പേജുകള്‍‌

Thursday, August 11, 2011

ഉയരവും വലുപ്പവും

ഭൂമിശാസ്ത്രം ക്ലാസ്സിൽ വച്ച് മാഷ് പിള്ളേരോട് ചോദിച്ചു:“ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
അപ്പോൾ മാഷിനൊരു ഫോൺ വന്നു.
ഉത്തരം പറയാൻ ഊഴം കാത്തപിള്ളേരോട് വലതു കൈ ഉയർത്തി അടങ്ങാൻ ആംഗ്യം കാട്ടി മാഷ്,ഇടത് കൈകൊണ്ട് കൈ ഫോൺ ചെവിക്ക് ചേർത്ത്  മറുതലയെ കേട്ടു:
“മോനെ ഇതമ്മാവനാ.ആ പ്രൊപ്പോസൽ ശരിയാവില്ല.ആ പെണ്ണിന് വേറെ ..............വിട്ടുകള മോനെ.ഞാൻ വീട്ടിൽ വരുന്നുണ്ട്.”
ഞാൻ അങ്ങോട്ട് തിരിച്ചു വിളിക്കാം എന്ന് വെറുതെ പറഞ്ഞ് മാഷ്,കോൾ കട്ടാക്കി.
“മാഷേ എവറെസ്റ്റ്........എവറെസ്റ്റ്” എന്ന് വിളിച്ചു പറയുന്ന കുട്ടികളെ നോക്കി തന്റെ ഹൃദയം കവർന്ന ‘നീലിമ’യുടെ ഹൃദയത്തിന്റെ അജയ്യമായ ഔന്നത്യത്തെ അയാൾ വെറുതെ ഒന്നു കൂടി ഓർത്തു. അതിനു മുൻപിൽ എന്ത് എവറെസ്റ്റ്?
ഇനി അടുത്ത ചോദ്യം:“ഏറ്റവും വലിയ കടൽ ഏതാണ്?”
ഉത്തരം പറയാനൊരുങ്ങുന്ന കുട്ടികളെ തടഞ്ഞു കൊണ്ട് മാഷിന്റെ ഫോണിൽ ഒരു കോൾ വന്നു.പെങ്ങളാണ്. സ്ത്രീധന ബാക്കി കൊടുക്കാഞ്ഞതിന്  അളിയൻ പിന്നെയും വയലന്റായീന്ന്!
പിന്നീട് വിളിക്കാമെന്ന് മറുതല തന്നെ പറഞ്ഞപ്പോൾ  മാഷ് ഫോൺ കീശയിലിട്ടു.

“മാഷെ ......ശാന്തസമുദ്രം.....ശാന്തസമുദ്രം.....എന്ന് മാഷിന്റെ അശാന്തമായ മനസ്സിലേക്ക് പിള്ളേർ ഉത്തരമെയ്തു.
അശാന്തമായ മനസ്സിന്റെ ആഴവും പരപ്പും ഏതു ശാന്ത സമുദ്രത്തിനുണ്ട് എന്ന് സ്വയം ചോദിച്ച് മാഷ് അടുത്ത ചോദ്യത്തിലേക്ക് കടക്കും മുൻപ് ബെല്ലടിച്ചു.
      കപ്പലുണ്ടാക്കാൻ പാങ്ങില്ല. ഉയരം കീഴടക്കാൻ കോപ്പുകളുമില്ല. ആശക്ക് വകയുള്ളത് അടുത്ത മുക്കാൽ മണിക്കൂർ ഫ്രീയാണെന്നുള്ളതു മാത്രമാണ്. അയാൾ ഫ്രീ പിരിയഡിന്റെ ചെറു കുളത്തിലൊന്നു മുങ്ങാൻ പോയി.

12 comments:

  1. ബോൺസായ് വലുതാകുന്നുവോ..???

    ReplyDelete
  2. ചെറുപ്പത്തിലാണ് ഇതിന്റെ വലുപ്പം എന്നാണോ?
    അതംഗീകരിക്കുന്നു.അപൂർവ്വമായി വലിയ ബോൺസായിയും കാണാം. വളരെ നന്ദി ഈ വരവിന്.സ്നേഹപൂർവ്വം വിധു

    ReplyDelete
  3. "അശാന്തമായ മനസ്സിന്റെ ആഴവും പരപ്പും ഏതു ശാന്ത സമുദ്രത്തിനുണ്ട് " കൊള്ളാമല്ലോ :)

    ReplyDelete
  4. ഉയരവും വലുപ്പവും..കൊള്ളാം മാഷെ.

    ReplyDelete
  5. പറയാനുദ്ദേശിച്ച സംഭവം മനസ്സിലായി. കൊള്ളാം
    പറഞ്ഞ രീതിയിലൊരു പോരായ്മപോലെ.
    അല്ലേലും പുറം‍മോടിയില്ലല്ലോ, അകക്കാമ്പിലല്ലേ കാര്യം അതോണ്ട് ക്ഷമിച്ച് ;)

    ആശംസോള്

    ReplyDelete
  6. ആശയം കൊള്ളാം. അവതരണം ഒരല്‍പം കൂടി നന്നാക്കാം എന്ന് തോന്നി. ഭാവുകങ്ങള്‍.

    ReplyDelete
  7. ഉയരം കീഴടക്കാനും കപ്പല്‍ ഉണ്ടാക്കാനും ആവില്ല. ആശയ്ക്ക് വക നല്‍കുന്നത് എല്ലാറ്റില്‍ നിന്നും അകന്ന് കുറച്ച് നേരം. അത് മതി സ്വസ്ഥത ലഭിക്കാന്‍ 

    ReplyDelete
  8. കൊള്ളാമല്ലോ ബോണ്‍സായ്...

    ReplyDelete
  9. സ്വയം കെട്ടിപ്പൊക്കിയ എവറസ്റ്റ്‌ തകര്‍ന്നു തരിപ്പണമായി,
    കാറും കോളുമില്ലാത്ത ശാന്തസമുദ്രം സ്വപ്നമായി,
    മുക്കാല്‍ മണിക്കൂര്‍ മുങ്ങിക്കിടക്കാന്‍ ചെറുകുളം...

    കവി പാടിയത് ഓര്‍മ്മ വരുന്നു -
    "വിസ്മയംപോലെ ലഭിക്കും നിമിഷത്തി -
    നര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം"

    സങ്കടങ്ങള്‍ക്കിടയില്‍ കിട്ടുന്ന ആശ്വാസനിമിഷങ്ങളില്‍ ആവുന്നത്ര ശ്വസിക്കാം നമുക്ക്, മാഷെപ്പോലെ.

    ReplyDelete
  10. എല്ലാവർക്കും അകമഴിഞ്ഞ നന്ദി.എല്ലാ വിധ അസ്വാതന്ത്ര്യങ്ങൾക്കുമിടയിൽ നമ്മൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതു പോലെ ഉള്ള സുഖം ആഘോഷമാക്കുക.എല്ലാവർക്കും നന്ദിക്കൊപ്പം സ്വാതന്ത്ര്യ ദിനാശംസകളും.

    ReplyDelete
  11. എല്ലാ വിധ അസ്വാതന്ത്ര്യങ്ങൾക്കുമിടയിൽ നമ്മൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതു പോലെ.....
    എനിക്കതാ കൂടുതല്‍ ഇഷ്ടായെ

    ReplyDelete