച്ച് നീന്തി-പടിഞ്ഞാറൻ തീരത്തേക്ക് !
പടിഞ്ഞാറെ തീരത്തേക്കു കയറി വരുന്ന അയാളെ നോക്കി ഒരു 
പടിഞ്ഞാറൻ വ്യദ്ധൻ ചോദിച്ചു:കിഴക്കേ
കടൽ നീന്തി വന്നവനേ,കിഴക്കന്മാർ ഇപ്പോഴും കിഴങ്ങത്തരം നിർത്തിയിട്ടില്ല അല്ലേ?
എന്തോ ചിലത് കടലിലെറിഞ്ഞ് ആ വ്യദ്ധൻ ഒരു പരിഹാസച്ചിരിയോടെ തിരിഞ്ഞു നടന്നു
വ്യദ്ധൻ പോയപ്പോൾ അയാൾ കിഴക്കോട്ടു  നോക്കി
കിഴക്കേ കടൽ....!
തിരകളില്ലാതെ.....!!
തിരക്കുകളില്ലാതെ....!!!
തീരത്തോട് മത്സരമില്ലാതെ..!!!!

Friday, June 10, 2011

മൂന്നിൽ ബാക്കിയായത് -(ജലനയം)

മുൻ കുറിപ്പ് :
ഇത് ദാഹം എന്ന കഥയുടെ അനിയനാണ്‌.ഇതു വായിക്കുന്നതിനു മുൻപ് "ദാഹം" വായിക്കണമെന്നില്ല. നിർബന്ധമാണേൽ മേൽ വരിയിലെ  ദാഹം എന്നിടത്ത്  ക്ലിക്കൂ)


ദൈവം വല്ലപ്പോഴും ഭൂമിയിൽ വന്നു പോകാറുണ്ട്. 
പോകുന്ന കൂട്ടത്തിൽ മനുഷ്യരിൽ നിന്നും എന്തെങ്കിലും ചില ഐഡിയകൾ അടിച്ചുമാറ്റുകയും ചെയ്യും.  അവസാനത്തെ തവണ ദൈവം  വന്നു പോയതിനു ശേഷം ആകാശത്ത് ഒരൊറ്റപ്പീസ് കാർ മേഘങ്ങളും ഹാജരായില്ല.
ആക്ച്ച്വലി എന്താപ്പാ പ്രശ്നം എന്ന് ശാസ്ത്രജ്ഞർ കണ്ണാടി ഭൂതങ്ങളുടെ സഹായത്താൽ  ഗവേഷിച്ചും നിരീക്ഷിച്ചും നോക്കി
അപ്പോഴല്ലേ കാര്യം പുടികിട്ടിയത്! മണ്ണിലേക്ക് മഴയായി പെയ്യേണ്ട ജലമെല്ലാം മിനറൽ വാട്ടറാക്കി കുപ്പിയിൽ സൂക്ഷിച്ചിരിക്കുന്നു!!!
കുപ്പിക്കു പുറത്തെ ലേബലിൽ  ഇങ്ങനെ എഴുതി വച്ചിരുന്നു-                        "strictly not for earth"
വാട്ട് ഏൻ ഐഡിയാ ഗോഡ്ജീ........!


സസ്നേഹം  വിധു 
(അഭിപ്രായം കാച്ചാൻ മറക്കല്ലേ)

തെറ്റ്

വിഷണ്ണനായി മണ്ണിൽ കിടക്കുന്ന പട്ടിയോട് കാക്കക്കൂട്ടിലിരുന്ന്കുയിൽ ചോദിച്ചു :                                                                           എന്തു പറ്റി ചങ്ങാതീ ?                                                                              പട്ടി പറഞ്ഞു: ആയിരം ശരികൾ  യജമാന് വേണ്ടി ചെയ്ത എന്നെ ,അറിയാതെ പറ്റിയ തെറ്റിന്റെ പേരിൽ അയാൾ പുറത്താക്കി.                                                                                     കുയിൽ പറഞ്ഞു: നീ പറഞ്ഞ ആയിരം ശരികളാണ് നീ ചെയ്ത വലിയ തെറ്റ്;നീ തെറ്റെന്നു പറഞ്ഞതെന്തോ-അതാണ് നീ ചെയ്ത ആദ്യത്തെ ശരി!!                                                                         കാക്കക്കൂട്ടിൽ മുട്ടയിട്ട ശേഷം കുയിൽ പറന്നു പോയി.         കുയിലിന്റെ മുട്ടക്ക് അടയിരിക്കൻ എത്തിയ കാക്കച്ചിയുടെ കുശലം പറച്ചിൽ ഗൌനിക്കാതെ പട്ടി നടന്നു മറഞ്ഞു

Thursday, June 09, 2011

“അട്ട“ഹാസം.......!

വികസന പക്ഷക്കാരുടെ കണ്ണിലെ കരടായ ചതുപ്പു നിലം നികത്തിയാണ് ആ ഗ്രാമത്തിൽ ഒരു മെത്തയുണ്ടാക്കുന്ന കമ്പനി സ്ഥാപിച്ചത്. ചതുപ്പു നികത്തിയപ്പോൾ  കിടപ്പാടം നഷ്ടമായ ഒരു അട്ട പുനരധിവാസത്തിനായി സർക്കാരിന് പരാതി നല്കി. പരാതി പരിഗണിച്ചു കൊണ്ട് സർക്കാർ നിർദ്ദേശിച്ച  പരിഹാരം അട്ടക്കൊരു മെത്ത നല്കുക എനതായിരുന്നു. ഫ്രീയായിക്കിട്ടിയ മെത്തയിൽ കിടന്ന്  പുറം വേദനിച്ച അട്ട ഡോക്ടർക്ക് ഫോൺ ചെയ്യാനായി ഒരുങ്ങുമ്പോൾ പോസ്റ്റ് മാൻ  വന്നു പറഞ്ഞു.“ഒരു കത്തുണ്ട്“                                                                                                                                                               “അഭിനന്ദനങ്ങൾ.......!!  ഞങ്ങളേർപ്പെടുത്തിയ സ്പെഷ്യൽ  സ്കീമിൽ    താങ്കൾ ഞങ്ങളിൽ നിന്നും വാങ്ങിയ    മെത്തക്ക് ഏർപ്പെടുത്തിയ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനം താങ്കൾക്കാണ്. ചൂടിൽ നിന്നും രക്ഷ നേടാനായി  ഒരു എയർ  കണ്ടീഷ്ണർ, ............എന്ന കത്തിലെ വരികൾ വായിച്ച് ,.......നടു വേദനമറന്ന്   അട്ട പൊട്ടിച്ചിരിച്ചു............. അ.........ട്ട..........ട്ട..........ട്ട.........ട്ട..........ട്ടാ.........

Tuesday, June 07, 2011

നാളത്തെ കഥകള്‍ക്ക് ഒരു പരസ്യം...ഒപ്പം ഒരു മത്സരവും....!


നാളെ ഞാന്‍ എഴുതാന്‍ പോകുന്ന കഥകളുടെ       പ്രമേയങ്ങള്‍ താഴെ കൊടുക്കുന്നു.

1)അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തുന്ന പുതിയ വികസന പരിപ്രേക്ഷ്യം-കഥയുടെ പേര്‍ അട്ടഹാസം
2പ്രണയ കാലത്തിനപ്പുറം പരിണയ കാലത്ത് പ്രണയം വറ്റിയ ദമ്പതികളുടെ കഥ-കഥയടെ പേര്‍ വല!(വെറും ആറ് വരികള്‍ മാത്രം)
3)പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്റെ വിപ്ലവാനന്തര രക്ത സാക്ഷിത്വത്തിന്റെ കഥ-പാലം കുലുങ്ങും(കൂടിയാല്‍ പത്ത് വരി)
4)തന്റെ ആരാധനാ മൂര്‍ത്തിയെ പ്രീതയാക്കാന്‍ അതേ മൂര്‍ത്തിയുടെ ശിരസ്സ് കാണിക്ക വയ്ക്കേണ്ടിവന്ന നിര്‍ഭാഗ്യവാനായ ഭക്തന്റെ കഥ -കാണിക്ക(പത്തു പതിനഞ്ചു വരി കാണും)
5വികസനത്തിനു ഭൂമി പോരാതെ കടലിലേക്കെറിയാന്‍ മഴുവെറിയാന്‍ പുതിയപരശു രാമനെ തപസ്സുചെയ്ത കേരളം .......(പേരിട്ടിട്ടില്ല............പത്തു വരിയില്‍ കുറവ്)
ഈ കഥകള്‍  നിങ്ങള്‍ക്കെഴുതാമോ? തീം ഫ്രീ........ഒന്നു ശ്രമിച്ചു നോക്കൂ. എന്നിട്ട് ഞാനെഴുതുന്നത്
വായിച്ചു നോക്കൂ..........(നിങ്ങളുടെ കഥകള്‍ ഇന്ന് തന്നെ എനിക്ക് മെയില്‍ ചെയ്യുമല്ലോ?)
കഥകളുമായി നാളെ കാണാം.............സസ്നേഹം.....വിധു

ശിശുദിനം


ശിശുദിനത്തിന്‌ നഗരത്തിലെ ക്ലബ്ബ് ഒരു ചാരിട്ടബിള്‍ പ്രവ്യത്തി ആസൂത്രണം ചെയ്തു.
തെരുവു പിള്ളേര്‍ക്കെല്ലാം ഓരോ കുപ്പി ടോണിക്ക് നല്‍കുക!
ധാരാളം പിള്ളേര്‍ പിടിക്കപ്പെട്ടു
ധാരാളം പേര്‍ പ്രസംഗിച്ചു: കുട്ടികളെ പറ്റി........,ചാച്ചാജിയെ പറ്റി........,സ്നേഹത്തെ പറ്റി............
എല്ലാ പിള്ളേര്‍ക്കും കിട്ടി ഓരോ കുപ്പി ടോണിക്ക്..........!
അതിലൊരു കുട്ടി പ്രോഗ്രാം കഴിഞ്ഞ ഉടനെ തനിക്കു കിട്ടിയ ടോണിക്കുമായി തൊട്ടടുത്ത ഹോട്ടലിലേക്കോടി-തന്റെ ടോണിക്കിനു പകരം ഒരു പിടി ചോറ് ചോദിക്കാന്‍
ഹോട്ടല്‍ മുതലാളി ടോണിക്ക് കുപ്പി വാങ്ങി നോക്കി കുട്ടിയുടെ നേര്‍ക്ക് ആക്രോശിച്ചു: ഓടെടാ.... എവിടുന്നു കട്ടതാടാ ഇത്?കക്കുമ്പോള്‍ സാധനത്തിന്റെ "എക്സ്പയറി ഡേറ്റ്" നോക്കി കട്ടു കൂടെ.നാശങ്ങള്‍ ........ആളെ മിനക്കെടുത്താതെ പോടാ
അയാള്‍ പുറത്തേക്കെറിഞ്ഞ ടോണിക്ക് കുപ്പി പൊട്ടി റോഡില്‍ സ്യഷ്ടിച്ച അക്ഷരങ്ങള്‍ നോക്കി ആരോ വായിച്ചു-"ശിശുദിനം.......! "

Monday, June 06, 2011

പറന്ന് പറന്ന്...!


ഭൂഗോളത്തിന്റെ മറ്റെ പകുതിയിലെവിടെയോ  നിന്ന്
 കുറെ പക്ഷികള്‍ ദേശാടനത്തിനെത്തി.
കഴിഞ്ഞ വര്‍ഷം വന്ന അതേ സ്ഥലത്തേക്ക്
അവ തേടുന്നത് ഒരു ജലാശയമാണ്‌.കഴിഞ്ഞ വര്‍ഷം വന്ന അതേ ജലാശയം!
ജലാശയത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഷോപ്പിങ്ങ് മാളും മറ്റുമാണ്‌
പക്ഷികളാകെ കുഴപ്പത്തിലായി -എന്തു ചെയ്യും?ഇറങ്ങാന്‍ ജലാശയം കണ്ടെത്താനാകാതെ അവ ആകാശത്ത് വട്ടമിട്ട് പറന്നു!
ജലാശയം നികത്തുന്നതിനെതിരെ സമരം നടത്തി അവസാനം വട്ട് പിടിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ പക്ഷികളെ നോക്കി പറഞ്ഞു:വരൂ പക്ഷികളെ..... അല്പം ഇംഗ്ലീഷ് പഠിക്കൂ......എന്തെങ്കിലും ചിലത് ഷോപ്പ് ചെയ്യൂ.....
മനുഷ്യന്റെ ഭാഷ മനസ്സിലാവാത്ത ആ പാവം പക്ഷികള്‍
 ദിശ മാറ്റി പറന്നു......
"റെഡ് ഡാറ്റ ബുക്കിലേക്ക്!!!!"

Saturday, June 04, 2011

മൂന്ന് കഥകള്‍-ഒറ്റമിനിട്ടില്‍


മൂന്നില്‍ ഒന്ന് (ദാഹം)


അവള്‍ ഒരു സമത്വ വാദിയായിരുന്നു.
സ്ത്രീപുരുഷ സമത്വം!
ആണും തൂണുമുള്ള പെണ്ണുങ്ങള്‍ അവള്‍ പറയുന്നത് കേള്‍ക്കാതിരുന്നപ്പോള്‍ അവള്‍ വയല്‍ക്കരയിലേക്ക് നടന്നു 
എന്നിട്ട് വയലുകളോട് തന്റെ പ്രമേയം കാച്ചി
ഹേ...! വയലുകളേ....... നാണമില്ലേ നിങ്ങള്‍ക്കിങ്ങനെ കുന്നൊഴുക്കുന്ന ജലം നിറച്ച് മലര്‍ന്ന് കിടക്കാന്‍? 
 നിങ്ങള്‍ ഉയരാനൊരുക്കമാണോ? പറയൂ
പെണ്ണിന്റെ വിവരക്കേടിന്റെ ഉയരപ്പാട് തിരിയാതെ വയലുകള്‍ മൂളിയ ഉറപ്പില്‍ പറന്നെത്തിയ മണ്ണുമാന്തികളുടെ നഖപ്പാടുകളില്‍ തരിപ്പണമായ കുന്നുകള്‍ മലര്‍ന്നു കിടന്ന വയലുകള്‍ക്കു മീതെ തളര്‍ന്നു വീണു!
പിന്നെയെല്ലാം സമം !വയലില്ല .....കുന്നില്ല........വെള്ളമില്ല ........വ്യത്യാസങ്ങളില്ല!
 ( അല്പം വിശ്രമം-അതായത് എ ഷോര്‍ട്ട് ബ്രേക്ക്)

   വെള്ളയാക്കാനുള്ളസോപ്പ്.....
   വെള്ളത്തിലാക്കാതിരിക്കാന്‍....... നാപ്കിന്‍....... 

   വെള്ളം തെറിപ്പിക്കാനും  ആളെ പറപ്പിക്കാനും
   കുടയും ബേഗും

   തിന്നണോ കുടിക്കണോ എന്നു തിരിയാത്ത
   സമ്മിശ്ര സമീക്യതം........


   ജ്വല്ലറി..........., മൊബൈല്‍..........   ,ഫൈനാന്‍സ്........

വെല്‍ക്കം ബാക്ക്.......................................................
വിപ്ലവത്തിനു ശേഷം ദാഹം തോന്നിയപ്പോള്‍ അവള്‍ ഭര്‍ത്താവിനോട്ചോദിച്ചു:അല്‍ പ്പം വെള്ളം കൊണ്ടുതരാമോ? വല്ലാത്ത ദാഹം!
വരണ്ട തൊണ്ടയില്‍ നിന്നു വന്ന തളര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു 
ക്ഷമിക്കൂ.........! വെള്ളമില്ല  പക്ഷെ ഞാന്‍ സന്തോഷവാനാണ്‌.കാരണം ഞാന്‍ ഇപ്പോള്‍ സമത്വം നുകരുന്നു
എനിക്ക്........നിനക്ക്.......വയലിന്‌.........കുന്നിന്‌........മണ്ണിന്‌..........എല്ലാറ്റിനും 
ദാഹം ...ദാഹം മാത്രം(ഒരു ഇടവേള കൂടി.....  എനിക്കു ദാഹിക്കുന്നു രണ്ടാമത്തെ കഥ നാളെ...........നിങ്ങളും വെള്ളം കുടിച്ചിട്ടു വരൂ .....................!)
 വിധു

Thursday, June 02, 2011

അരിജനങ്ങള്‍ (കുട്ടികള്‍ വായിക്കരുത്)


ആ രാജ്യത്തെ  ജനങ്ങള്‍ അരി ഭക്ഷണം കഴിക്കുന്നവരായിരുന്നു.ഒരു കിലോ അരിക്ക് മുപ്പത് രൂപ വിലയുള്ളപ്പോള്‍ രാജാവ് പറഞ്ഞു .ഇന്നു മുതല്‍ അരിക്ക് വില കിലോവിന്‌ ഒരു രൂപ മാത്രം!
കാലിടറി വീണ്‌ രാജാവ് ചത്തപ്പോള്‍ പുതിയ രാജാവ് വന്നു.അദ്ദേഹത്തിനും അരിയോട് കലിയായിരുന്നു.അദ്ദേഹം അരി ഫ്രീഈഈഈ ആയി കൊടുത്തു!
നാട്ടില്‍ ആരും ക്യഷിയിറക്കാതെയായി
നാട്ടിലെ വയലില്‍ കാറുകളുടെയും ബൈക്കുകളുടെയും മരങ്ങള്‍ വളര്‍ന്നു വന്നു
ആ നാട്ടില്‍ കൊല്ലത്തിലൊരിക്കല്‍ വിരുന്നുവരാറുള്ള പാതാളത്തിലപ്പന്‍  രാജ്യ പുരോഗതിയില്‍ അല്‍ഭുതം കൂറി.എന്നാലും വയല്‍ നശിപ്പിക്കുന്നതിനെതിരെ അദ്ദേഹം രണ്ടു വര്‍ത്താനം പറഞ്ഞു
അതിന്റെ പേരില്‍ ടിയാനെ രാജാവ് തൂക്കിയെടുത്ത് പാതാളത്തിലേക്കെറിഞ്ഞു
എന്നിട്ട് പാതാളത്തിലേക്കുള്ള വഴി അടച്ച് അവിടെ ഒരു മഹല്ല് പണിഞ്ഞു
അടുത്ത വര്‍ഷത്തിലെ വറുതിയില്‍ പൊറുതി മുട്ടിയ
 നാട്ടുകാര്‍ മഹല്ല് പൊളിച്ചു തിന്നു
പാതാളത്തപ്പന്റെ വിരുന്നുകാലത്ത് 
കോണ്‍ക്രീറ്റ് തിന്ന് വിശപ്പടങ്ങാത്ത
നാട്ടുകാരെല്ലാം പാതാളത്തിലേക്ക് നോക്കിയിരുന്നു.
 താമസിക്കാന്‍ മൂന്നു നില മാളികയ്ക്കല്ല..........
തപസ്സൂ ചെയ്യാന്‍ മൂന്നടി മണ്ണിനല്ല..............
മൂന്നുരുള ചോറിനുള്ള അരിക്ക് വേണ്ടി....!!!


(ഈ കഥ വായിച്ചാല്‍  ആരും കൈ വച്ചു പോകും ;കുട്ടികള്‍ പോലും !അതു കൊണ്ടാണ്‌ കുട്ടികള്‍ വായിക്കരുത് എന്നു പറഞ്ഞത്. ക്ഷമിക്കണേ )

Wednesday, June 01, 2011

മിസ്സിസ്സ് കോള്‍അയാളുടെ കൈഫോണില്‍ ഒരു കോള്‍ വന്നു -ഒരു മിസ്സ് കോള്‍
 "ഉര്‍ വശി"........... വിളിച്ചയാളെ തിരിച്ചറിഞ്ഞ് അയാള്‍ ചിരിച്ചു.......!
വീണ്ടും വന്നു ഒരു മിസ്സ്കോള്‍
"രംഭ"...........വിളിച്ചയാളെ തിരിച്ചറിഞ്ഞ് അയാള്‍ ചിരിച്ചു.......!!
പിന്നെ വന്ന കോള്‍ കുറച്ച് നേരം റിംഗ് ചെയ്തശേഷം അയാള്‍ റദ്ദു ചെയ്തു........
വിളിച്ചയാളെ  തിരിച്ചറിഞ്ഞു ........അയാള്‍ ചിരിച്ചില്ല-
 അത് മിസ്സിസ്സ് കോള്‍ ആയിരുന്നു!!!