പേജുകള്‍‌

Sunday, August 28, 2011

വിധി

ഒരു കുഞ്ഞിന്റെ മേലുള്ള  അവകാശവാദവുമായി രണ്ട് സ്തീകൾ കോടതിയിലെത്തി.  
രണ്ടു പേരും  പിന്മാറാൻ  കൂട്ടാക്കാതെ നിന്നപ്പോൾ  കോടതി ,
കുഞ്ഞിനെ കഷ്ണമാക്കി വീതിച്ചു നൽകുന്നതിൽ  വാദികളുടെ  അഭിപ്രായമാരാഞ്ഞു. 
അവർക്ക്  സമ്മതം. 
പക്ഷേ കോടതി കുഴങ്ങി. 
ഒരു നമ്പരിട്ടു നോക്കിയതായിരുന്നു. ഏറ്റില്ലല്ലോ!
കോടതി, കേസ് മാറ്റി വച്ചു.
പിന്നെയും മാറ്റി വച്ചു
പിന്നെയും മാറ്റി
പിന്നെയും!
....................
................
.............
..........
........
.......
ഒരു ദിവസം ഒരു ചെറുപ്പക്കാരൻ കോടതിയിൽ നിന്ന്  ആക്രോശിക്കുന്നതു കേട്ടു: 
“ഈ  രണ്ടമ്മ മാരേയും ഞാൻ  അവകാശിയെന്ന നിലയിൽ കൊണ്ടു പോകുന്നു. കോടതിക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?”
ഉറഞ്ഞു കൂടിയ നിശ്ശബ്ദതക്കിടയിൽ രണ്ട് അമ്മ മാരേയും  ചുമലിലേറ്റി കോടതിയിൽ നിന്നും, അയാൾ പുറത്തേക്കു പോയി .
ഒരു കാറ്റു പോലെ!!


Saturday, August 27, 2011

വിഷം

സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോകുന്ന പെൺകുട്ടിയുടെ മനസ്സിനെ കൊളുത്തിവലിച്ചത് ജൌളിക്കടയിലെ ആ വിഷനീലച്ചുരിദാറായിരുന്നു. അതിന്റെ വില അവളുടെ ഒരു മാസത്തെ ശമ്പളത്തെക്കാൾ അധികമായിരുന്നു. പക്ഷെ ആ വസ്ത്രത്തിന്റെ ആകർഷകത്വം,അവളെ സർപ്പം പോലെ വരിഞ്ഞു. മൊബൈൽ ഫോണിൽ നിന്നും,ഫാൻസി ആഭരണങ്ങളിൽ നിന്നും വൈദ്യുതി യൂണിറ്റിൽ നിന്നുമെല്ലാം ഓരോ നുള്ള് മാറ്റി വച്ച് അവൾ ആ ചുരിദാറിനുള്ള വിലയൊരുക്കാൻ നോക്കി പരാജയപ്പെട്ടു. അന്നൊരു ദിവസം അവളോടവളുടെ ആൺ ഫ്രണ്ട് ചോദിച്ചു: നിന്റെ പിറന്നാളിന് ഞാൻ നിന്റെ വീട്ടിൽ വന്നാൽ എനിക്കെന്തു തരും? അവൾ മറുമൊഴിഞ്ഞില്ല. പിറന്നാളിന് അവൻ വന്നു. ഒന്നും നൽകാനില്ലാതെ അവൾ കരഞ്ഞു. ആ കണ്ണീരിൽ അവളുടുത്തിരുന്ന പഴയ ചുരിദാർ അലിഞ്ഞു തീർന്നു. പിന്നെയും അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അവന്റെ വിഷനിശ്വാസങ്ങൾ തന്നിൽ  പടരുന്നതും, സ്വയം തളരുന്നതുമറിയാതെ ഏതോ കയത്തിൽ കുറെ നേരം അവൾ അമർന്നു.ഉണർന്നപ്പോൾ വിഷം തീണ്ടിയതു പോലെ കരുവാളിച്ച സ്വന്തം ശരീരത്തിലേക്ക് അവൾ തിരിച്ചു വന്നു. അത് ദേഹത്തിന്റെ കരുവാളിപ്പല്ല, ഏറെ നാൾ  അവളുടെ കരളുടക്കിയ ചുരിദാറായിരുന്നുവെന്നറിഞ്ഞിട്ടും അവൾ പിന്നെയും കരഞ്ഞു 

Friday, August 19, 2011

സുരക്ഷ!

സ്വന്തം സുരക്ഷിതത്വം കണക്കിലെടുത്ത്  ഹോട്ടൽ മൊതലാളി  അയാൾക്കുള്ള  ഭക്ഷണം  വീട്ടിൽ നിന്നായിരുന്നു  വരുത്തിയിരുന്നത്!
*******
അയാളുടെ മകൻ സർക്കാർ ഇസ്ക്കോളിലെ മാഷായിരുന്നു. മക്കൾടെ ഫാവി സുരക്ഷക്കായി  അയാൾ മക്കളെ  ഇങ്ക്ലീഷ്  മീഡിയത്തിലയച്ചു!
*******

പേരമക്കൾ  അതിസമർഥരായിരുന്നു. മാതാപിതാക്കളെ  അവർ  സുരക്ഷിതമായി  വൃദ്ധമന്ദിരത്തിലേക്കയച്ചു!

Monday, August 15, 2011

ആറുവരിപ്പാത

ഒരിടത്തൊരു കഷ്ടകാലം പിടിച്ച മനുഷ്യനുണ്ടായിരുന്നു. ഒരു രാമൻ! വിറകു കീറാനുണ്ടോ എന്ന് ചോദിച്ച് കൊണ്ട് ഗ്രാമാന്തരങ്ങളിലൂടെ കോടാലിയും തൂക്കി നടന്നിരുന്ന അയാളെ നാടന്മാർ കോടാലിരാമൻ എന്നു വിളിച്ചുവന്നു.ഭാര്യയെ സംശയിക്കുന്ന അച്ഛന്റെ വാഴ്ചയുള്ള വീട്ടിൽ രാമനും അമ്മയും പതുങ്ങിക്കഴിഞ്ഞുകൂടിപ്പോന്നു.
        ഒരു ദിവസം കെട്ടിച്ചമച്ച തെളിവുകളോടെ ഭാര്യയെ ‘കൈയോടെ’ പിടികൂടി അച്ഛൻ രാമനെ ഏൽ‌പ്പിച്ചു. വിചാരണ നടത്തി വിധിയും പറഞ്ഞു :രാമൻ ആരാച്ചാരാകുക;അമ്മയെ വധിക്കുക!
            അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന രാമനെ അച്ഛൻ നാടുവാഴിക്ക് ഒറ്റിക്കൊടുത്തു. എന്നാൽ നാടുവാഴിയും,നാട്ടുകാരും രാമനെ ഭയന്ന് അയാളെ കാണാതെ ഒഴിഞ്ഞു നടക്കാൻ തുടങ്ങി.ഒറ്റപ്പെടലിന്റെ അസ്വസ്ഥതയിൽ,അയാൾ തെക്കോട്ട് തിരിഞ്ഞു നിന്ന് കോടാലിയെടുത്തൊരേറു വച്ചുകൊടുത്തു.എന്നിട്ട് നെഞ്ചിനിട്ട്  അഞ്ചാറടിയടിച്ചു. വീട്ടിനകത്തേക്ക് ഭ്രാന്ത് പിടിച്ചോടിക്കയറുമ്പോൾ, മുന്നിൽ ചിരിച്ച് കൊണ്ട് നിൽക്കുന്ന അമ്മയെ അയാൾ കണ്ടു.“അമ്മേ മാപ്പ്” എന്നുപറഞ്ഞ് കടലിൽ ചാടി ചാകാൻ വീട്ടിൽ നിന്നിറങ്ങിയോടിയ അയാൾക്കുമുമ്പിൽ കടൽ അകന്നുപോയി.
“അമ്മേ..............കടലമ്മേ............നിനക്കുമെന്നെ വേണ്ടേ?” എന്നു കരഞ്ഞു പറഞ്ഞ് കൊണ്ട് നിന്ന രാമനെ, പൊടുന്നനെ പെയ്ത കനത്ത മഴ ഭൂതകാലത്തിലലിയിച്ചു. പിന്നെ രാമനെയാരും കണ്ടില്ല.രാമൻ ഒരവതാരമൂർത്തിയായി പിൽക്കാലത്ത് കൊണ്ടാടപ്പെട്ടു
                                       ***************
 ഭയന്നകന്ന കടലൊഴിച്ചിട്ട ഉപ്പുമണ്ണിൽ ഒരു രാജാവ് മുളച്ചു വന്നു. കൈയിൽ ഒരു കോടാലിയുണ്ടായിരുന്നു.വിരിഞ്ഞ നെഞ്ചും തിളക്കമാർന്ന കണ്ണുള്ളതുമായ ചെറുപ്പക്കാരെല്ലാം രാജാവിന്റെ കോടാലിക്കിരയായി.പെൺമയുടെ മൃദുലതകളിൽ രാജാവിന്റെ നഖങ്ങൾ ചോരപ്പാടുകൾ വീഴ്ത്തി.
             രാജാവ് നിർമ്മിച്ച വികസന നിരത്ത് മുപ്പത് വാര വീതിയിൽ രാജ്യത്തിന്റെ ആകെ നീളത്തിൽ പരന്നു കിടന്നു. പോര!വികസനത്തിന്റെ ദേശീയ പാത നാൽ‌പ്പത് വാരയാക്കണം.ചോരയൊഴുക്കിൽ ദൃഢീകരിച്ച ദേശീയ പാത നാൽ‌പ്പത് വാരയായി. പിന്നെ അൻപത്.......അറുപത്....
   പോരാ. വികസനത്തിന്റെ ഗമനാഗമനങ്ങൾക്ക് കൂടുതൽ വാഹനങ്ങളെത്തിയപ്പോൾ ഇനിയും പാത വീതി കൂട്ടാൻ രാജാവ് കൽ‌പ്പിച്ചു. അങ്ങനെ വളർന്ന പാത രാജ്യത്തിന്റെ മുഴുവൻ വിസ്തൃതിയും കവർന്നു. ഇനി? ഇനി വിസ്തൃതമായ രാജ്യമാണ് വേണ്ടത്. രാജാവ്  കടൽക്കരയിലേക്ക് നടന്നു . എന്തിനാണീ നശിച്ച കടൽ? ഒരു കാര്യവുമില്ലാതെ വെറുതെ പരന്നു കിടക്കുന്നതു കണ്ടില്ലേ കടലിനെ അകറ്റണം, സാമ്രാജ്യവിസ്തൃതി ഇനിയും കൂട്ടണം. രാജാവ് ദിക്കുകൾ നടുങ്ങുമാറ് അലറി വിളിച്ചു    “രാമാ.........ഈ നശിച്ച കടലിനെ അകലേക്ക് തുരത്തി രാജ്യ വിസ്തൃതി വർദ്ധിപ്പിക്കൂ......”
    അലർച്ച കേട്ട് കാതുകൾ പൊത്തിയ ദിക്കുകൾ കടലിൽ നിന്നു പൊങ്ങി വരുന്ന സൂര്യ തേജസ്സിലേക്ക് കണ്ണ് കൂർപ്പിച്ചു. ആ സൂര്യ തേജസ്സ് കരയിലേക്ക് -വികസനത്തിന്റെ ദേശീയപാതയിലേക്ക്-മന്ദം മന്ദം നടന്നു വന്നു. അതൊരു മെലിഞ്ഞുണങ്ങിയ കറുത്ത മനുഷ്യനായിരുന്നു.വട്ടച്ചില്ലുകളുള്ള സത്യദർശനം നൽകുന്ന കണ്ണട ധരിച്ചിരുന്ന ആ മനുഷ്യന്റെ ഒരു കൈയിൽ ദൃഢ വിശ്വാസത്തിന്റെ വടിയും, മറ്റെ കൈയിൽ സത്യങ്ങളാവാഹിച്ച ഗ്രന്ഥവുമുണ്ടായിരുന്നു.
              അദ്ദേഹത്തിനു പിറകിൽ കടൽ കര കയറി വന്നു-സുനാമിത്തിരകളുടെ ഖണ്ഡങ്ങളായി............!  
ഓരോ തിരയും ജപിക്കുന്നുണ്ടായിരുന്നു...........
                       റാം...........റാം..........!

    

Thursday, August 11, 2011

ഉയരവും വലുപ്പവും

ഭൂമിശാസ്ത്രം ക്ലാസ്സിൽ വച്ച് മാഷ് പിള്ളേരോട് ചോദിച്ചു:“ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
അപ്പോൾ മാഷിനൊരു ഫോൺ വന്നു.
ഉത്തരം പറയാൻ ഊഴം കാത്തപിള്ളേരോട് വലതു കൈ ഉയർത്തി അടങ്ങാൻ ആംഗ്യം കാട്ടി മാഷ്,ഇടത് കൈകൊണ്ട് കൈ ഫോൺ ചെവിക്ക് ചേർത്ത്  മറുതലയെ കേട്ടു:
“മോനെ ഇതമ്മാവനാ.ആ പ്രൊപ്പോസൽ ശരിയാവില്ല.ആ പെണ്ണിന് വേറെ ..............വിട്ടുകള മോനെ.ഞാൻ വീട്ടിൽ വരുന്നുണ്ട്.”
ഞാൻ അങ്ങോട്ട് തിരിച്ചു വിളിക്കാം എന്ന് വെറുതെ പറഞ്ഞ് മാഷ്,കോൾ കട്ടാക്കി.
“മാഷേ എവറെസ്റ്റ്........എവറെസ്റ്റ്” എന്ന് വിളിച്ചു പറയുന്ന കുട്ടികളെ നോക്കി തന്റെ ഹൃദയം കവർന്ന ‘നീലിമ’യുടെ ഹൃദയത്തിന്റെ അജയ്യമായ ഔന്നത്യത്തെ അയാൾ വെറുതെ ഒന്നു കൂടി ഓർത്തു. അതിനു മുൻപിൽ എന്ത് എവറെസ്റ്റ്?
ഇനി അടുത്ത ചോദ്യം:“ഏറ്റവും വലിയ കടൽ ഏതാണ്?”
ഉത്തരം പറയാനൊരുങ്ങുന്ന കുട്ടികളെ തടഞ്ഞു കൊണ്ട് മാഷിന്റെ ഫോണിൽ ഒരു കോൾ വന്നു.പെങ്ങളാണ്. സ്ത്രീധന ബാക്കി കൊടുക്കാഞ്ഞതിന്  അളിയൻ പിന്നെയും വയലന്റായീന്ന്!
പിന്നീട് വിളിക്കാമെന്ന് മറുതല തന്നെ പറഞ്ഞപ്പോൾ  മാഷ് ഫോൺ കീശയിലിട്ടു.

“മാഷെ ......ശാന്തസമുദ്രം.....ശാന്തസമുദ്രം.....എന്ന് മാഷിന്റെ അശാന്തമായ മനസ്സിലേക്ക് പിള്ളേർ ഉത്തരമെയ്തു.
അശാന്തമായ മനസ്സിന്റെ ആഴവും പരപ്പും ഏതു ശാന്ത സമുദ്രത്തിനുണ്ട് എന്ന് സ്വയം ചോദിച്ച് മാഷ് അടുത്ത ചോദ്യത്തിലേക്ക് കടക്കും മുൻപ് ബെല്ലടിച്ചു.
      കപ്പലുണ്ടാക്കാൻ പാങ്ങില്ല. ഉയരം കീഴടക്കാൻ കോപ്പുകളുമില്ല. ആശക്ക് വകയുള്ളത് അടുത്ത മുക്കാൽ മണിക്കൂർ ഫ്രീയാണെന്നുള്ളതു മാത്രമാണ്. അയാൾ ഫ്രീ പിരിയഡിന്റെ ചെറു കുളത്തിലൊന്നു മുങ്ങാൻ പോയി.

Monday, August 08, 2011

ഞാൻ ,കവിത!

എന്നെ തിരിഞ്ഞില്ലേ?..................ഞാൻ കവിതയാണ്.......കവിത!
ഞാനിപ്പോൾ പുഷ്കല കാലത്തിന്റെ ഞെട്ടറ്റ്
പടുകുഴിയിലാണ്, വീണിരിക്കുന്നത്.
കിടപ്പിലാ‍......നടുവൊടിഞ്ഞ്.
ആർക്കും കയറി നിരങ്ങാൻ പാകത്തിന്.
ഇതു തുടങ്ങിയിട്ട് നാളേറെയായെങ്കിലുമേറ്റവുമധികമാളുകൾ
പ്രായ- ലിംഗ ഭേദമെന്യേ കയറിക്കസറിയത്
ഈയടുത്ത കാലത്താണ്.
ചോദിക്കാനും പറയാനും ഒരെഡിറ്ററില്ലെന്നു വച്ച്.....,
പ്രസിദ്ധപ്പെടുത്താനൊരു പബ്ലിഷർ വ്വേണ്ടെന്ന് വച്ച്.......
ഇത്രക്കങ്ങ് പീഢിപ്പിക്കാമെന്നോ? പാവം ഞാൻ!
ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ
എന്നെയൊന്നങ്ങ് കൊന്നു തരാമോ?
അല്ലെങ്കിൽ ആ പണ്ടാരത്തിനെ .............
ആ ഗൂഗിളാന്റിയെ
ഒന്ന് കൈയാമം വച്ചാലും മതി!
വെറുതെയല്ലോ മോഹങ്ങൾ...............
ഈശ്വരാ..........സ്വയം ചാകാനും പറ്റുന്നില്ലല്ലോ.
ഒരുപകാരം ചെയ്യൂ.......!എന്തെങ്കിലുമെഴുതിക്കോളൂ
എന്റെ പേർ വയ്ക്കാതിരുന്നാ‍ൽ മതി.
ചവറു കൂമ്പാരത്തിലായാലും.........ചെറുസമാധാനം കിട്ടുമെനിക്ക്.................നന്ദി മാത്രം!
ഇനിയതേയുള്ളു!

Saturday, August 06, 2011

സ്ത്രീധനം

മലമുകളിലെ തേവരോട് താഴ്വാരത്തെ മാളിക വീട്ടിലെ കന്യക പിന്നെയും പിന്നെയും ചോദിച്ചൂ:എന്നാണിനി മാംഗല്യം? ഓരോ തവണയും കരുണയോടെ അവളെ മടക്കിയ തേവർ ഒടുവിൽ സമ്മതിച്ചൂ: ഇന്നേക്ക് മുപ്പതാം നാൾ നമുക്ക് മാംഗല്യം. സ്ത്രീ ധനമായി ഒരു കുമ്പിൾ ശുദ്ധജലം, യന്ത്രനഖപ്പാട് പതിയാത്ത ഒരു കുന്ന്, മനുഷ്യന്റെ ആർത്തിക്കണ്ണ് പതിയാത്ത ഒരു മരം, സമാധാനമുള്ള ഒരു മനുഷ്യ മനസ്സ്,തിരക്കില്ലാത്ത ഒരു ദിവസം,വിഷം കലരാത്ത ഒരു ശ്വാസം.............തേവർ അവസാനിപ്പിക്കുന്നതിനു കാത്തുനിൽക്കാതെ കന്യക മലയിറങ്ങി.താഴ്വരയിലെ മാളികയിൽ ഇപ്പോൾ അവളില്ല. എല്ലാ വർഷവും തേവരെ കാണാനെത്തുന്ന ഭക്തർ ആ മാളിക വീട്ടിനു മുന്നിലും ചെന്ന് പ്രാർഥിക്കാറുണ്ട്. അവർക്കു വേണ്ടിയോ   അതോ അവൾക്ക് വേണ്ടിയോ? 

Thursday, August 04, 2011

വിശപ്പ്

അക്കൊല്ലത്തെ ഓണ സദ്യക്ക് കുത്തരിച്ചോറും, പതിന്നാല് കറികളും, രണ്ട് തരം പായസങ്ങളും ഉണ്ടായിരുന്നു. എന്നാൽ സദ്യയുണ്ടവരൊന്നും, നല്ലതു പറഞ്ഞില്ല. വിളമ്പിയതിൽ പാതിയും ഇലയിൽ ബാക്കി വച്ച് അവർ ഇലമടക്കി എഴുന്നേറ്റു. ഒരുക്കിയ ഭക്ഷണം കുറച്ച് കൂടി ബാക്കിയുണ്ട് . സംഘാടക സമിതി, ബാക്കിയുള്ള ഭക്ഷണം കുഴിച്ചു മൂടാനൊരുങ്ങുമ്പോൾ കന്നാസെന്നും കള്ളാസെന്നും പേരുള്ള രണ്ട് പെറുക്കി പിള്ളേർ അതു വഴി വന്നു. കുഴിച്ച് മൂടാനിരുന്ന ഭക്ഷണം അവർക്ക് നൽകാൻ തീരുമാനിച്ചു.  അടിപൊളിയായി വെട്ടി വിഴുങ്ങിക്കൊണ്ടിരുന്ന കന്നാസിനോടും,കള്ളാസിനോടും വെറുതെ ഒരു ചോദ്യം ആരോ ഒരാൾ ചോദിച്ചു:“ഇതിലെ പതിനാല് കറികളിൽ ഏതു കറിയാ കൂടുതൽ രുചികരം?” കന്നാസ് പറഞ്ഞു: പതിനഞ്ചാമത്തെ കറി!    “പതിനഞ്ചാമത്തെ കറിയോ? അതെന്ത്?” അയാൾ അതിശയം കൂറി.........................  കള്ളാസ് വ്യക്തമാക്കി: വിശപ്പ് !!

Wednesday, August 03, 2011

വിപ്ലവം

നേതാവിനോട് അണികൾ ഒരുമിച്ച് ചോദിച്ചു: ഉറക്കെ വിളിക്കട്ടേ വിപ്ലവം ജയിക്കട്ടേ.....ന്ന്?  നേതാവ് തിരിച്ച് ചോദിച്ചു: വിപ്ലവം വരാനിടയുള്ള വഴികളെല്ലാം അടച്ചിരിക്കുമല്ലോ......അല്ലേ? എങ്കിൽ വിളിച്ചോളൂ........വിപ്ലവം ജയിക്കട്ടേ......ന്ന്. അണികൾക്ക് ആളെക്കൊല്ലാൻ ആയുധങ്ങളെടുത്ത് കൊടുത്ത് നേതാവ് ഉൾവലിഞ്ഞു. അകത്ത് ചെന്ന് ഫോണെടുത്ത് നമ്പർ ഞെക്കി ചെവിക്ക് വച്ച് ആർദ്രമായി പറഞ്ഞു: പിള്ളേര് പോയി. ഞാനങ്ങ് വരുന്നുണ്ട് കേട്ടോ. താമസിയാതെ കൊട്ടാരം പോലൊരു കാർ, പോർച്ചിറങ്ങി പറന്ന് പോയി.

Monday, August 01, 2011

സീബ്രാ ക്രോസ്സ്

ജനപ്രിയ ചാനലിൽ ഒരൊന്നൊന്നര ചർച്ച നടക്കുകയാണ്. വിഷയം: റോഡപകടങ്ങൾ -പ്രതിവിധിയെന്ത്? ലൈവ് കാഴ്ചയാണ് ഇപ്പോൾ കാണിക്കുന്നത്.  ദേശീയ പാതയിലെ സീബ്രാ വരയിൽ ഒരാൾ ഏതോ വാഹനമിടിച്ച് വീണു കിടന്നു പിടയുന്നു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ അയാളെ  മൈന്റ് ചെയ്യാതെ പുളഞ്ഞ് പായുന്നു. വേദന കൊണ്ട് പുളയുന്ന അയാളെ സഹായിക്കാൻ ആരും വരുന്നില്ല. ചാനലിൽ ചർച്ച പൊടിപൊടിക്കുന്നു.പെട്ടെന്ന് തൊട്ടടുത്ത ചാനലായ നാഷനൽ ജ്യോഗ്രഫിക് ചാനലിൽ നിന്നും ഒരു പറ്റം സീബ്രകൾ നമ്മുടെ ചാനലിലേക്ക് കുതിച്ചിരമ്പിക്കയറി വന്നു.ഒരു സീബ്ര പരിക്കേറ്റയാളെ ,കടിച്ചെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. മറ്റുള്ളവ അയാൾക്കപകടം പറ്റിയ സീബ്രാ ക്രോസ്സിലെ വെളുത്ത വരകൾ ചാണകമിട്ട് കറുപ്പിച്ചു.     ആളെ പറ്റിക്കുന്നത് സീബ്രകളുടെ പേരിൽ വേണ്ടെന്ന  ശക്തമായ മുന്നറിയിപ്പോടെ അവ പൊടിപറത്തിക്കൊണ്ട് സ്വന്തം ചാനലിലേക്ക് മടങ്ങിപ്പോയി. നമ്മുടെ ചാനലിലിപ്പോൾ നിരർത്ഥകതയുടെ വെറും പൊടി പടലങ്ങൾ മാത്രം. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ നോ സിഗ്നൽ എന്ന മങ്ങിയ കാഴ്ച കൂടി കണ്ടു. അതെ മങ്ങിയ കാഴ്ചകൾ.............!കണ്ണട    മാറ്റാനുള്ള നേരം അതിക്രമിച്ചിരിക്കുന്നുവോ?