പേജുകള്‍‌

Tuesday, December 13, 2011

വനചിത്രണം



മഹാരാജാവ് കൽ‌പ്പിച്ചത് പ്രജകളിൽ നിന്ന് ‘വനത്തിന്റെ‘ ചിത്രം ശേഖരിച്ച് തിരു സവിധത്തിങ്കൽ സമർപ്പിക്കാനായിരുന്നു. ജനങ്ങളിൽ നിന്ന് ശേഖരിക്കപ്പെട്ട ചിത്രങ്ങൾ  വനപാലകരായ കീഴുദ്യോഗസ്ഥരിലൂടെ, മേലുദ്യോഗസ്ഥരിലൂടെ, മന്ത്രിമാരിലൂടെ, കൈമാറി രാജാവിലെത്തിയപ്പോൾ ……………..അത്ഭുതമെന്ന് പറയട്ടെ, ചിത്രങ്ങളെല്ലാം മാഞ്ഞു പോയ വെറും കാൻവാസുകൾ മാത്രമായിരുന്നു.....വെറും ക്യാൻവാസുകൾ !!

Wednesday, November 23, 2011

തൊട്ടിൽ



ഉണ്ണിക്കുട്ടൻ  കട്ടിലിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുകയായിരുന്നു. കുട്ടിക്കൊരു തൊട്ടിലുണ്ടാക്കിക്കൊടുക്കണം എന്ന് അവന്റെ അച്ഛന് തോന്നി. ഇഷ്ടം പോലെ മുറിക്കാൻ മരങ്ങളുള്ളപ്പോൾ പിന്നെന്തിനമാന്തം?
പറമ്പിലെ നല്ലൊരു മരം ചൂണ്ടി ആശാരി പറഞ്ഞു: ഈ മരം മതി
അയാളും പറഞ്ഞു: അതെ ഈ മരം മതി
മരം മുറിക്കാർ മരം മുറിക്കാൻ എത്തിയപ്പോൾ ആ മരച്ചില്ലയിൽ കുരങ്ങു കുട്ടികൾ ഊഞ്ഞാലാടുന്നുണ്ടായിരുന്നു.
കുരങ്ങുകളെ എറിഞ്ഞോടിച്ച്, യന്ത്ര വാളുകൾ കൊണ്ട്  മുറിച്ചിട്ട മരവുമെടുത്ത് മരം മുറിക്കാർ പോയി.
തൊട്ടിൽ വളരെ പെട്ടെന്നൊരുങ്ങി. തൊട്ടിലിൽ കുട്ടിയെ കിടത്തുന്നത് ഒരാഘോഷം തന്നെയാക്കി. എന്തിനു കുറക്കണം?
പക്ഷേ………………. തൊട്ടിലിൽ കിടക്കാൻ ഇഷ്ടപ്പെടാത്തതു പോലെ  തൊട്ടിലിൽ കിടത്തിയ കുട്ടി കരച്ചിൽ തന്നെ കരച്ചിൽ! ഒരു രക്ഷയുമില്ല. കുട്ടി തൊട്ടിലിൽ കിടക്കാനിഷ്ടപ്പെടുന്നില്ല.
തൊട്ടിലിൽ കിടക്കാതെ അവൻ വളർന്നു. തൊട്ടിൽ ആർക്കും വേണ്ടാതെ പുരയിടത്തിന്റെയൊരു മൂലയിൽ കിടന്നു. ചിതൽ പോലും സ്പർശിക്കുന്നില്ലതിനെ.
ഒരു ദിവസം ഒരു പെൺ കുരങ്ങ് വന്ന് ആ തൊട്ടിൽ എടുത്ത് കൊണ്ട് പോകുന്നത് അവൻ കണ്ടു.  കുരങ്ങിനെ പിന്തുടർന്ന അവൻ പറമ്പിന്റെ അങ്ങേ മൂലയിലെ പഴയ ഒരു മരക്കുറ്റിയിൽ  കുരങ്ങ് ആ തൊട്ടിൽ വച്ചതു കണ്ടു. പിന്നെ അവൾ തന്റെ കുഞ്ഞുങ്ങളെ  എടുത്ത് ആ തൊട്ടിലിൽ കിടത്തുന്നത് കണ്ടു. ചുറ്റിലും ധാരാളം മരങ്ങളുണ്ട്.എന്നിട്ടും അവളെന്തിന് കുട്ടികളെ ഈ തൊട്ടിലിൽ തന്നെ കിടത്തുന്നുവെന്ന് അവൻ സ്വയം ചോദിച്ചു.
തൊട്ടിലുണ്ടാക്കിയ മരമേതെന്നവൻ അച്ഛനോട് ചോദിച്ചു. അയാൾ അവനോട് വാത്സല്യ പൂർവ്വം ദേഷ്യപ്പെട്ടു. നീ തൊട്ടിലിൽ കിടക്കാഞ്ഞത് മരം മോശമായതു കൊണ്ടാണോ?
ആശാരി പറഞ്ഞ വിവരം വച്ച് അവൻ തൊട്ടിലുണ്ടാക്കിയതു  പോലുള്ള മരത്തിനു പരതി നോക്കി. ആ പറമ്പിലും, അടുത്ത പറമ്പിലുമൊന്നും ആ ജാതി മരം ഉണ്ടായിരുന്നില്ല.
അവിടെ നിന്നും  ആ മരക്കുറ്റിയുടെ അടുത്തേക്ക് പോയ അവനെക്കണ്ട്  ആ കുരങ്ങ് കുടുംബം തൊട്ടിലുപേക്ഷിച്ച് ജീവനും കൊണ്ട് ഓടി.
അവൻ അവിടെ കുത്തിയിരുന്നു കരഞ്ഞു. ഒരിറ്റ് കണ്ണീർ ആ ഉണക്ക മരക്കുറ്റിയിൽ വീണു. പെട്ടെന്നൊരു അണ്ണാറക്കണ്ണന്റെ ചിലക്കൽ കേട്ടു. ഒരിലക്കിളിയുടെ പാട്ട്. ഒരു വസന്ത സേനയുടെ മൂളക്കം……………….
ആ ഉണക്ക മരക്കുറ്റിയിൽ അവന്റെ കണ്ണുനീർ വീണിടത്ത് ഒരു പുതു നാമ്പ് അവൻ കണ്ടു. മുകളിലേക്ക് നോക്കി അവൻ എന്തോ പ്രാർത്ഥിച്ചു. മേഘങ്ങൾ, കാറ്റ്, മഴ…….!
ആ ഉണക്ക മരക്കുറ്റിയിലെ നാമ്പ് വളർന്ന് വലിയ മരമായി. അതിൽ കുരങ്ങുകൾ ഊഞ്ഞാലാടി. പക്ഷികൾ കൂട് വച്ചു. അണ്ണാറക്കണ്ണന്മാർ ചിലച്ചാർത്തു
അവൻ വലുതായി, വിവാഹിതനായി,അവനും ഒരു മകനുണ്ടായി.  ഒരു ദിവസം അവന്റെ പത്നി അവനോടൊത്ത് പറമ്പിൽ നടക്കുമ്പോൾ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കീ മരം മുറിച്ച് മോനൊരു തൊട്ടിലുണ്ടാക്കിയാലോ………? അവന്റെ ഉറക്കത്തിലെ ഞെട്ടലും കരച്ചിലും ഒന്ന് മാറിക്കിട്ടിയാലോ……?
അവളുടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാതിരുന്ന അവൻ അവളുടെ ചോദ്യത്തിന് മറുമൊഴിഞ്ഞില്ല. പകരം ആ മരത്തിന്റെ ചുവട്ടിൽ ചെന്ന് മുട്ട് കുത്തി പ്രാർഥിച്ചു.
അവൻ അവളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് പറഞ്ഞു. “ മരം മുറിക്കാൻ ആൾക്കാരെയും ഏർപ്പാട് ചെയ്യണ്ടേ? വരൂ പോകാം”
അവൾ പറഞ്ഞു: വേണ്ട. തൊട്ടിൽ വേണ്ട. നിങ്ങൾ മരത്തിനടുത്ത് പോയപ്പോൾ കുറെ കുരങ്ങുകളും, പക്ഷികളും, പേരറിയാത്ത അനേകം മറ്റ് ജന്തുക്കളും എന്റെ അടുത്ത് വന്നുപറഞ്ഞു‌- മരം മുറിക്കരുതെന്ന്. വേണ്ട  വെറുമൊരു തൊട്ടിലിനായി അവയെയെല്ലാം പിണക്കണ്ട.
പിന്നീടധികമവിടെ നിൽക്കാതെ അവർ വീട്ടിലേക്ക് നടന്നു. കിടക്കയിൽ ശാന്തനായി   കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ നെടുവീർപ്പിട്ടു. അന്ന് രാത്രി കുഞ്ഞ്  ഉറക്കത്തിൽ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അവനും അവളും ശാന്തമായി കിടന്നുറങ്ങി.
പ്രഭാതത്തിൽ അവളെ കാണാതെ അവൻ  പരിഭ്രമിച്ചു. അവളെ അന്വേഷിച്ച് പറമ്പിലെത്തിയ അവൻ അതു കണ്ടു. ആ മരച്ചുവട്ടിൽ അവൾ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു!
പ്രകൃതിക്കാകെ പതിവിൽ കവിഞ്ഞ ഒരു ഉന്മേഷം ഉണ്ടായിരുന്നു.

Tuesday, November 15, 2011

കടലാസ്

അയാൾക്കൊരാഗ്രഹം-ഒരു കടലാസ്സ്  കമ്പനി തുടങ്ങണം! ആശ പൂർത്തീകരിക്കാൻ അയാൾ അതു സംബന്ധിച്ച കടലാസുകൾ വരുത്തി വായിച്ചു പഠിച്ചു. ഇനി? കടലാസുകൾ ശരിയാവണം! ലൈസൻസ്, എൻ.ഓ.സി മുതലായവ.
ഓഫീസുകളായ ഓഫീസുകളിലെല്ലാം കയറിയിറങ്ങി അയാൾ കടലാസ്സുകൾ ശരിയാക്കി. ഇനി വേണ്ടത് കറൻസിക്കടലാസ്സുകളാണ്. ബാങ്കുകളിൽ നിന്ന് ആ കടലാസ്സുകളും ഒപ്പിച്ചു. എന്നിട്ട്  പണിയങ്ങ് തൊടങ്ങി. കടലാസ്സുകൾ വിറ്റു പോകാൻ അയാൾ പരസ്യക്കടലാസ്സ് അടിച്ചിറക്കി. കടലാസ്സ് വായിച്ചെത്തിയവരെല്ലാം  കടമായിട്ടായിരുന്നു അയാളോട്  കടലാസ്സ്  വാങ്ങിയത്. കടലാസ്സുകൾ വിറ്റു പോയെങ്കിലും, വീണ്ടും പ്രൊഡക്ഷൻ നടത്താനുള്ള കടലാസ്സിനായി അയാൾ കാലിക്കീശ തപ്പി. പിന്നെ വട്ടിക്കാരൻ നീട്ടിയ കടലാസ്സുകളിൽ ഒപ്പിട്ട് കൊടുത്തും, കൈവായ്പ്പയായും അയാൾ കടലാസ്സൊപ്പിച്ചു. പിന്നെയും പതിവിൻ പടി പ്രൊഡക്ഷനും, ഡിസ്ട്രിബ്യൂഷനും! കടം കൂടി. ബാങ്കുകൾ കടലാസ്സുകളയച്ചുകൊണ്ടേയിരുന്നു. അയാൾക്ക് കടലാസ്സും കൊണ്ട് ബാങ്കിലെത്താൻ കഴിയാതെ വന്നപ്പോൾ ബാങ്കുകൾ അയാളുടെ വീട്ടിന്റെ വാതിലിൽ ഒരു കടലാസ്സൊട്ടിച്ചു. ജപ്തിയുടെ കടലാസ്സ്!
രക്ഷയൊന്നുമില്ലാതെ വന്നപ്പോൾ അയാൾ ഒരു കടലാസ്സിൽ ഇങ്ങനെ എഴുതിവച്ചു: എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി
പിറ്റേന്നിറങ്ങിയ എല്ലാ പ്രാദേശിക കടലാസ്സുകളിലും വാർത്തവന്നു: കടലാസ്സു വ്യവസായി കടലാസ്സെഴുതി വച്ച് കടലാസ്സിലായി!

Saturday, November 05, 2011

ഇടയ ലേഖനം

  വനം അരികു പാകിയ ഗ്രാമീണ ഭൂമികയിൽ കുങ്കുമ നിറം കലർന്ന സായം കാലത്ത് കവി എത്തി- ഒരു കാവ്യം ചമക്കാൻ.
കാനനത്തിലെ ജ്വാലകൾ പോലെ പൂത്തു നിൽക്കുന്ന  പൂവാകകളുടെ ക്ഷണിക്കുന്ന ചിരിയിൽ തങ്ങി കവി വാടക വീട്ടിൽ പുതു കവിതയുടെ ആദ്യാക്ഷരി കുറിച്ചു. അങ്ങനങ്ങനെ ഇരിക്കുമ്പോൾ ,ഇരുൾപ്പുതപ്പിടാനൊരുങ്ങുന്ന വന നിഗൂഢതകളുടെ ഊടു വഴികളിലൊന്നിലൂടെ കുറെ ആടുകളും ഒരിടയനും നാടിറങ്ങി വരുന്നു-രാത്രികാല പരോളിനെന്ന പോലെ!
വാടക വീട്ടിലെ പുതിയ താമസക്കാരനെ കണ്ട് കൈകൂപ്പിയ ഇടയൻ കൈയ്യിലെ പാൽ‌പ്പാത്രത്തിൽ നിന്ന് കവിക്ക് പാൽ പകർന്നു നൽകി.
കവി അവനിൽ പ്രസാദിച്ചു. കവി അവനെ കാവ്യത്തിലെ നായകനാക്കി- രാമണൻ എന്ന് പേർ കൊടുത്തു
നായകന് പ്രേമിക്കാനൊരു ചരക്കിനെയും സൃഷ്ടിച്ചു- വലിയ വീട്ടിലെ ആ മൊതലിന്  ചന്ദ്രി എന്ന് പേരിട്ടു.
പിന്നെ ഒടുക്കത്തെ പ്രേമായിരുന്നു രണ്ടും കൂടി. എന്റമ്മോ! വിവരണാതീതം. കണ്ടിട്ടില്ല ഞാനീവിധം പാണ്ടി ലോറി പോലൊരു നെഞ്ചകം എന്നൊക്കെ അവർ പരസ്പരം പാടാനോങ്ങി. പക്ഷേ കവി വിട്ടില്ല. കവി നല്ലൊന്നാന്തരം ആട്ടിൻ പാലു പോലത്ത  “ഉപ്പുമാ“ യും “ഉലപ്പരക്ഷ“യും വച്ച്  ലൈനടി കൊഴുപ്പിച്ചു.
 ഇടയൻ ദിവസവും കവിക്ക് പാൽ നൽകിക്കൊണ്ടിരുന്നു. ഒരു ദിവസം ഇടയൻ കവിക്ക് പാൽ നൽകിയില്ല. കവിക്ക് ഇടയനോട് നീരസം തോന്നി. അന്നെഴുതിയ കാവ്യ ഭാഗത്ത് കവി ഇടയനെക്കൊണ്ട് ചന്ദ്രിയോടൊന്ന് മിണ്ടാൻ പോലും സമ്മതിച്ചില്ല. പോരാത്തതിന് അവന് ചിക്കൻ ഗുനിയ പിടിച്ചതായി എഴുതി.
പക്ഷേ സത്യത്തിലയാൾക്ക് വയറ്റിളക്കമായിരുന്നു. ഒരു രക്ഷയുമില്ലാത്തതു കൊണ്ട് മാത്രമാണ് കവിക്ക് പാൽ കൊടുക്കാതിരുന്നത്!
പിറ്റേന്ന് കൊടുത്ത പാലിൽ പ്രസാദിച്ച കവി രാമണന്റെ സ്റ്ററ്റസ്സുയർത്തി. അവന്റെ അസുഖം , കൈക്കൂലി വാങ്ങി,കാര്യം നടത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥന്റെ ശുഷ്കാന്തിയോടെ, കവി മാറ്റിക്കൊടുത്തു.
കാവ്യത്തിന്റെ ആ ഭാഗത്ത് കവി ഒരു വല്ലാത്ത റൊമാൻസ് ചേർത്തു: രാമണേട്ടാ…….. ഐ മിസ്സ് യൂ ഡാ……….എന്ന് പറഞ്ഞു കൊണ്ടോടി വരുന്ന ചന്ദ്രിയെ നോക്കി വന്ധ്യ മേഘങ്ങൾ പോലും പെയ്തു എന്ന്!
പക്ഷേ “ചന്ദ്രീടെ വീട്ടിലെ ടീവി കാണാൻ  പോന്നൂടെ പോന്നൂടെ എന്റെ കൂടെ “ എന്ന് ചന്ദ്രി കരഞ്ഞു വിളിച്ചിട്ടും കവി രാമണനെ പോകാൻ വിട്ടില്ല. കാനന ഛായയിൽ ആട് മേയ്ക്കാൻ രാമണന്റെ ഒപ്പം പോകാൻ ചന്ദ്രിയേയും വിട്ടില്ല.
അങ്ങനെയൊരു ചാൻസ് കിട്ടാൻ ആട്ടിറച്ചി കൊടുക്കണം കവിക്ക് എന്ന് ആ പൊട്ടൻ രാമണന് അറിയണ്ടേ? വിവരം കെട്ടവൻ!
എന്തായാലും ശുഭ പര്യവസായിയായി കാവ്യം തീരാറായപ്പോൾ ദാ വരുന്നു ഇങ്കം ടാക്സ് കാരുടെ റെയ്ഡ് പോലെ അപ്രതീക്ഷിതമായി രാമണൻ. അവന് പാലിന്റെ കാശ് വേണം പോലും! ഒരു മാസത്തെ പാലിന്റെ കാശ്..............!
കവി പണം കൊടുത്തു. 
പക്ഷേ കവി, കാവ്യത്തിന്റെ ക്ലൈമാക്സ്  മാറ്റി!
ചന്ദ്രിയെ “ഒരു ദുബായിക്കാരനെ“ കൊണ്ട് കെട്ടിച്ചു. രാമണനെ കവി കാട്ടാനയായി വന്ന് കൊല്ലാൻ നോക്കി.പക്ഷേ ആനയുടെ ആക്രമണത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകുമെന്നതു കൊണ്ട് കവി ആ ഉദ്യമം ഉപേക്ഷിച്ചു. 
പിന്നെ കവി ചെയ്തതെല്ലാം യാന്ത്രികമായിരുന്നു. അയാൾ ഒരു അനോണി റിപ്പോർട്ട് പത്രങ്ങൾക്കയച്ചു കൊടുത്തു. “ഇടയന്റെ ശവം കാട്ടാറിലൂടെ ഒഴുകുന്നു.......ആടുകൾ ബേ...ബേ   എന്ന് കരയുന്നു.........ഇടയന്റെ ലാപ് ടോപ്പ് പുഴയുടെ തീരത്ത്  ആടിനും ഇടയനും വേണ്ടാതെ കിടക്കുന്നു.........“ അങ്ങനെ കവി കലി തീർത്തു. ഹല്ല പിന്നെ ഒരിടയനിത്രയും ധിക്കാരമോ?
പത്ര വാർത്ത വായിച്ച് പ്രബുദ്ധ ജനം  ഇടയന്റെ മരണത്തിനു കാരണക്കാരനെ കണ്ടു പിടിക്കാനായി പിറ്റേന്ന് നാട്ടിലൊട്ടാകെ ഹർത്താലാക്കി. ങ്ഹ! അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!
പിള്ളേർ കുപ്പിയും കോഴിയുമെല്ലാം തീർത്ത് കാണുമോ?


 
നാട്ടാർക്ക് അന്ന് ചിക്കനും കുപ്പിയുമായി ആഘോഷം കെങ്കേമം.........!
ചില യൂനിഫോമിട്ട പോലീസു കാർക്ക്  ഹർത്താലുകാരുടെ തല്ലു കിട്ടി. ചില യൂനിഫോമില്ലാത്ത പോലീസു കാർക്കും കിട്ടി നല്ല തല്ല്. പിന്നല്ലാതെ

ഇതൊന്നുമറിയാതെ ഇടയൻ പതിവു പോലെ ആടുകളെയും കൊണ്ട് കാട് കേറി.

Saturday, October 29, 2011

അർഹത

മരം മുറിക്കരുത്

                                                                                                   

വന പാലകനോട്  മരം കൊള്ളക്കാരൻ ചോദിച്ചു: “ആ കാട്ടിലെ ഏറ്റവും വലിയ മരം മോഷ്ട്ടിക്കാൻ  സഹായിക്കാമോ?
വനപാലകൻ ചോദിച്ചു:  എനിക്കെന്ത്  തരും?
കൊള്ളക്കാരൻ പറഞ്ഞു:  നിങ്ങൾ  അർഹിക്കുന്നത്! 
വനപാലകൻ കരാർ സമ്മതിച്ചു.
മരം മുറിക്കരുത്.
ആ വലിയ മരം മുറിക്കപ്പെട്ടു. വാഗ്ദാനം ചെയ്യപ്പെട്ട, അർഹമായ പ്രതിഫലം  വനപാലകന്  ലഭിച്ചു:  ആ  മരത്തിന്റെ  കാതലിൽ തീർത്ത ഒരു കുരിശ് !

Sunday, October 23, 2011

വെയിസ്റ്റ് ഷെൽട്ടറുകൾ.

  നല്ല ഒന്നൊന്നര വെയിറ്റിങ്ങ് ഷെൽട്ടറുകൾ കാണുമ്പം നമ്മക്കും തോന്നുന്നു ഈറ്റാൽ ഒന്ന് വേണം  ന്ന്. പക്ഷേ പുതിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ ചുറ്റുപാടിൽ പാടില്ലങ്ങനെ ചിന്തിക്കാൻ പോലും!
എന്താന്നോ?
താഴെ  നോക്കൂ..........!

 










ഉലഹത്തിൽ ഒരു പാട് ഷെൽട്ടറുകൾ ഉണ്ട്. മനുഷ്യനു ഫുഡും, ക്ലോത്തും ഷെൽട്ടറുമാണല്ലോ ആദ്യം വേണ്ടത് . അതു കൊണ്ടാണ്,  ഫുഡും, ക്ലോത്തും, ഷെൽട്ടറും സൊന്തായിട്ടുള്ള നമ്മൾ കണ്ണൂർക്കാർ, വീട്ടിൽ നിന്ന് പുറത്തിറങ്ങി ബസ്സ് കേറാൻ കാത്തിരിക്കുന്നവർക്കു വേണ്ടി ധാരാളം കൊലപാതകങ്ങൾ നടത്തിയത്.
മൻസ്സിലായില്ലേ? എന്നാൽ ആക്ക്.
നമ്മുടെ നാട്ടിൽ ധാരാളം വെയിറ്റിങ്ങ് ഷെൽറ്ററുകൾ ഉണ്ട്. ഒട്ടുമുക്കാലും രക്തസാക്ഷികളുടെ പേരിൽ നാട്ടുകാർക്കു വേണ്ടി സ്പോൺസർ ചെയ്തവ. രക്തസാക്ഷികൾ ഉണ്ടാവാൻ കൊല വേണമല്ലോ?
അങ്ങനെ നമ്മൾ  വെയിറ്റിങ്ങ് ഷെൽറ്ററിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയ ഒരു സുവർണ്ണ കാലമുണ്ടായിരുന്നു. എന്നാൽ അക്കാലമെല്ലാം കൊലപാതക രാഷ്ട്രീയം നിർത്തിയതോടെ പോയില്ലേ? ഹാ! കഷ്ടം.
ഇപ്പം നമ്മുടെ നാട്ടിൽ  ഒരു വെയിറ്റിങ്ങ് ഷെൽറ്റർ കിട്ടണമെങ്കിൽ ഒരു കൊല നടക്കണം എന്ന് പറയേണ്ട അവസ്ഥ വന്ന് പെട്ടിരിക്കുകയാണെന്റെ ബ്ലോഗനാർ കാവിലമ്മച്ചീ!
ഇനി നമുക്ക് നമ്മുടെ ഇപ്പോഴത്തെ വെയിറ്റിങ്ങ് ഷെൽറ്റർ കാണാല്ലേ?
ദാ.... നോക്ക്                                                           
ഒന്നാം വട്ടം കണ്ടപ്പം.........!     

















































































































































 










































































































































































രണ്ടാം വട്ടം കണ്ടപ്പോൾ..............!
ഇനീപ്പം എന്താണീ ഷെൽട്ടറിന്റെ ഇപ്പോഴത്തെ അവസ്ഥാന്നൊന്ന് നോക്കാല്ലേ......?
ദാ.......... നോക്ക്.







മൂന്നാം വട്ടം കണ്ടപ്പോൾ...............!























നമുക്കിങ്ങനെയൊക്കെ മതി. വെയിറ്റിങ്ങ് ഷെൽട്ടറില്ലെങ്കിലെന്താ  കൊലപാതക രാഷ്ട്രീയം എന്ന ദുഷ്പേർ മാറ്റി ഞങ്ങൾ ഒരു വിധം നന്നായില്ലേ?. അതു കൊണ്ട് നമ്മൾ  ഈവക ചെറിയ അസൌകര്യങ്ങളെല്ലാമങ്ങ്  സഹിച്ചു. ഇതൊക്കെ മോശല്ലേന്നാരെങ്കിലും ചോദിച്ചാൽ, ചോദിക്കുന്നവർ ഞങ്ങളുടെ നിലവിളി കേൾക്കേണ്ടി വരും. ലൈവായി കാണേണ്ടിയും വരും. ഞങ്ങളെ വെറുതെ വിട്ടേക്ക്. 


Tuesday, October 18, 2011

പൊട്ടിയ കണ്ണി

ഉയരത്തിലേക്ക്  കയറാൻ നോക്കിയ അയാൾക്ക് മണ്ണിലെ പുല്ലുകൾ ഒരു ഏണി നൽകി. 
ആ ഏണിക്കൊരു പരിമിതിയുണ്ടായിരുന്നു. ഒരു പരിധിക്കപ്പുറം അതിലൂടെ കയറാൻ പറ്റുമായിരുന്നില്ല. പിന്നെ അയാളെ സഹായിച്ചത് ഒരു പുൽച്ചാടിയായിരുന്നു.
പുൽച്ചാടി നൽകിയ ഏണിയിലൂടെ അയാൾ കുറെ മുകളിലെത്തി.                    
പിന്നെ തവള, പാമ്പ് പരുന്ത്, തുടങ്ങി പലരും അയാളുടെ തുണക്കെത്തി. 

 



പിന്നെയും മുകളിലേക്ക് കയറാൻ പറ്റാത്തവിധം ഒരു തടസ്സം നേരിട്ടപ്പോൾ അയാൾ ജീവന്റെ  പുസ്തകം തപ്പി നോക്കി . ഇനി തനിക്ക് തുണയാകേണ്ട ജീവി ഏത്?
അയാൾ തപ്പിയ ജീവി കുറ്റിയറ്റു പോയിരുന്നു. 
ആശയറ്റ് അയാൾ  താഴേക്കിറങ്ങാൻ ഏണിക്ക് വേണ്ടി  നോക്കി.  
 അയാൾക്ക് ഏണി നൽകാൻ അവിടെയും  ആരുമുണ്ടായിരുന്നില്ല.


ജീവന്റെ പുസ്തകത്തിലെ പരിസ്ഥിതി ശൃംഗലയിലെ താഴെയുള്ള കണ്ണികളും പൊട്ടിപ്പോയിരുന്നു.
 

Tuesday, October 11, 2011

സ്ഥാനികോർജ്ജം

ആ ജന്മത്തിൽ അവർ പിറന്നത് അരുവികളായിട്ടായിരുന്നു. എല്ലാ ജന്മങ്ങളിലും അവർ  ആദ്യ കാലത്ത് സന്തോഷത്തോടെ ജീവിച്ചിരുന്നത് പോലെ പ്രഭവ സ്ഥാനത്തു നിന്നും ചിരിച്ചാർത്ത്  ചാടിക്കെട്ടിത്തുള്ളിത്തുളുമ്പി താഴേക്കൊഴുകിയിറങ്ങുമ്പോൾ അവർക്ക് മനം നിറച്ചുമാഹ്ലാദനുരകൾ മാത്രം. എപ്പൊഴോ ആ അരുവികളിൽ  സംഗമ ഭാവമുണർന്നു. അവരൊരുമിച്ചത്  മനുഷ്യന്റെ കാർമ്മികത്വത്തിൽ നടന്ന കെട്ടിലൂടെയായിരുന്നു. കല്ലും സിമെന്റും കൊണ്ടുള്ള  താലികെട്ട്.


അതിനു ശേഷം അവരിൽ പൂർവ്വ ജന്മങ്ങളിലേതു പോലെ  ആഹ്ലാദത്തിന്റെ  ഗതികോർജ്ജം വറ്റി. പാരമ്പര്യ വാദികളായ അതിസമർത്ഥർ അവരുടെ ആന്തരിക ശക്തി   ചോർത്തി, അവരറിയാതെ!

Sunday, October 02, 2011

റിമോട്ട് കൺട്രോൾ

അയാളുടെ പ്രധാന പ്രശ്നം അയാളുടെ ഭാര്യക്ക് അയാളെ 
സംശയമാണെന്നതായിരുന്നു.   ഭാര്യയെ പേടിച്ച്  കൃത്യം അഞ്ച് മണിക്ക് തന്നെ 
ആപ്പീസും വിട്ട് വീട്ടിലേക്കോടുന്ന അയാൾ  ഒന്നിനും സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് 
സുഹൃത്തുക്കൾ അയാളോട് പിണക്കമായി. അയാളും വിഷമിച്ചു. ഈശ്വരാ കൃത്യ സമയത്തിനു തന്നെ വീട്ടിലെത്തിയില്ലെങ്കിൽ എല്ലാം കുഴയുന്നതു കൊണ്ട്  സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം പോലും കമ്പനികൂടാനോ ഒരല്പ സമയം വെടി പറഞ്ഞിരിക്കാനോ പോലും പറ്റുന്നില്ലല്ലോ എന്ന് അയാൾ ആത്മാർത്ഥമായി വിചാരം കൊണ്ടു.
പക്ഷേ എന്തു ഫലം!
ഭാര്യ ഒരു പൊടി കൂട്ടാക്കുന്നില്ല.. കൃത്യ സമയത്തിന് തന്നെ വീട്ടിലെത്തിക്കൊള്ളണം എന്ന കർശന നിലപാട് തന്നെ.  ഈ മെയിലുകളും എസ്സെമ്മെസ്സുകളും പരിശോധിക്കുന്നതും,ഇടക്കിടെ ഫോൺ ചെയ്യുന്നതും മാത്രമല്ല,സുഹൃത്തുക്കളെ വിളിച്ച് അയാളെ പറ്റി അന്വേഷിക്കുകയും ചെയ്യുന്നതും അവൾ പതിവാക്കിയതോടെ പെൺകോന്തൻ എന്നൊരു പേരും അയാൾക്ക് കിട്ടി. അദർ   പെണ്ണുങ്ങളുമായി അയാൾക്ക് റോങ്ങായിട്ടെന്തോ ‘ഇത് ’ ഉണ്ടെന്ന് അവൾക്കൊരു ഉൾവിളിയുണ്ടായി. അതിന്റെ കാര്യ കാരണങ്ങളൊന്നും പുറം ലോകം അറിഞ്ഞിട്ടില്ലിനിയും.
ഒരു ദിവസം സുഹൃത്തായ ടൈപ്പിസ്റ്റിന്റെ വീട്ടിൽ ഒരു പാർട്ടിക്ക് പോകാൻ അയാൾക്ക് ക്ഷണം കിട്ടി. ടൈപ്പിസ്റ്റിന്റെ  വിവാഹ ബന്ധനം വേർപെടുത്തിക്കൊടുത്തു കൊണ്ടുള്ള കോടതി വിധിയോടുള്ള  സന്തോഷണിക്കേഷന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി. ഞാൻ വരുന്നില്ല എന്ന് അയാൾ പറഞ്ഞതും, സുഹൃത്തുക്കളെല്ലാം കൂടി അയാളെ ചറാന്നും, പറാന്നും ചീത്ത പറയാൻ തുടങ്ങി.
 വിവാഹമോചനം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. ഇത് ആഘോഷിക്കാൻ കൂടെ കൂടാത്തവൻ മനുഷ്യനാണോ? നീയെന്തു പറഞ്ഞാലും അന്ന്, പാർട്ടിക്ക് നിന്നെയും കൊണ്ടേ ഞങ്ങൾ പോകൂ എന്ന് കൂട്ടുകാർ  അയാളോട് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ പാർട്ടിയുടെ ദിവസമെത്തി. വൈകുന്നേരം വേഗം വീട്ടിലെത്താനായി അയാൾ ഫയൽ മടക്കി എഴുന്നേറ്റതും  കൂട്ടുകാർ ചാടി വീണു. അവരയാളെ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി സ്റ്റാർട്ടാക്കുമ്പോൾ അയാൾ ഉച്ചത്തിൽ കരഞ്ഞു: എനിക്ക് മൂത്രമൊഴിക്കണം!
വണ്ടി നിറുത്തിയിട്ട് സുഹൃത്തുക്കൾ പറഞ്ഞു: എന്നാൽ വേഗം പോയി ഒഴി
അയാൾ പറഞ്ഞു: ഇവിടെങ്ങും പറ്റില്ല,എനിക്ക് വീട്ടിൽ പോണം.പോയേ പറ്റൂ
ഇവിടെന്താ ഒഴിയില്ലേ? എന്നും പറഞ്ഞ് സുഹൃത്തുക്കൾ അയാളെ പിടിച്ച് ആൺ ബാത്ത് റൂമിൽ കൊണ്ടു പോയി എന്നിട്ട് പാന്റിന്റെ സിബ്ബ് വലിച്ച് താഴ്ത്താൻ നോക്കി. അയാൾ നിലവിളിക്കുകയാണ്-എനിക്ക് വീട്ടിൽ പോകണം എന്നും പറഞ്ഞ്
ആരു ശ്രമിച്ചിട്ടും പാന്റിന്റെ സിബ്ബ് അഴിയുന്നില്ല. എല്ലാരും തോറ്റപ്പോൾ അയാൾ പറഞ്ഞു: ഇത് അങ്ങനെയൊന്നും അഴിയില്ല വീട്ടിലെത്തിയാലേ അഴിയൂ.. സിബ്ബിന്റെ പാസ്സ് വേഡ് അവൾക്കേ അറിയൂ . അതു കൊണ്ടാ ഞാനെപ്പോഴും നേരത്തെ തന്നെ വീട്ടിൽ പോകുന്നത്. അല്ലാതെ നിങ്ങളോടെനിക്ക്…………….പറച്ചിൽ കരച്ചിലിലേക്ക്  ലൈൻ മാറ്റി അയാൾ യാചനാപൂർവ്വം സുഹൃത്തുക്കളെ നോക്കി.
  സുഹൃത്തുക്കൾ കറന്റടിച്ചതു പോലെ നിന്നു പോയി. ഇതി കർത്തവ്യതാ ഫൂളുകളായി............!!!

Thursday, September 29, 2011

താമരയിതളിലെ തവള

നീർക്കോലി സാർ സീരിയസ്സായി പാഠം പഠിപ്പിക്കുമ്പോൾ അവൾ-താമരക്കുളത്തിൽ നീലിത്തവള- അർദ്ധമയക്കത്തിലായിരുന്നു.  മാഷ് ശീ.....ശീ.....വച്ച്  അവളെ ഉണർത്തി.
“ശ്രദ്ധിക്കൂ കുട്ടീ.”  മാഷ് പറഞ്ഞു.
അവൾ പിന്നെ മുഴുവൻ ശ്രദ്ധയും ക്ലാസ്സിൽ തന്നെ നൽകി.
മാഷിന്, അവളിലൊരു കണ്ണുണ്ടോന്ന് ക്ലാസ്സിലെ പലരും  പരസ്പരം കുശ്ക്കൂ.......കുശ്കൂ   പറയാറുണ്ടായിരുന്നു. എന്തായാലും മെലിഞ്ഞു നീണ്ട സുന്ദരനായ നീർക്കോലി സാറിനോട്  നീലിപ്പെണ്ണിന്  സീരിയസ്സായിത്തന്നെ ഒരു ‘ഇത് ’ ഉണ്ടായിരുന്നു എന്നത്  ആരും അറിഞ്ഞിരുന്നില്ല.

മാഷെടുത്ത ക്ലാസ്സ്, ജലകണത്തെ പറ്റിയായിരുന്നു.
ഒരു തുള്ളി ജലം പൊയ്കയിൽ വീണാൽ                                                  
അത് വ്യക്തിത്വം നഷ്ടപ്പെട്ട് പൊയ്കയിൽ ലയിക്കുന്നു!
വീഴ്ചക്കിടയിൽ നീർമണി ഒരു  താമരയിതളിൽ തങ്ങിയാലോ?
അപ്പോഴതൊരു  മുത്താകും. തിളക്കമാർന്ന മുത്ത്!


അന്ന്  ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ നീലിപ്പെണ്ണ്  തന്റെ വാസ സ്ഥലമായ താമരക്കുളത്തിലെ ജലത്തിൽ ലയിക്കാതെ  കുളത്തിലെ ഒരു താമരയുടെ ഇതളിലിരുന്ന് മാഷെടുത്ത പാഠം ഉറക്കെ ഉരുവിട്ടു. പിന്നെ, അവൾ  സ്വയമൊരു മുത്തായി  നീർക്കോലിസാറിന്റെ തലപ്പാവിൽ ഇരിപ്പുറപ്പിച്ചതായി സ്വപ്നം കണ്ടുറങ്ങിപ്പോയി.


പിറ്റേ ദിവസം  തവളപ്പെണ്ണ് ക്ലാസ്സിൽ ഹാജരില്ലായിരുന്നു!
നീർക്കോലി മാഷിന്,  തവളയിറച്ചി ദഹിക്കാത്തതിന്റെ അസ്ക്കിതയുണ്ടായിരുന്നു!!