അയാളുടെ പ്രധാന പ്രശ്നം അയാളുടെ ഭാര്യക്ക് അയാളെ
സംശയമാണെന്നതായിരുന്നു. ഭാര്യയെ പേടിച്ച് കൃത്യം അഞ്ച് മണിക്ക് തന്നെ
ആപ്പീസും വിട്ട് വീട്ടിലേക്കോടുന്ന അയാൾ ഒന്നിനും സഹകരിക്കുന്നില്ലെന്ന് പറഞ്ഞ്
സുഹൃത്തുക്കൾ അയാളോട് പിണക്കമായി. അയാളും വിഷമിച്ചു. ഈശ്വരാ കൃത്യ സമയത്തിനു തന്നെ വീട്ടിലെത്തിയില്ലെങ്കിൽ എല്ലാം കുഴയുന്നതു കൊണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു ദിവസം പോലും കമ്പനികൂടാനോ ഒരല്പ സമയം വെടി പറഞ്ഞിരിക്കാനോ പോലും പറ്റുന്നില്ലല്ലോ എന്ന് അയാൾ ആത്മാർത്ഥമായി വിചാരം കൊണ്ടു.
പക്ഷേ എന്തു ഫലം!
ഭാര്യ ഒരു പൊടി കൂട്ടാക്കുന്നില്ല.. കൃത്യ സമയത്തിന് തന്നെ വീട്ടിലെത്തിക്കൊള്ളണം എന്ന കർശന നിലപാട് തന്നെ. ഈ മെയിലുകളും എസ്സെമ്മെസ്സുകളും പരിശോധിക്കുന്നതും,ഇടക്കിടെ ഫോൺ ചെയ്യുന്നതും മാത്രമല്ല,സുഹൃത്തുക്കളെ വിളിച്ച് അയാളെ പറ്റി അന്വേഷിക്കുകയും ചെയ്യുന്നതും അവൾ പതിവാക്കിയതോടെ പെൺകോന്തൻ എന്നൊരു പേരും അയാൾക്ക് കിട്ടി. അദർ പെണ്ണുങ്ങളുമായി അയാൾക്ക് റോങ്ങായിട്ടെന്തോ ‘ഇത് ’ ഉണ്ടെന്ന് അവൾക്കൊരു ഉൾവിളിയുണ്ടായി. അതിന്റെ കാര്യ കാരണങ്ങളൊന്നും പുറം ലോകം അറിഞ്ഞിട്ടില്ലിനിയും.
ഒരു ദിവസം സുഹൃത്തായ ടൈപ്പിസ്റ്റിന്റെ വീട്ടിൽ ഒരു പാർട്ടിക്ക് പോകാൻ അയാൾക്ക് ക്ഷണം കിട്ടി. ടൈപ്പിസ്റ്റിന്റെ വിവാഹ ബന്ധനം വേർപെടുത്തിക്കൊടുത്തു കൊണ്ടുള്ള കോടതി വിധിയോടുള്ള സന്തോഷണിക്കേഷന്റെ ഭാഗമായിട്ടായിരുന്നു പാർട്ടി. ഞാൻ വരുന്നില്ല എന്ന് അയാൾ പറഞ്ഞതും, സുഹൃത്തുക്കളെല്ലാം കൂടി അയാളെ ചറാന്നും, പറാന്നും ചീത്ത പറയാൻ തുടങ്ങി.
വിവാഹമോചനം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. ഇത് ആഘോഷിക്കാൻ കൂടെ കൂടാത്തവൻ മനുഷ്യനാണോ? നീയെന്തു പറഞ്ഞാലും അന്ന്, പാർട്ടിക്ക് നിന്നെയും കൊണ്ടേ ഞങ്ങൾ പോകൂ എന്ന് കൂട്ടുകാർ അയാളോട് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ പാർട്ടിയുടെ ദിവസമെത്തി. വൈകുന്നേരം വേഗം വീട്ടിലെത്താനായി അയാൾ ഫയൽ മടക്കി എഴുന്നേറ്റതും കൂട്ടുകാർ ചാടി വീണു. അവരയാളെ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി സ്റ്റാർട്ടാക്കുമ്പോൾ അയാൾ ഉച്ചത്തിൽ കരഞ്ഞു: എനിക്ക് മൂത്രമൊഴിക്കണം!വണ്ടി നിറുത്തിയിട്ട് സുഹൃത്തുക്കൾ പറഞ്ഞു: എന്നാൽ വേഗം പോയി ഒഴി…
അയാൾ പറഞ്ഞു: ഇവിടെങ്ങും പറ്റില്ല,എനിക്ക് വീട്ടിൽ പോണം.പോയേ പറ്റൂഇവിടെന്താ ഒഴിയില്ലേ? എന്നും പറഞ്ഞ് സുഹൃത്തുക്കൾ അയാളെ പിടിച്ച് ആൺ ബാത്ത് റൂമിൽ കൊണ്ടു പോയി എന്നിട്ട് പാന്റിന്റെ സിബ്ബ് വലിച്ച് താഴ്ത്താൻ നോക്കി. അയാൾ നിലവിളിക്കുകയാണ്-എനിക്ക് വീട്ടിൽ പോകണം എന്നും പറഞ്ഞ്
ആരു ശ്രമിച്ചിട്ടും പാന്റിന്റെ സിബ്ബ് അഴിയുന്നില്ല. എല്ലാരും തോറ്റപ്പോൾ അയാൾ പറഞ്ഞു: ഇത് അങ്ങനെയൊന്നും അഴിയില്ല വീട്ടിലെത്തിയാലേ അഴിയൂ.. സിബ്ബിന്റെ പാസ്സ് വേഡ് അവൾക്കേ അറിയൂ . അതു കൊണ്ടാ ഞാനെപ്പോഴും നേരത്തെ തന്നെ വീട്ടിൽ പോകുന്നത്. അല്ലാതെ നിങ്ങളോടെനിക്ക്…………….പറച്ചിൽ കരച്ചിലിലേക്ക് ലൈൻ മാറ്റി അയാൾ യാചനാപൂർവ്വം സുഹൃത്തുക്കളെ നോക്കി. സുഹൃത്തുക്കൾ കറന്റടിച്ചതു പോലെ നിന്നു പോയി. ഇതി കർത്തവ്യതാ ഫൂളുകളായി............!!!