പേജുകള്‍‌

Monday, August 15, 2011

ആറുവരിപ്പാത

ഒരിടത്തൊരു കഷ്ടകാലം പിടിച്ച മനുഷ്യനുണ്ടായിരുന്നു. ഒരു രാമൻ! വിറകു കീറാനുണ്ടോ എന്ന് ചോദിച്ച് കൊണ്ട് ഗ്രാമാന്തരങ്ങളിലൂടെ കോടാലിയും തൂക്കി നടന്നിരുന്ന അയാളെ നാടന്മാർ കോടാലിരാമൻ എന്നു വിളിച്ചുവന്നു.ഭാര്യയെ സംശയിക്കുന്ന അച്ഛന്റെ വാഴ്ചയുള്ള വീട്ടിൽ രാമനും അമ്മയും പതുങ്ങിക്കഴിഞ്ഞുകൂടിപ്പോന്നു.
        ഒരു ദിവസം കെട്ടിച്ചമച്ച തെളിവുകളോടെ ഭാര്യയെ ‘കൈയോടെ’ പിടികൂടി അച്ഛൻ രാമനെ ഏൽ‌പ്പിച്ചു. വിചാരണ നടത്തി വിധിയും പറഞ്ഞു :രാമൻ ആരാച്ചാരാകുക;അമ്മയെ വധിക്കുക!
            അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന രാമനെ അച്ഛൻ നാടുവാഴിക്ക് ഒറ്റിക്കൊടുത്തു. എന്നാൽ നാടുവാഴിയും,നാട്ടുകാരും രാമനെ ഭയന്ന് അയാളെ കാണാതെ ഒഴിഞ്ഞു നടക്കാൻ തുടങ്ങി.ഒറ്റപ്പെടലിന്റെ അസ്വസ്ഥതയിൽ,അയാൾ തെക്കോട്ട് തിരിഞ്ഞു നിന്ന് കോടാലിയെടുത്തൊരേറു വച്ചുകൊടുത്തു.എന്നിട്ട് നെഞ്ചിനിട്ട്  അഞ്ചാറടിയടിച്ചു. വീട്ടിനകത്തേക്ക് ഭ്രാന്ത് പിടിച്ചോടിക്കയറുമ്പോൾ, മുന്നിൽ ചിരിച്ച് കൊണ്ട് നിൽക്കുന്ന അമ്മയെ അയാൾ കണ്ടു.“അമ്മേ മാപ്പ്” എന്നുപറഞ്ഞ് കടലിൽ ചാടി ചാകാൻ വീട്ടിൽ നിന്നിറങ്ങിയോടിയ അയാൾക്കുമുമ്പിൽ കടൽ അകന്നുപോയി.
“അമ്മേ..............കടലമ്മേ............നിനക്കുമെന്നെ വേണ്ടേ?” എന്നു കരഞ്ഞു പറഞ്ഞ് കൊണ്ട് നിന്ന രാമനെ, പൊടുന്നനെ പെയ്ത കനത്ത മഴ ഭൂതകാലത്തിലലിയിച്ചു. പിന്നെ രാമനെയാരും കണ്ടില്ല.രാമൻ ഒരവതാരമൂർത്തിയായി പിൽക്കാലത്ത് കൊണ്ടാടപ്പെട്ടു
                                       ***************
 ഭയന്നകന്ന കടലൊഴിച്ചിട്ട ഉപ്പുമണ്ണിൽ ഒരു രാജാവ് മുളച്ചു വന്നു. കൈയിൽ ഒരു കോടാലിയുണ്ടായിരുന്നു.വിരിഞ്ഞ നെഞ്ചും തിളക്കമാർന്ന കണ്ണുള്ളതുമായ ചെറുപ്പക്കാരെല്ലാം രാജാവിന്റെ കോടാലിക്കിരയായി.പെൺമയുടെ മൃദുലതകളിൽ രാജാവിന്റെ നഖങ്ങൾ ചോരപ്പാടുകൾ വീഴ്ത്തി.
             രാജാവ് നിർമ്മിച്ച വികസന നിരത്ത് മുപ്പത് വാര വീതിയിൽ രാജ്യത്തിന്റെ ആകെ നീളത്തിൽ പരന്നു കിടന്നു. പോര!വികസനത്തിന്റെ ദേശീയ പാത നാൽ‌പ്പത് വാരയാക്കണം.ചോരയൊഴുക്കിൽ ദൃഢീകരിച്ച ദേശീയ പാത നാൽ‌പ്പത് വാരയായി. പിന്നെ അൻപത്.......അറുപത്....
   പോരാ. വികസനത്തിന്റെ ഗമനാഗമനങ്ങൾക്ക് കൂടുതൽ വാഹനങ്ങളെത്തിയപ്പോൾ ഇനിയും പാത വീതി കൂട്ടാൻ രാജാവ് കൽ‌പ്പിച്ചു. അങ്ങനെ വളർന്ന പാത രാജ്യത്തിന്റെ മുഴുവൻ വിസ്തൃതിയും കവർന്നു. ഇനി? ഇനി വിസ്തൃതമായ രാജ്യമാണ് വേണ്ടത്. രാജാവ്  കടൽക്കരയിലേക്ക് നടന്നു . എന്തിനാണീ നശിച്ച കടൽ? ഒരു കാര്യവുമില്ലാതെ വെറുതെ പരന്നു കിടക്കുന്നതു കണ്ടില്ലേ കടലിനെ അകറ്റണം, സാമ്രാജ്യവിസ്തൃതി ഇനിയും കൂട്ടണം. രാജാവ് ദിക്കുകൾ നടുങ്ങുമാറ് അലറി വിളിച്ചു    “രാമാ.........ഈ നശിച്ച കടലിനെ അകലേക്ക് തുരത്തി രാജ്യ വിസ്തൃതി വർദ്ധിപ്പിക്കൂ......”
    അലർച്ച കേട്ട് കാതുകൾ പൊത്തിയ ദിക്കുകൾ കടലിൽ നിന്നു പൊങ്ങി വരുന്ന സൂര്യ തേജസ്സിലേക്ക് കണ്ണ് കൂർപ്പിച്ചു. ആ സൂര്യ തേജസ്സ് കരയിലേക്ക് -വികസനത്തിന്റെ ദേശീയപാതയിലേക്ക്-മന്ദം മന്ദം നടന്നു വന്നു. അതൊരു മെലിഞ്ഞുണങ്ങിയ കറുത്ത മനുഷ്യനായിരുന്നു.വട്ടച്ചില്ലുകളുള്ള സത്യദർശനം നൽകുന്ന കണ്ണട ധരിച്ചിരുന്ന ആ മനുഷ്യന്റെ ഒരു കൈയിൽ ദൃഢ വിശ്വാസത്തിന്റെ വടിയും, മറ്റെ കൈയിൽ സത്യങ്ങളാവാഹിച്ച ഗ്രന്ഥവുമുണ്ടായിരുന്നു.
              അദ്ദേഹത്തിനു പിറകിൽ കടൽ കര കയറി വന്നു-സുനാമിത്തിരകളുടെ ഖണ്ഡങ്ങളായി............!  
ഓരോ തിരയും ജപിക്കുന്നുണ്ടായിരുന്നു...........
                       റാം...........റാം..........!

    

10 comments:

  1. ഇനി പറയൂ കടലിനെ വിഴുങ്ങുന്ന അത്യാർത്തിയെ കടലെടുക്കുന്നതിനു മുൻപേ ആ നല്ല വഴി തെരഞ്ഞെടക്കാമല്ലോ?

    ReplyDelete
  2. ഒറ്റ വാക്കേ പറയാനുള്ളു. " ഒന്നാന്തരം ".
    വാക്കുകള്‍ മനസ്സില്‍ തട്ടി. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. വളരെ നന്നായി പറഞ്ഞു..ഹേ റാം..

    ReplyDelete
  4. കോടാലിരാമന്‍, കഷ്ടകാലരാമന്‍, പരശുരാമന്‍, തെന്നാലിരാമന്, കണ്ണടരാമന്‍‍...

    മുങ്ങിച്ചാവാന്‍ പോവുമ്പോള്‍ കടല്‍ അകന്നുപോകുന്ന പ്രതിഭാസം... കൊള്ളാം.
    ഇന്ത്യന്‍മാപ്പില്‍ കേരളത്തിന്റെ ഷേപ്പ് കണ്ടാല്‍ത്തന്നെ അറിയാം അത് കോടാലിരാമന്‍ എറിഞ്ഞുപിടിച്ചതല്ലെന്ന്.

    അപ്പോള്‍ കടല്‍ തന്നു, കടലെടുത്തു, കടലിന്റെ നാമം വാഴ്ത്തപ്പെടട്ടെ എന്ന് അല്ലേ?
    ഒരു സുനാമിയില്‍ കേരളം ഒലിച്ചുപോയാല്‍ നമുക്ക് പരാതിപ്പെടാന്‍ അവകാശമില്ല, അല്ലേ? കൊള്ളാം, നല്ല ചിന്ത. അപ്പോഴും തമിഴ്‌നാടുകാര്‍ക്ക് പരാതിപ്പെടാം...! പഞ്ഞമില്ലാത്തത് ന്യായങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും മാത്രം.

    കോടാലിയുടെയും വട്ടക്കണ്ണടയുടെയും, സുനാമിയുടെയും ചരിത്രങ്ങള്‍.

    ഇനി, ഇത്രയും വായിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലായ ചില കാര്യങ്ങള്‍.

    1. അവിയല്‍ ആദ്യമുണ്ടാക്കിയത് ഭീമനാണെന്നല്ലേ ഐതിഹ്യം? അത് ശരിയാവണം.

    2. ചിരഞ്ജീവി എന്നറിയപ്പെടുന്ന മൂന്നാംരാമന്‍ വെറും ഉപ്പുതൂണായി, ഒരു മഴയത്ത് അലിഞ്ഞുപോയി...!

    3. സാക്ഷാല്‍ വട്ടക്കണ്ണടക്കാരനാണ് സുനാമിയുടെ ഉപജ്ഞാതാവ്‌ എന്ന് ആരോപിച്ചതിന്റെപേരില്‍ കൊടുംരാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബോണ്‍സായ്‌ ഉലയാന്‍ പോകുന്നു.

    4. കടല്‍ത്തിരകള്‍ പോലും ജപിക്കുന്നത്....!! (ഇവിടെ പച്ചയായ വര്‍ഗ്ഗീയത... ശാന്തം, പാപം....)

    ഇനി, ആദ്യകമന്റിനോട്, അപ്പോള്‍ എല്ലാവരും ഭക്തിമാര്‍ഗ്ഗത്തിലെയ്ക്ക് തിരിയണമെന്നാണോ പറഞ്ഞുവന്നത്?

    ഇനിയൊരു സംശയം, അപ്പോള്‍ രാജാവ്‌ രാമനെ വിളിക്കാതെ നേരെ കടലിലേയ്ക്ക് ഇറങ്ങിയിരുന്നെങ്കില്‍...
    വീണ്ടും ഒരു കേരളം കൂടി....?

    ReplyDelete
  5. വയല് നികത്തി വീട് പണിഞ്ഞ നമുക്കാണോ കടല് നികത്താന്‍ പാട്

    ReplyDelete
  6. നന്ദി ഉണ്ണി സാർ
    നന്ദി “മാഡം”(പിരാന്താ എന്നെങ്ങനെ?..... ഹ ഹ)
    നന്ദി ദുബായ് അറബാവ്
    നന്ദി റമ്മളക്കാരാ
    നന്ദി ആഫ്രിക്കൻ മല്ലൂ

    ഗാന്ധിജിയെ ഓർക്കാം നമുക്ക്!
    സ്നേഹപൂർവ്വം വിധു

    ReplyDelete
  7. @സോണി:
    മിത്തും റിയാലിറ്റിയും ചേർത്തെഴുതുന്ന ഈ ടൈപ്പ് കഥകൾ സോണി വായിക്കരുത്.വായിച്ചാലും മുണ്ടാതെ പൊക്കോണം.എനിക്ക് പണിയുണ്ടാക്കാനാണിതെഴുതിയതെന്നറിയാം.
    എന്നാലും ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു.
    ഇനി പോസ്റ്റിനെ പറ്റി:
    കേരളം ഉണ്ടാക്കിയത് പരശുരാമൻ.റൈറ്റ്?
    അദ്ദേഹം അമ്മയെ കൊന്നവൻ. റൈറ്റ്?
    അങ്ങനൊരുത്തനെ കടൽ പോലും സ്വീകരിക്കുന്നില്ല. കടൽ അയാളുടെ തീണ്ടാപ്പാടകലേക്ക് നീങ്ങുന്നു.റൈറ്റ്?

    പിന്നെ ഇത്തരമൊരാളെ ഒഴിവാക്കാൻ ബ്ലോഗർ വിധു ചോപ്ര അയാളെ ഒരു മഴയ്ക്കുള്ളിൽ വച്ച് പൊക്കുന്നു.റൈറ്റ്?

    പിന്നെ അവിടൊരാൾ വേണ്ടേ? അതിനായി ഒരു രാജാവിനെ മുളപ്പിച്ചു. റൈറ്റ്?

    രാജാവ് നമ്മുടെ,സമകാലീന മല്ലുവിന്റെ പ്രതീകമാണ്. ഉപഭോഗാസക്തിയും,വികസനാക്രാന്തവും കൂടിയ ഐറ്റം.റൈറ്റ്?

    അങ്ങനെ വികസിപ്പിച്ച് വികസിപ്പിച്ച് നാട് തന്നെ തീർന്നപ്പോൾ,പണ്ടീ നാടുണ്ടാക്കിയ പോലെ കടലിൽ നിന്ന് കുറച്ച് കര എടുക്കാൻ നീക്കം.റൈറ്റ്?

    അതിനാര് വേണം? പരശുരാമൻ വേണം.റൈറ്റ്?

    അതല്ല വേണ്ടതെന്ന സൂചനയോടെ ഗാന്ധിജിയെ രംഗത്തെത്തിക്കുന്നു.റൈറ്റ്?

    അദ്ദേഹത്തിനൊപ്പം സുനാമിത്തിരകൾ വരുന്നത് ശുദ്ധീകരണത്തിനാണ്.റൈറ്റ്?

    ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ആസക്തികൾ ഒരിക്കലും തീരുന്നില്ല. അതിനെത്ര മാതൃഹത്യ നടത്തിയാലും, കടലും, വയലും നികത്തിയാലും മതിയാവില്ല.തമ്മിൽ ഭേദം ലൈഫ് ഒന്ന് ലളിതമാക്കുന്നതാണെന്ന ക്ലീൻ സന്ദേശമാണിതിൽ.റൈറ്റ്?

    ഹൊ!ഈ വിധു ചോപ്ര ഒരു ‘ജീൻസ്’ തന്നെ! സമ്മതിച്ചിരിക്കുന്നു.അല്ലേ സോണീ

    ReplyDelete
  8. ആറുവരിപ്പാത നന്നായിട്ടുണ്ട്. തുടര്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete