പേജുകള്‍‌

Monday, July 04, 2011

ഗ്രീൻ ബലൂൺ

മാമൻ വരുമ്പോൾ അവന് ഒരു ബലൂൺ കൊണ്ടുക്കൊടുത്തു: ഒരു ഗ്രീൻ ബലൂൺ! അതിൽ നിറയെ പച്ച നിറമുള്ള ചെറുതും വലുതുമായ ധാരാളം ചെടികളും,മരങ്ങളും. അവൻ ചേട്ടനോട് പറഞ്ഞു: ഇതൊന്നു വീർപ്പിച്ചുതരൂ. ചേട്ടൻ ബലൂൺ വീർപ്പിക്കാൻ തുടങ്ങി.ബലൂൺ വീർപ്പിക്കുമ്പോൾ ആദ്യമാദ്യം ബലൂണിൽ ചെടികൾക്കിടയിൽ ചെറിയ വഴികൾ രൂപപ്പെട്ടു തുടങ്ങി. പിന്നീടത് ചെമ്മൺ റോഡുകളായി. അവ ടാർ റോഡുകളായി വികസിക്കുമ്പോൾ ബലൂണിന്റെ പച്ച നിറം ക്രമേണ മങ്ങാൻ തുടങ്ങി. ബലൂണിൽ വമ്പൻ കെട്ടിടങ്ങൾ, ഫാക്ടറികൾ,മതിലുകൾ,അണക്കെട്ടുകൾ എന്നിവ      നിറയാൻ തുടങ്ങിയപ്പോൾ വീട്ടിലെ മുതിർന്നവർ പറഞ്ഞു. മതി നിർത്ത്! ഇനിയും പൊക്കിയാൽ ബലൂൺ പൊട്ടും. ചെറുപ്പക്കാർ ആരും ആ ശബ്ദം കേട്ടതായി നടിച്ചില്ല. ബലൂൺ പിന്നെയും വീർത്തു. അതിൽ ആണവ നിലയങ്ങളും മിസ്സൈൽ വിക്ഷേപണ കേന്ദ്രങ്ങളും വന്നു. പാടങ്ങളിൽ അന്ധകവിത്തുകൾ മാത്രം മുളച്ചു. മരങ്ങളെല്ലാം മുറിച്ചു തീർന്നപ്പോഴേക്കും ബലൂൺ പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൊണ്ടു നിറഞ്ഞിരുന്നു.വീർപ്പിക്കൽ നിർത്താനുള്ള ശബ്ദങ്ങൾ നേർത്ത് നേർത്ത് വന്നപ്പോൾ നിർത്താതെ തുടർന്ന വികസനാ‍വേശം താങ്ങാൻ പറ്റാതെ ആ ബലൂൺ പൊട്ടിത്തെറിച്ചു. പെട്ടെന്നെവിടെ നിന്നോ അന്ധകാരത്തിന്റെ ഒരു ചീള് അവിടേക്ക് തെറിച്ചു വീണ് പടർന്നു.പിന്നെ ബാക്കിയായത്  ഇരുട്ട് മാത്രം ........ഇരുട്ട് മാത്രം!!!