പേജുകള്‍‌

Tuesday, July 26, 2011

ഗുരുവായൂരമ്മ

ഹംസാപ്ല, അയൽക്കാരനായ ദാമോരനാശാരിക്ക്, വീട്ടു പണി ചെയ്തതിന്റെ പേരിൽ കുറച്ച് കാശ് കൊടുക്കാനുണ്ടായിരുന്നു. അവധികൾ പലതും കഴിഞ്ഞെങ്കിലും ആശാരിയുടെ കടം വീട്ടാൻ ഹംസാപ്ലക്ക് കഴിഞ്ഞില്ല. മോളുടെ ഡൈവോഴ്സിന്റെ ആവശ്യത്തിലേക്ക് വക്കീലിന്റെ അണ്ണാക്കിലിട്ടു കൊടുക്കാൻ ആശാരിക്ക് പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ആശാരി വീണ്ടും ഹംസാപ്ലയെ സമീപിച്ചു. “ഹംസാപ്ലേ ...സമയത്തിനു പണം കിട്ടിയില്ലെങ്കിൽ മോളുടെ ഡൈവോഴ്സ് കൊളമാകും.വിവാഹമോചനം ആഗ്രഹിച്ച് പോയ ഏതു പെണ്ണും പൂച്ചയെപ്പോലാണെന്ന്, നിങ്ങളും കേട്ടിരിക്കുമല്ലോ? പതിയെ പ്പതിയെ അത് നാടാകെ മാന്തി പുണ്ണാക്കും. അതു കൊണ്ട് എനിക്കെന്റെ പണം കിട്ടിയേ മതിയാവൂ” എന്ന് പറഞ്ഞ ആശാരിയോട് ഹംസാപ്ല അറുത്ത് മുറിച്ച് പറഞ്ഞു: അടുത്ത വെള്ളിയാഴ്ച തരാം ആശാരീന്റെ പണം.............ഗുരുവായൂരമ്മയാണേ നേര്!    ദാമോരനാശാരിക്ക് സമാധാനമായി. ഇതു വരെ ഹംസാപ്ല സത്യം ചെയ്തിരുന്നത് പടച്ചോനെ പിടിച്ചായിരുന്നു. ഇത്തവണ ഗുരുവായൂരമ്മയെന്ന പേരിലാണെങ്കിലും ഗുരുവായൂരപ്പനെ പിടിച്ചാണ് സത്യം ചെയ്തിരിക്കുന്നത്.  ആശാരി പോയപ്പോൾ ഹംസാപ്ലയുടെ വീടർ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങളെന്ത് വർത്താനാ പറഞ്ഞേ? ഗുരുവായൂരമ്മയോ അപ്പനോന്ന് പോലും അറിയാതെ........”  ഹംസാപ്ല പറഞ്ഞു:“ അതൊന്നും എനിക്കറിയില്ല. പണം കൊടുക്കാനും പറ്റുമെന്ന് തോന്നുന്നില്ല. എന്നാലും അയാൾക്കൊരു സമാധാനത്തിനു വേണ്ടി പറഞ്ഞൂന്ന് മാത്രം”      ഹംസാപ്ല അതു പറഞ്ഞു തീർന്നതും, മാസത്തിലൊരിക്കൽ  ഗുരുവായൂരിൽ പോകുന്ന  ചീരൻ മണിയാണി,ആ വഴി വന്നു. മണിയാണിയെ കണ്ടതും ഹംസാപ്ലയുടെ വീടർ ചാടി മുറ്റത്തിറങ്ങി ചീരൻ മണിയാണിയോട് ചോദിച്ചു: മണിയാണീ  മണിയാണീ ഞമ്മക്കൊരു സംശം......ഗുരുവായൂരിൽ ആരാ......അമ്മയോ  അപ്പനോ? മണിയാണി എല്ലാ മാസോം ഗുരുവായൂരിന് പോകുന്നയാളല്ലെ?”  ചീരൻ മണിയാണി പറഞ്ഞു: “ഗുരുവായൂരിൽ അമ്മയുമല്ല അപ്പനുമല്ല  ആയിസുമ്മാ,  വകയിലൊരമ്മായിയെ കാണാനാ ഞാൻ ഗുരുവായൂർക്ക് പോകുന്നത്. അമ്മാവൻ മരിച്ചതിനു ശേഷം അമ്മായിക്ക് കിട്ടുന്ന പെൻഷൻ പണം എനിക്കാ തരുന്നത്.”മണിയാണി പോയപ്പോൾ ആയിസുമ്മ പറഞ്ഞുപോയി :“ന്റെ ഗുരുവായൂരമ്മായീ.....!”