പേജുകള്‍‌

Friday, August 22, 2014

ഇടിയാമുലകൾ

മുലയിടിയുന്നത് തടയാനൊരു 
മരുന്നു കണ്ടു പിടിച്ചെന്നവൾ കേട്ടു.
പക്ഷേ പണമില്ലല്ലോ.
വീടിനു പിറകിലെ ആ മല വിറ്റാലോ?
മല വിറ്റ് അവൾ മുലയിടിയാതിരിക്കാനുള്ള മരുന്നു വാങ്ങി.
മല വാങ്ങിയവൻ മലയിടിച്ചു. പാറയും മണലും കൊണ്ട് പോയി.
മഴക്കാലത്ത് മലയിടിഞ്ഞു.
അവൾ മലക്കടിയിലായി.
തിരച്ചിൽ സംഘം മണ്ണ് മാന്തി നോക്കിയപ്പോൾ.............
ആദ്യം പുറത്ത് കണ്ടത്..............
ഉടയാത്ത രണ്ട് മുലകളായിരുന്നു.

നെഞ്ചിലെ പൊങ്കാല

പൊങ്കാലക്കിടെ ഒരുവൾ 
കൂട്ടുകാരിയോട് : അമ്മായി നന്നാവില്ലെടീ........
ഇത് കഴിഞ്ഞ് നേരെ വീട്ടിലെത്തീട്ട് വേണം 
അവരുടെ നെഞ്ചത്ത് കേറി അടുത്ത പൊങ്കാലയിടാൻ.

മാംസത്തിന്റെ മതം മാറ്റം

അയാൾ മതം മാറി, മാംസം കഴിക്കാൻ 
അനുവാദമില്ലാത്ത ഒരു മതത്തിൽ ചേർന്നു. 
പുരോഹിതൻ ഒരു പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് 
അയാളുടെ മേൽ കുടഞ്ഞിട്ട് പറഞ്ഞു : നീയിപ്പോൾ@#$%^&* മതത്തിലെ അംഗമായി എന്ന്.
അയാൾക്ക് മാംസം തിന്നാതെ വയ്യാണ്ടായി. 
ഒരു ദിവസം അയാൾ മാംസം ഭക്ഷിച്ചു.
മതത്തിന്റെ കോമരങ്ങൾ അയാളെ പിടിച്ച് വിചാരണ ചെയ്തു.
അയാൾ പറഞ്ഞു: ഞാൻ മാംസത്തെ വെള്ളം കുടഞ്ഞ്, 
മാംസമേ നീയിപ്പോൾ @#$%^&* മതത്തിലെ അംഗമായി 
എന്ന് പറഞ്ഞിട്ടാണ് ഭക്ഷിച്ചത്.

ഇനിയെന്തിന് പുഴ?

കുന്നിൽ നിന്ന് കടലിലേക്കുള്ള 
ദൂരത്തെ ബന്ധിപ്പിക്കാനാണ് ദൈവം 
പുഴകളെ ഒരുക്കിയത്.
കടപ്പുറം മുതൽ കൊടുമുടികൾ വരെ ബന്ധിപ്പിച്ച് 
മനുഷ്യൻ ഹൈവേകൾ പണിതപ്പോൾ 
ദൈവം തന്റെ പഴഞ്ചൻ ടെക്നോളജി എങ്ങോ കളഞ്ഞു.
താഴോട്ട് മാത്രം ഒഴുകുന്ന പുഴ ഒരു നാണക്കേടാണ്.
അനന്തരം പുഴകൾ വറ്റാൻ തുടങ്ങി.

Thursday, August 21, 2014

സീതാദു:ഖം

വൈകാരികമായി
സ്ഫോടനാത്മകതയുടെ 
പാരമ്യതയിലായിരിക്കുമ്പോഴാവണം, 
സീതയെന്ന സ്ത്രീയെ ഭൂമിദേവി 
സ്വയം പിളർന്ന് തന്നിലേക്ക് ആവാഹിച്ചത്. 
ഭൌമോപരിതലത്തിൽ വച്ച് 
അവൾ പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ 
രാജാവും രാജ്യവും സദാചാരവും 
എല്ലാം ചാമ്പലാകുമായിരുന്നുവെന്ന് 
ഭൂമിദേവിക്കറിയാമായിരുന്നു. 
സീതയെ ഉൾക്കൊണ്ട നാളു തൊട്ടായിരിക്കണം 
ഭൂമിക്കകം ഇത്രമേൽ ചുട്ടുപഴുക്കാൻ തുടങ്ങിയത്. 
സീതയുടെ നീറുന്ന നൊമ്പരങ്ങളായിരിക്കണം 
അഗ്നിപർവ്വതങ്ങളിൽ നിന്നും ലാവയായി ബഹിർഗ്ഗമിക്കുന്നത്.

മയിൽ‌പ്പീലി

മറ്റാരും കാണാതെ 
അവൻ മനസ്സിന്റെ പുസ്തകത്തിലൊളിപ്പിച്ചു വച്ച 
മയിൽ‌പ്പീലി തുണ്ടായിരുന്നു അവൾ.
മയിൽ പീലി പെറ്റാൽ 
സന്തോഷിക്കുന്ന കുട്ടികളിൽ നിന്ന് വ്യത്യസ്തമായി, 
അവൾ പെറ്റെന്നറിഞ്ഞപ്പോൾ അവൻ പൊട്ടിക്കരഞ്ഞു.

Wednesday, August 20, 2014

ശരിയുത്തരം

ഹിന്ദി പരീക്ഷയിൽ അവന് കിട്ടിയ മാർക്ക് അൻപതിൽ നാൽ‌പ്പത്തി ഒൻപത് ആയിരുന്നു. എന്നാൽ അവന്റെ അച്ഛൻ ആ മാർക്കിൽ തൃപ്തനായിരുന്നില്ല. അവൻ തെറ്റിച്ച ഉത്തരവും ചോദ്യവും അയാൾ പരിശോധിച്ചു.
ആരാണ് നമ്മുടെ കഷ്ടതകൾ ദൂരീകരിക്കുന്നത് എന്നായിരുന്നു അവൻ ഉത്തരം തെറ്റിച്ച ചോദ്യം. രാജാവ്, പിതാവ്, ഈശ്വരൻ എന്നീ 3 ഓപ്ഷനുകളിൽ അവൻ തെരഞ്ഞെടുത്തത് പിതാവ് എന്ന ഉത്തരമായിരുന്നു.
ഈശ്വരനല്ലേ നമ്മുടെ കഷ്ടതകൾ തീർക്കുന്നത് എന്ന് അയാൾ മകനോട് ചോദിച്ചു.
അവൻ തീരെ താല്പര്യമില്ലാത്ത മട്ടിൽ ഒന്ന് ചിരിച്ചു. എന്നിട്ട് അച്ഛനോട് തിരിച്ച് ചോദിച്ചു: ഈ പറയുന്ന കഷ്ടതകൾ ഒക്കെ ഉണ്ടാക്കുന്നത് ആരാണ്? കഷ്ടതകൾ ഉണ്ടാക്കുന്നവനെ കഷ്ടതകൾ ദൂരീകരിക്കുന്നവനെന്ന് വിളിക്കുന്നതെങ്ങനെ? ഒരു മാർക്കോ ശരിയായ ഉത്തരമോ അഭിലഷണീയം?
ആ പാവം പിതാവിന് ഉത്തരമില്ലായിരുന്നു.

Sunday, August 17, 2014

ബുദ്ധിമാന്മാർക്കുള്ളത്!!

ബുദ്ധിമാന്മാർക്കുള്ളതാണ് ജനാധിപത്യം 
എന്ന, നേതാവിന്റെ വാക്കുകൾ കേട്ട 
സദസ്യരായ ദളിതർ ഉള്ളാലെ പറഞ്ഞു: 
അപ്പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ്. 
തെരഞ്ഞെടുപ്പിൽ വിജയശ്രീലാളിതനായി 
തലസ്ഥാനത്തേക്ക് തിരിക്കുമ്പോൾ അന്നാട്ടിലെ 
ഓരോ ഇലകളും മർമ്മരങ്ങളിലൂടെ 
മണ്ടന്മാരായ വോട്ടർമാരോട് നേതാവിന്റെ 
വാക്കുകൾ പ്രതിധ്വനിപ്പിച്ചു : 
ബുദ്ധിമാന്മാർക്കുള്ളതാണ് ജനാധിപത്യം!

ഹൃദയം

ഹൃദയം മരക്കൊമ്പിൽ മറന്നു വച്ചെന്നു പറഞ്ഞ് പറ്റിച്ച കുരങ്ങനോട് മുതല പറഞ്ഞത് ആരും കേട്ടില്ല:
“ചങ്ങാതീ, അവൾക്ക് നിന്റെ ഹൃദയമാണുവേണ്ടത്.എന്റെ ഹൃദയം പോലും വേണ്ടാത്തിടത്താണ് അവൾ നിന്റെ ഹൃദയം കൊതിക്കുന്നത്. പക്ഷേ നീയും ഞാനും അവളും ഭാഗ്യം കെട്ടവരായിപ്പോയല്ലോ”
 

Friday, August 15, 2014

മാനികളുടെ സ്വാതന്ത്ര്യം

ഒരാളെ കൊന്നതിനാണവൾ ജയിലിൽ കുടുങ്ങിയത്.
കാരാഗൃഹത്തിനകത്ത്, സ്വാതന്ത്ര്യ ദിനത്തിൽ ലഭിച്ച 
ലഡു തിന്നുകൊണ്ട് അവൾ, 
ആറാൾ പൊക്കത്തിലുള്ള ചുറ്റുമതിലിലേക്ക് കണ്ണുപായിച്ചു.
ആ മതിലിനപ്പുറം തന്നെ മാന്തിപ്പൊളിക്കാൻ ശ്രമിച്ചവരിൽ 
ഒരാളൊഴികെ എല്ലാവരും സ്വതന്ത്രരാണ്.
അവൾ നെടുവീർപ്പിന്റെ മേമ്പൊടി ചേർത്ത 
ഒരു ചിന്ത പണിഞ്ഞു:
അസ്വതന്ത്രയെങ്കിലും എത്ര സുരക്ഷിതമാണീ പാരതന്ത്ര്യം

Wednesday, August 13, 2014

ബന്ധനം

അവളുടെ കഴുത്തിൽ കെട്ടാനുള്ള താലി പണിയാൻ 
അവൻ തട്ടാനിൽ നിന്നും എസ്റ്റിമേറ്റ് വാങ്ങിച്ച്
വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ അവൾ  ഒരു
ചിരിയോടെ  അവനെതിരേവന്നു -
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
:
അവന്റെ കൈയിൽ കെട്ടാനുള്ള രാഖിയുമായി