പേജുകള്‍‌

Monday, September 12, 2011

കണ്ണൂർ മീറ്റ് .തിരുശേഷിപ്പുകൾ!

അങ്ങനെ അതും കഴിഞ്ഞുകിട്ടി. 
വളരെ നാളത്തെ, ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയുമെല്ലാമുള്ള നെട്ടോട്ടം കഴിഞ്ഞു. തരക്കേടില്ലാതെ മീറ്റും കഴിഞ്ഞു. ഇനിയോ സാറേ?

ബിജു കൊട്ടിലയും, കുമാരനും,കേപീയെസ്സും,ബയാനും .ചിത്രകാരനും,ഒരു യാത്രികനുമെല്ലാം ചേർന്ന് തുടക്കമിട്ട കണ്ണൂർ സൈബർ മീറ്റിന്റെ സംഘാടക സമിതിയിലേക്ക്  വഴിതെറ്റി എത്തിയതാണീ ഹിന്ദിക്കാരൻ. ഒരു വിധം നന്നായിത്തന്നെ മീറ്റ് വിജയിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലേർപ്പെടാൻ പറ്റി എന്ന് സ്വയം സമാധാനിക്കുന്നു. വന്നവരെല്ലാം തൃപ്തികരമായി തന്നെയാണ് മടങ്ങിയതെന്ന് മീറ്റ് സംബന്ധിച്ച് ചിലരെഴുതിയ പോസ്റ്റുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. എന്നാലും കേപീയെസ്സിനും അതു പോലെ ചിലർക്കും മീറ്റ് പൂർണ്ണ തൃപ്തി നൽകിയില്ല എന്നും തോന്നുന്നു. നല്ലതിനെന്നു മാത്രം കരുതി ബിജുവും സുഹൃത്തുക്കളും ഒരുക്കിയ ചില പുതുമയാർന്ന സാഹസങ്ങൾ അല്പം ചില താളപ്പിഴകൾ വരുത്തിയെന്ന് തോന്നിക്കുമെങ്കിലും, അവരെല്ലാം ചേർന്ന്  രണ്ട് ദിവസങ്ങളിലായി ഒരുക്കിയ ആ സ്നേഹക്കൂട്ടായ്മ പകരം വയ്ക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് , മാടായിപ്പാറയിലെ അനുഭവം പങ്കുവച്ചവർ അറിയിച്ചിട്ടുണ്ട്.
കഷ്ട്ടമെന്ന് പറയട്ടെ, എനിക്ക് മാടായിപ്പാറയിലെത്താൻ പറ്റിയതുമില്ല, അന്ന് രാത്രി അതിഭീകരമായ മറ്റൊരനുഭവത്തിന് പാത്രമാകേണ്ടിയും വന്നു!

നമ്മുടെ സംഘാടക ഗ്രൂപ്പിലെ ഏക പെൺപ്രജയായ കുമാരി ബിൻസിക്ക് രാത്രി താമസിക്കാൻ ഏർപ്പാട് ചെയ്തിരുന്നത്  ശാന്തട്ടീച്ചറുടെ വീട്ടിലായിരുന്നു. പള്ളിക്കുന്നിൽ. ബിൻസിയുടെ ഹോസ്റ്റൽ പള്ളിക്കുന്നിൽ തന്നെയാണ്. പക്ഷേ ശാന്തട്ടീച്ചറുടെ വീടറിയാത്തതു കൊണ്ട്, ബിൻസിയെ അവിടെത്തിക്കാൻ കണ്ണൂരിന്റെ ചാർജുള്ള എന്നെയാണ്  കുമാരനും , ബിജുവും ഏല്പിച്ചിരുന്നത്. അഞ്ചരയോടെ ബിൻസി കോഴിക്കോട് നിന്നുമെത്തി. ഞാനും താമസിയാതെ കണ്ണൂരിലെത്തി. ടീച്ചറുടെ വീട്ടിലേക്കുള്ള വഴിയറിയാത്തതു കൊണ്ട്  ടീച്ചറെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ആ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ല!
പരിചയമില്ലാത്ത നമ്പറായതുകൊണ്ടായിരിക്കും എന്നു കരുതി കുമാരനെ കൊണ്ട് വിളിപ്പിച്ചു. ബിജുവും ശ്രമിച്ചു നോക്കി.
നോ രക്ഷ!
ടീച്ചർ പറ്റിച്ചോ? 
ഒരെത്തും പിടിയും കിട്ടാതെ കുഴങ്ങുമ്പോൾ പിടിവള്ളിയായി ഇബ്രാഹിം ബയാൻ വിളിച്ചു പറഞ്ഞു: ബിൻസിയെ കേപീയെസ്സിന്റെ വീട്ടിലാക്കിയിട്ട് വിധു വേഗം മാടായിപ്പാറയിലേക്ക് വരൂ
വേഗം തന്നെ ഒരു മാട്ടൂൽ ബസ്സിൽ കയറി പാപ്പിനിശ്ശേരിയിലേക്ക് വിട്ടു.  കണ്ണൂരിലെ ഗർഭിണികൾക്ക് എട്ടാം മാസത്തിൽ തന്നെ ഗർഭ മോചനം നൽകുന്ന രാജപാതയിലൂടെ ബസ്സ്, സിൽക്ക് സ്മിതയുടെ ഡാൻസ് പോലെ കുലുങ്ങിനീങ്ങി. ഒരു വിധത്തിൽ പാപ്പിനിശ്ശേരിയിലെത്തി. വീട്ടിലെത്തിയപ്പോൾ കേപീയെസ്സ്  വീട്ടിലില്ല. പുറത്തായിരുന്നു. കേപീയെസ്സ് വരുന്നത് വരെ പുറത്ത് കാത്തുനിന്നു. മഴയുണ്ട്. ലാപ്പും പിന്നെ അല്ലറ ചില്ലറ മറ്റു സാധനങ്ങളും, രാത്രി മാടായിപ്പാറയിലേക്ക് ചോറിനു കൂട്ടാൻ പച്ചടിയുമായിട്ടായിരുന്നു ബിൻസി വന്നിരുന്നത്. ആ അൺസൈസ് ശരീരത്തിന് താങ്ങാവുന്നതിലധികമുണ്ട്  ഭാരം. മുക്കാൽ ഭാഗം ഭാരവും എടുത്തത് ഞാനായിരുന്നു. 
കേപീയെസ്സ് വന്ന് ലൈറ്റിട്ട്  അകത്ത് കയറി. ഞാൻ മുറിയിൽ കയറിയതും കഷ്ടതരമായ ഒരു കാഴ്ചയാണാദ്യം കണ്ടത്.
അക്വേറിയത്തിൽ ഒരു വലിയ കാർപ് മത്സ്യം ചത്തിരിക്കുന്നു!
മറ്റുള്ളവ ഓക്സിജന്റെ കുറവ് മൂലം ജലോപരിതലത്തിലേക്ക് ചുണ്ട് ചേർത്ത് അന്തരീക്ഷ വായു ശ്വസിക്കാൻ പാടുപെടുന്നു. മത്സ്യം ചത്ത കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാർ ഞെട്ടിയത്. വേഗം തന്നെ എയർ പമ്പ് ഓൺ ചെയ്തു. അക്വേറിയം കീപ്പിങ്ങിൽ അര ഡോക്ടറായ എനിക്ക് പിന്നെ എന്തെങ്കിലുമൊക്കെ ചെയ്യാതെയും പഠിപ്പിക്കാതെയും ഒരു സമാധാനവും കിട്ടിയില്ല.
കേപീയെസ് , ഉടനെ തന്നെ ഈ വിഷയത്തിൽ ഒരു ബ്ലോഗ് തുടങ്ങണമെന്ന് എനിക്ക് നിർദ്ദേശം തന്നു. പിന്നെ എന്റെ പ്രാകൃത ബ്ലോഗിനെ ഒന്ന് കുട്ടപ്പനാക്കാൻ കേപീയെസ്സും കമ്പ്യൂട്ടർ എക്സ്പെർട്ടായ ബിൻസിയും കുറച്ച് നേരം ശ്രമിച്ചു. ഇപ്പം എന്നെക്കാൾ ഭംഗിയുണ്ട് ബ്ലോഗിന്!

അങ്ങനെ ഞാനവിടുന്ന് ഇറങ്ങുമ്പോൾ കനത്ത മഴയുണ്ട്. ഇന്ന് തന്നെ കണ്ണോത്തും ചാലിലെത്തിയില്ലെങ്കിൽ, രാവിലെ എട്ട് മണിക്ക്  മീറ്റ് ഹാളിലേക്ക് സാധനങ്ങൾ എത്തിക്കാനാവില്ല. 
ബസ് സ്റ്റോപ്പിലെത്തി . പക്ഷേ ഒറ്റ ബസ്സും നിർത്തുന്നില്ല. ബ്രിട്ടീഷുകാരന്റെ മനസ്സുള്ള ഡ്രൈവർ മാർ, ഇന്ത്യക്കാരനുണ്ടാക്കിയ പൊട്ടൻ പൊളി റോഡിലെ ചളിവെള്ളം അസാരം എന്റെ മേലേക്ക് തെറിപ്പിക്കുന്നുണ്ട്. പക്ഷേ ആരും ഒന്ന് നിർത്തിത്തരുന്നില്ല. ഞാനൊരു കറുത്ത വർഗ്ഗക്കാരൻ!!
ഓട്ടോ ഡ്രൈവർ മാർ , അവർ പ്ലെയിനാണോട്ടുന്നതെന്നാണെന്നു തോന്നിപ്പിക്കുന്നവിധം ഒരു മൈന്റുമില്ലാതെ പാഞ്ഞു പോകുന്നു.
ശാന്തട്ടീച്ചറോടുള്ള ദേഷ്യം എനിക്ക് ആവേശം പകർന്നു. 
വലിച്ചു നടന്നു. ഒൻപതര മുതൽ പതിനൊന്നര വരെ !
മഴവെള്ളം നിറഞ്ഞ റോട്ടുകുഴികളിലൂടെ !
റൂമിലെത്തിയപ്പോൾ അവിടെ ഒണക്ക് അവിൽ മാത്രമുണ്ട്. അവിലും കട്ടൻ ചായയും കഴിച്ച് നിറയാത്ത വയറിൽ ശാന്തട്ടീച്ചറോടുള്ള ദേഷ്യം നിറക്കാൻ ശ്രമിച്ച്  മലർന്നു കിടന്നു.
ഒരു വിധം ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് ‘ഓളുടെ’ കോൾ വന്നത്.  അയൽ പക്കത്തെ കല്യാണവീട്ടിൽ പോയി മടങ്ങിവന്നപാടെ ഭർത്താവുറങ്ങിയോ എന്ന് അറിയാൻ വിളിച്ചതാണ് സ്നേഹമയിയായ ഭാര്യ! 
സമയം രാത്രി 12.35!! 
ഈ നാട്ടിൽ ഡൈവോഴ്സൊക്കെ വെറുതെയാണോ കൂടി വരുന്നത്?
എന്തായാലും അതൊക്കെ കഴിഞ്ഞ് നേരം  പുലർന്നു. കുമാരൻ വിളിച്ചുപറഞ്ഞു: തൊടുപുഴയിൽ നിന്നും നൌഷാദ് വരുന്നു. ഒന്ന് ഫ്രഷാകാൻ സൌകര്യം ചയ്തു കൊടുക്കണം.
അതൊരനുഗ്രഹമായി. രാവിലത്തെ സാധനക്കടത്തിൽ നൌഷാദിന്റെ സഹായവുമുണ്ടായി. പക്ഷേ ഒരൊറ്റ ഓട്ടോറിക്ഷയും നിറുത്തുന്നില്ല. വായു ഗുളിക വാങ്ങാനെന്ന പോലെ ഒരേ തരം പാച്ചിൽ! ഹോ! ഒരു വിധത്തിൽ നാൽ‌പ്പതാമത്തെ ഓട്ടോറിക്ഷാക്കാരന്റെ കനിവിൽ സാധനങ്ങളുമായി മീറ്റ് ഹാളിലെത്താനായി
ശാന്തട്ടീച്ചറോടുള്ള ദേഷ്യം കാരണം അവർ വരുമ്പോൾ കൈപിടിച്ച് സ്റ്റെപ് കയറ്റാൻ പോയില്ല. മിണ്ടാനും പോയില്ല. പിന്നീട് എല്ലാം കഴിഞ്ഞപ്പോഴാണറിഞ്ഞത്, ടീച്ചർ അറിയാതെ വീട്ടിലെ കുട്ടികൾ ഫോൺ സൈലന്റ് മോഡിലാക്കിയതും, ഫോൺ വിളിച്ചതൊന്നും അറിയാത്തതു കൊണ്ട് പറ്റിയ അപകടമാണെന്നും!
പിന്നെ ദേഷ്യമെല്ലാം അലിഞ്ഞു. ഞാൻ തന്നെയാണ്  ടീച്ചറെ ഓട്ടോയിൽ കയറാൻ സഹായിച്ചത്.
ഇന്നും പണികൾ ബാക്കിയുണ്ട്. ലൈബ്രറി കൌൺസിലിൽ നിന്നും കടം വാങ്ങിയ പ്രോജക്ടർ തിരിച്ചേൽ‌പ്പിക്കണം. അതെല്ലാം എന്റെ റൂമിലാണുള്ളത്. ഓഫീസിൽ നിന്നും ധൃതിയിൽ ഓടിപ്പാഞ്ഞെത്തി എന്നിൽ നിന്ന് അവ വാങ്ങി തിരിച്ചേൽ‌പ്പിക്കാൻ ബിൻസി ഒരു പാഴ് ശ്രമം നടത്തി നോക്കി. നടന്നില്ല. ഓട്ടോക്കാരൊന്നും നിർത്തുന്നില്ല. ബിൻസി സങ്കടത്തോടെ തിരിച്ച് പോയി. സർക്കാരിന്റെ ഒരു മണിക്കൂർ കടമെടുത്ത് ഞാനും, സുഹൃത്ത് മഹറൂഫും, ഒരു ബൈക്കിൽ സാധനങ്ങൾ ജീവൻ പണയം വച്ചിട്ടാണ് തിരിച്ചെത്തിച്ചത്! നമ്മുടെ റോഡിലൂടെ ബൈക്കിൽ പോകുന്ന കാര്യം വല്ലാത്തൊരു സാഹസം തന്നെയാണേ!
അങ്ങനെ എല്ലാം ശുഭമായി തീർന്നു. കണ്ണൂർ മീറ്റ് മോടി കുറഞ്ഞുവെന്നാരെങ്കിലും പറയാനാഗ്രഹിക്കുന്നുവെങ്കിൽ, അവർ നൽകുന്നത്, രണ്ട് ദിവസം മുഴുവനായും  ഉറക്കമിളച്ച്  മീറ്റിന് വേണ്ടി പ്രവർത്തിച്ച കുമാരനും, ബിജുവിനും, പിന്നെ, പിന്നിൽ നിന്ന് പ്രവർത്തിച്ച ബയാനും, ചിത്രകാരനും, എല്ലാം കനത്ത മനോവിഷമമായിരിക്കും.
പിന്നെ ഇനിയുമൊരു മീറ്റ് നടത്താനുള്ള സദുദ്ദേശത്തെ കെടുത്തുന്നതുമായിരിക്കുമത്!

ഇനി പോക്കറ്റിലേക്കൊരു നോട്ടമയക്കണം. ഓണം അലവൻസും, അഡ്വാൻസും, വീട്ടിൽ തന്നെയാണോ എത്തിയതെന്ന്  എന്ന് സ്വയമെങ്കിലും ബോധ്യപ്പെടണ്ടേ?
മേലെ പറഞ്ഞതെല്ലാം മറന്നു കൊണ്ട് മീറ്റ് ഗംഭീരമായെന്ന് സ്വയം സമാധാനിക്കുമ്പോൾ  നിങ്ങളോട്  ചോദിക്കാനുള്ളതിതാണ്:

 പറയൂ എങ്ങനെയുണ്ടായിരുന്നു കണ്ണൂർ മീറ്റ്?
മീറ്റുകൾ ഇനിയും വേണ്ടതല്ലേ? 
മീറ്റുകളുടെ ഔട്ട് പുട്ട്  മെച്ചപ്പെടുത്താൻ കൂടുതലായി എന്തൊക്കെ ചെയ്യണം?
                                       ****************************
അതെ! കൂടുതൽ മെച്ചപ്പെട്ട് മീറ്റുകൾ ഇനിയും പ്രതീക്ഷിക്കുക. അതിനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.