പേജുകള്‍‌

Wednesday, March 28, 2012

ക്ഷേമം

വെയിറ്റിംഗ് ഷെൽറ്ററിൽ അയാൾ ബസ്സിനെ കാത്തിരുന്നു. ഷെൽട്ടറിന്റെ മുൻ ഭാഗത്ത്  മുകളിൽ വിശാലമായ ആകാശമൈതാനത്ത് കുറേ മേഘക്കാറുകൾ പാഞ്ഞു പോകുന്നു. മുന്നിൽ താഴെ നരച്ച ചൂടേറിയ ടാർ റോഡിലും കാറുകളും മറ്റു വാഹനങ്ങളും ഓടുന്നുണ്ട്. 

പക്ഷേ ഏറെ നേരമായിട്ടും ബസ്സൊന്നും കാണുന്നില്ല. എങ്ങനെയെങ്കിലും ഇന്ന് ഒരു മൂന്നു മണിക്കെങ്കിലും പഞ്ചായത്ത് ഓഫീസിലെത്തി വീട് നന്നാക്കാനുള്ള അപേക്ഷ കൊടുക്കണം. മഴയിപ്പമിങ്ങെത്തും എന്ന്  കാറയച്ച് ഭീഷണിപ്പെടുത്തി നിൽ‌പ്പാണ്.

പഞ്ചായത്താഫീസിലേക്ക് അഞ്ച് മുഴുവൻ കിലോമീറ്ററുണ്ട് ദൂരം. നടക്കാമെന്ന് വച്ചാൽ ചട്ടുകം കാച്ചി വയ്ക്കുന്ന ചൂടൻ വെയിൽ സമ്മതിക്കുന്നില്ല. പ്രായവും, ആരോഗ്യവും അനുവദിക്കുന്നുമില്ല. 

ആകാശത്തിന്റെ കറുത്ത മുഖം അയാളെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കുന്നത്. പക്ഷേ പറഞ്ഞിട്ടെന്ത്? മഴയ്ക്ക് മുൻപിൽ വീഴാൻ വീടിനെ വിടാനല്ലാതെ മറ്റൊന്നിനും അയാൾക്ക് പാങ്ങില്ല.
ഷെൽട്ടറിലെ സിഗരറ്റ് കുറ്റികൾക്കും, ചപ്പു ചവറുകൾക്കും, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുമിടയിലേക്ക് പായിച്ച അയാളുടെ കണ്ണുകളിലേക്ക് ഒരു ഡയറി നുഴഞ്ഞു കയറി.
പൊടി പിടിച്ചതെങ്കിലും മനോഹരമായ ഒരു ഡയറി.

മടുപ്പിനിടയിലും അയാളതെടുത്ത് വെറുതേ നിവർത്ത് നോക്കി. ഒന്നാം പേജിൽ ഭാരതത്തിന്റെ മനോഹരമായ ബഹുവർണ്ണഭൂപടം. മറിക്കുന്ന താളുകൾ ഓരോന്നായി അയാളെ ഞെട്ടിച്ചു കൊണ്ടിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, ആണവശക്തി, ചന്ദ്രയാൻ, ഭക്ഷ്യ സുരക്ഷ, സമ്പൂർണ്ണ ഭവന പദ്ധതിയുടെ പുരോഗതി, ത്രീജി...........

ഡയറി തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ അയാൾക്ക് തോന്നി. മറിയുന്ന താളുകളിൽ മുഴുകിയതിനിടയിൽ മാനം മൂടി കാറുകൾ നിറഞ്ഞതയാളറിഞ്ഞില്ല. ആർത്തലച്ചു വന്ന കനത്ത മഴയിൽ ഒരു ദ്വീപിലെന്ന പോലെ ആ വെയിറ്റിംഗ് ഷെൽട്ടറിൽ അയാൾ ഒറ്റപ്പെട്ടു.

മഴയുടെ ഭിത്തി തുരന്ന് പാഞ്ഞുവന്ന്, അയാൾക്കായി നിറുത്താതെ മഴയിലേക്ക് 
പലായനം ചെയ്ത ഒരു ബസ്സിനെ അയാൾ ദയനീയമായി നോക്കി. അത് അകന്ന് പോയി മഴയിൽ ലയിച്ചു. തന്റെ വീട് ഈ മഴയിൽ നിലം പൊത്തുമെന്നോർത്തപ്പോൾ നിറഞ്ഞു പോയ കണ്ണുകളോടെ അയാൾ അപ്പോൾ കേട്ട പൊട്ടിച്ചിരിയുടെ ഭാഗത്തേക്ക് നോക്കി.

ഡയറിത്താളുകളിൽ നിന്ന് ഉയർന്നതായിരുന്നു ആ ചിരി! ചാന്ദ്രയാൻ, ആഗസ്ത്-15, ആണവോർജ്ജം, ത്രീജി........... എല്ലാ താളുകളും അയാളെ നോക്കി ചിരിക്കുകയായിരുന്നു, 

വന്യമായി, ഹിംസാത്മകമായി............!

Thursday, January 26, 2012

ചമിണിമരം


പേരക്കുട്ടിയെ ഉറക്കാൻ പാട്ടു പാടിയ മുത്തശ്ശി അന്നും ആ പാട്ടു തന്നെ പാടി: “ചക്ക മരോ ചമിണി മരോ ചമിണിയാൻ കണ്ണന്റോളു മരോ”

അന്നവിടെ വിരുന്നുകാരിയായെത്തിയ  കോളേജു കുമാരിക്ക് ,സംശയമുയർത്താൻ  ആ പാട്ട് വഴി വച്ചു. ജേണലിസം പഠിക്കുന്ന പെണ്ണ് ,ഒട്ടും മടിക്കാതെ ചോദിച്ചു: അച്ഛമ്മേ, ഈ ചമിണി മരോം ചമിണിയാൻ കണ്ണനും ഒക്കെ സത്യത്തിൽ ഉണ്ടായിരുന്നോ?  മുത്തശ്ശി പാട്ട് നിർത്തി കഥ പറയാൻ തുടങ്ങി:

ഒരിടത്ത്  കണ്ണൻ എന്ന് പേരുള്ള  ഒരു കുടിയാനുണ്ടായിരുന്നു. കണ്ണൻ  നല്ല അദ്ധ്വാനി ആയിരുന്നു. ജന്മിയുടെ ഭൂമിയിൽ അയാൾ എണ്ണമറ്റ മരങ്ങൾ നട്ടു വളർത്തി.

കാലം പോകെ ജന്മിത്ത വ്യവസ്ഥിതി മാറി. എന്നാലും ജന്മി കുടിയാൻ ബന്ധം കണ്ണനും, കണ്ണന്റെ ജന്മിയും പുലർത്തിപ്പോന്നു. അവർക്കിടയിൽ കണക്കുകളോ നിയമങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കണ്ണൻ ഉല്പാദിപ്പിച്ചിരുന്ന കാർഷിക വിളകൾ കണ്ണൻ തന്നെ ജന്മിയുടെ ഇല്ലത്ത് എത്തിക്കും. വർഷത്തിൽ ഒരൊറ്റ തവണ മാത്രം. അതിനു ശേഷമുള്ളതെല്ലാം കുടിയാന് സ്വന്തം.  

അത് കണ്ണനു മാത്രം ജന്മിയിൽ നിന്നു കിട്ടിയിരുന്ന പ്രത്യേക പരിഗണന. അയാളുടെ  പ്രവൃത്തികളിൽ ജന്മി ശരിക്കും പ്രീതനായിരുന്നു. ജന്മി മരിച്ചതിനു ശേഷവും, കണ്ണൻ ഇല്ലത്തേക്ക് വിളകൾ കൊണ്ടു പോയി കൊടുത്തു. ജന്മിയുടെ മക്കൾ അത് ,അച്ഛൻ സ്വീകരിക്കുന്നത് പോലെ തന്നെ സ്വീകരിച്ചു വന്നു.

കണ്ണന്റെ മക്കൾ അയാളുടെ പാത പിന്തുടർന്നില്ല. അവർ പുറം നാട്ടിൽ ജോലിക്ക് പോയി ധാരാളം പണം ഉണ്ടാക്കി. ജന്മിയിൽ നിന്നും കുടികിടപ്പ് കിട്ടിയ പത്ത് സെന്റ് സ്ഥലത്തോട് അവർക്ക് പുച്ഛം തോന്നി. അവർ പട്ടണത്തിൽ സ്ഥലം  വാങ്ങി വീട് വച്ചു. അവർ അച്ഛനെ തിരിഞ്ഞു നോക്കിയില്ല. അവർ ജന്മിത്തത്തേയും ജനാധിപത്യത്തേയും അധിക്ഷേപിച്ചു.

കാലം മാറി മറിയവേ പുതിയ അന്വേഷണങ്ങളും പുതിയ സമ്പ്രദായങ്ങളും നാട്ടിൻ പുറത്തേക്കും കയറി വരാൻ ആരംഭിച്ചു. കണ്ണൻ നട്ടു വളർത്തിയ ഫലവൃക്ഷങ്ങളിലെ വിളവെടുക്കാൻ ജന്മിയുടെ മക്കളെ പണം കാട്ടി സ്വാധീനിച്ച് ഒരു പുതുപ്പണക്കാരൻ എത്തിയത് അങ്ങനെയായിരുന്നു. ജന്മിയുടെ മണ്ണിൽ നിന്ന് കുടിയാന്റെ പങ്ക് കൊടുത്ത് നിയമപരമായി ബാധ്യത തീർത്തിട്ടും കുടിയാൻ ജന്മിയുടെ സ്ഥലത്തെ വിളവെടുക്കുന്നതിന്റെ ന്യായാന്വേഷണത്തിൽ ജന്മിയുടെ മക്കൾ, പുതുപ്പണക്കാർ വച്ചു നീട്ടിയ പണത്തിളക്കത്തിന്റെ പക്ഷം ചേർന്നു.

കണ്ണന്റെ തോട്ടത്തിലെ എല്ലാ ഫലവൃക്ഷങ്ങളിലേയും വിള പറിച്ചെടുക്കാനുള്ള അവകാശം കണ്ണനിൽ നിന്ന്  പറിച്ചെടുക്കപ്പെട്ടു. തോട്ടത്തിൽ പുതിയ അവകാശികൾ വന്നു. പുതിയ ആൾക്കാരുടെ പെരുമാറ്റത്തിൽ മരങ്ങളും ആശങ്കപ്പെട്ടതു പോലെ മരങ്ങൾ ശരിയായ രീതിയിൽ പൂക്കുകയോ കായ്ക്കുകയോ ചെയ്തില്ല.

എന്നാൽ കണ്ണൻ ഏറ്റവും കൂടുതൽ ശ്രദ്ധയും സമയവും കൊടുത്ത്  വളർത്തിയെടുത്ത വലിയ പ്ലാവു മരത്തിൽ ധാരാളം ചക്കകൾ ഉണ്ടായി. ആ പ്ലാവിനെ നാട്ടുകാർ വിളിച്ചിരുന്നത് “കണ്ണന്റെ ഓള് മരം“ എന്നായിരുന്നു. കണ്ണൻ ആ മരത്തിനെ അയാളുടെ ഭാര്യയേ പോലെ കണ്ടിരുന്നുവെന്ന്! ആ പ്ലാവിലാണ് ആ വർഷം ഇലകളെ മൂടിക്കായ്കൾ വളർന്നു നിന്നത്.  ആയിരക്കണക്കിനു ചക്കകൾ. ഇതുവരെ ഒരു പ്ലാവിലും അതു പോലെ ചക്കയുണ്ടായിട്ടുണ്ടാവില്ല. മറ്റെല്ലാ വിളകൾക്കും പകരമായിട്ടെന്നതു പോലെ ആ പ്ലാവ് ആരെയും കൊതിപ്പിച്ചു കൊണ്ട് അങ്ങനെ നിന്നു.

പുതുപ്പണക്കാർക്ക് വലിയ സന്തോഷമായി. അവർ വലിയ തുക തന്നെ ജന്മിയുടെ മക്കൾക്ക് നൽകി.
കണ്ണൻ , മരങ്ങളെ തൊട്ടുതലോടാനോ അവയെ പരിപാലിക്കാനോ ആവാതെ സങ്കടപ്പെട്ടു. അയാളെ “അയാളുടെ” കൃഷിയിടത്തിൽ നിന്നും അകറ്റിയത്  അയാളുടെ മക്കൾ അറിഞ്ഞു. അച്ഛനെ വേണ്ടാത്ത മക്കൾക്ക് പണക്കോയ്മയുടെ മൂർച്ചയിൽ പിതൃസ്നേഹം തീർച്ചപ്പെട്ടു.  അവർക്ക് ഒറ്റ തീരുമാനമേ ഉണ്ടായിരുന്നുള്ളൂ. ആ പ്ലാവിനെ ഉണക്കിക്കളയുക. 

പ്ലാവിന്റെ  ചുവട്ടിൽ ഒരു മുറിവ് ഉണ്ടാക്കി , ആ മുറിവിൽ ഒരു മരുന്ന് ഒഴിക്കുക. ആദ്യ ദിവസം തന്നെ ഇലകൾ കൊഴിയും .പിന്നെ അധികം വൈകാതെ ആ മരം ഉണങ്ങും.

മക്കൾ ആ ജോലി അച്ഛനെ തന്നെ ഏൽ‌പ്പിച്ചു. അയാൾ ഒന്നും പറയാതെ ആ മരുന്ന് വാങ്ങി വച്ചു. ഇനിയെങ്കിലും ഒരു “ആണാകാൻ “ നിർദ്ദേശിച്ച് മക്കൾ അവരുടെ കൊട്ടാര സദൃശമായ വാഹനങ്ങളിൽ മടങ്ങിപ്പോയി.

കണ്ണൻ പുലർച്ചേ തന്നെ മരുന്നുമെറ്റുത്ത് ആ പ്ലാവിൻ ചുവട്ടിലെത്തി. മക്കൾ കൊണ്ടുവന്ന മൂർച്ചയുള്ള കത്തിയെടുത്തു പ്ലാവിന്റെ ചുവട്ടിൽ  വച്ചു. പിന്നെ പ്ലാവിനെ ചുറ്റിപ്പിടിച്ചു. ഉമ്മ വച്ചു. നിശ്ശബ്ദം കരഞ്ഞു. എന്നിട്ട്  അതിനോട് യാത്ര ചോദിച്ചു. പിന്നെ കത്തിയെടുത്ത് സ്വന്തം കൈത്തണ്ടിൽ  കുത്തിയിറക്കി.  ആ മുറിവിൽ ആ മരുന്നെടുത്ത് ഒഴിച്ച് , അയാൾ ആ പ്ലാവിൻ ചുവട്ടിൽ മലർന്ന് കിടന്നു.

നേരം വെളുത്ത്  നാടുണർന്നപ്പോൾ അയാൾ അബോധാവസ്ഥയിൽ നിന്നുണർന്ന് അയാളുടെ കുടിയിലേക്ക് പോയി. കൈക്ക് വേദനയുണ്ടായിരുന്നു.  അയാൾ അധികമൊന്നും പുറത്തിറങ്ങിയില്ല. പ്ലാവിൽ ചക്കകൾ  മൂത്തു. ചക്ക പറിക്കാൻ വന്ന ആളുകൾ കണ്ണനെ  അയാളുടെ കുടിയിൽ ചെന്ന്  കണ്ടു.
“കണ്ണേട്ടാ ഞങ്ങളോടൊന്നും തോന്നരുത്. മൊതലാളി പറഞ്ഞിട്ടാ. ഞങ്ങൾക്കും ജീവിക്കണ്ടേ?... അല്ലാതെ….“

അയാൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. പണിക്കാർ ചക്ക പറിക്കാൻ പോയി. ചക്കകളിലൊരെണ്ണം അവർ  മൂപ്പു നോക്കാൻ  മുറിച്ചു. മുറിച്ച ചക്കക്കകത്ത്  ഒറ്റ ചുളയുമുണ്ടായിരുന്നില്ല. അകത്ത് വെറും  ചമിണി മാത്രം !

അവർ പിന്നെയും ചക്ക മുറിച്ചു. എല്ലാ ചക്കയിലും ചുളക്ക് പകരം ചമിണി മാത്രം! കേട്ടവർ കേട്ടവർ വന്നു. വന്നവർ വന്നവർ ചക്ക മുറിച്ചു നോക്കി. ചമിണി മാത്രം കണ്ട് എല്ലാവരും അന്ധാളിച്ചു. ആരോ കണ്ണന്റെ കുടിയിൽ നിന്ന് വിളിച്ച് പറഞ്ഞു: കണ്ണേട്ടനെ കാണാനില്ല. എല്ലാവരും അങ്ങോട്ടോടി. അയാൾ അവിടെങ്ങുമുണ്ടായിരുന്നില്ല. പിന്നീടാരും അയാളെ കണ്ടിട്ടുമില്ല.

പക്ഷേ ആ പ്ലാവുണ്ടല്ലോ. അത് ഇന്നുമുണ്ട്. അരോടോ ദേഷ്യം തീർക്കാനെന്നതു പോലെ എല്ലാ വർഷവും നിറയെ  ചുളയില്ലാത്ത ചക്കകളുണ്ടാകും അതിൽ. നാട്ടുകാരിൽ ഒരു കൂട്ടർ അതിന്റെ മുൻപിൽ വിളക്കു വയ്ക്കുന്നതിനായി ഏർപ്പാടു ചെയ്ത ആളല്ലാതെ മറ്റൊരാളും അതിന്റെ  സമീപത്തു പോലും പോകില്ല. ആർക്കും അതിനുള്ള ധൈര്യവുമില്ല.

കണ്ണു നിറഞ്ഞത് കാണിക്കാൻ ഇഷ്ടപ്പെടാതെ ജേര്‍ണലിസ്റ്റ് പെണ്ണ് മുറിവിട്ട് പോയപ്പോൾ , മോൻ ഇനിയും ഉറങ്ങിയില്ലേ  എന്ന് ചോദിച്ച് മുത്തശ്ശി വീണ്ടും പാട്ടു പാടി: “ചക്കമരോ ചമിണിമരോ ചമിണിയാൻ കണ്ണന്റോളു മരോ”

Thursday, January 05, 2012

നോട്ടീ ബോയ്





തൊട്ടതിനും പിടിച്ചതിനുമെല്ലാം അമ്മയെ കുറ്റപ്പെടുത്തുന്ന അച്ഛനെയാണു കുട്ടിക്ക് പരിചയം.
ഒരു ദിവസം അച്ഛൻ അമ്മയോട് പിണങ്ങി എങ്ങോട്ടോ പോയി. അയാൾ മറ്റൊരു സ്ത്രീയോട് കൂട്ട് കൂടാൻ പോയതാണെന്നൊന്നും കുട്ടി അറിഞ്ഞില്ല.  അച്ഛൻ പോയതിന്റെ പിറ്റേന്ന് കുട്ടി സ്ക്കൂളിൽ നിന്നും വരുമ്പോൾ, അവന് വഴിയോരത്തു നിന്നും,നോട്ടീ ബോയ് എന്ന പേരുള്ള ഒരു ഇംഗ്ലീഷ് കവിത കളഞ്ഞു കിട്ടി.
അമ്മ അവന് അതിന്റെ മലയാള വിവർത്തനം നടത്തിക്കൊടുത്തു.
ഇങ്ങനെ:

“ ഒരിടത്തൊരു വികൃതിക്കുട്ടിയുണ്ടായിരുന്നു
അവനൊരു വികൃതിക്കുട്ടിയായിരുന്നു.
ഒരി ദിവസം അവൻ ഇംഗ്ലണ്ടിൽ നിന്നും
ഓടിപ്പോയി…..
സ്കോട്ട് ലന്റിലേക്ക്!
അവൻ ഇംഗ്ലണ്ടിൽ കണ്ടതെല്ലാം
സ്കോട്ട് ലന്റിലും കാണുന്നു!
ഇംഗ്ലണ്ടിലില്ലാത്തതൊന്നും സ്കോട്ട് ലന്റിലില്ല
സ്കോട്ട് ലന്റിൽ ഇല്ലാത്തതു മാത്രമേ ഇംഗ്ലണ്ടിലും
ഇല്ലാതുള്ളൂ……..
അവൻ മടങ്ങി വന്നു ഇംഗ്ലണ്ടിലേക്ക് തന്നെ!! “

അമ്മ പറഞ്ഞു കൊടുത്തതൊന്നും കുട്ടിക്ക് തൃപ്തിയായില്ല. അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് അവൻ  ആഗ്രഹിച്ചു.
പെട്ടെന്ന് വാതിൽ തുറന്ന് അച്ഛൻ അകത്തേക്ക് വന്നു. കുട്ടി ഓടിച്ചെന്ന് അച്ഛനോട് ചോദിച്ചു: അച്ഛാ അമ്മക്കൊന്നുമറിയില്ല. അച്ഛനൊന്ന് ഈ കവിതയുടെ അർത്ഥം പറഞ്ഞു തരുമോ?
അമ്മ പറഞ്ഞതാണു ശരി. അമ്മ പറഞ്ഞതാണു സത്യം. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടെന്ന്  കുട്ടിക്ക് മനസ്സിലായി. അച്ഛൻ അമ്മയുടെ കൈകൾ കൂട്ടിപ്പിടിക്കുന്നത് കണ്ട് അവൻ അമ്പരന്നു.
അവന്റെ മനസ്സിൽ ചിലത് മനസ്സിലാകാതെ അവശേഷിച്ചു: അച്ഛൻ കരഞ്ഞതെന്തിന്? അച്ഛൻ, അമ്മയെ അംഗീകരിച്ചതെന്തിന്?

Tuesday, December 13, 2011

വനചിത്രണം



മഹാരാജാവ് കൽ‌പ്പിച്ചത് പ്രജകളിൽ നിന്ന് ‘വനത്തിന്റെ‘ ചിത്രം ശേഖരിച്ച് തിരു സവിധത്തിങ്കൽ സമർപ്പിക്കാനായിരുന്നു. ജനങ്ങളിൽ നിന്ന് ശേഖരിക്കപ്പെട്ട ചിത്രങ്ങൾ  വനപാലകരായ കീഴുദ്യോഗസ്ഥരിലൂടെ, മേലുദ്യോഗസ്ഥരിലൂടെ, മന്ത്രിമാരിലൂടെ, കൈമാറി രാജാവിലെത്തിയപ്പോൾ ……………..അത്ഭുതമെന്ന് പറയട്ടെ, ചിത്രങ്ങളെല്ലാം മാഞ്ഞു പോയ വെറും കാൻവാസുകൾ മാത്രമായിരുന്നു.....വെറും ക്യാൻവാസുകൾ !!

Wednesday, November 23, 2011

തൊട്ടിൽ



ഉണ്ണിക്കുട്ടൻ  കട്ടിലിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുകയായിരുന്നു. കുട്ടിക്കൊരു തൊട്ടിലുണ്ടാക്കിക്കൊടുക്കണം എന്ന് അവന്റെ അച്ഛന് തോന്നി. ഇഷ്ടം പോലെ മുറിക്കാൻ മരങ്ങളുള്ളപ്പോൾ പിന്നെന്തിനമാന്തം?
പറമ്പിലെ നല്ലൊരു മരം ചൂണ്ടി ആശാരി പറഞ്ഞു: ഈ മരം മതി
അയാളും പറഞ്ഞു: അതെ ഈ മരം മതി
മരം മുറിക്കാർ മരം മുറിക്കാൻ എത്തിയപ്പോൾ ആ മരച്ചില്ലയിൽ കുരങ്ങു കുട്ടികൾ ഊഞ്ഞാലാടുന്നുണ്ടായിരുന്നു.
കുരങ്ങുകളെ എറിഞ്ഞോടിച്ച്, യന്ത്ര വാളുകൾ കൊണ്ട്  മുറിച്ചിട്ട മരവുമെടുത്ത് മരം മുറിക്കാർ പോയി.
തൊട്ടിൽ വളരെ പെട്ടെന്നൊരുങ്ങി. തൊട്ടിലിൽ കുട്ടിയെ കിടത്തുന്നത് ഒരാഘോഷം തന്നെയാക്കി. എന്തിനു കുറക്കണം?
പക്ഷേ………………. തൊട്ടിലിൽ കിടക്കാൻ ഇഷ്ടപ്പെടാത്തതു പോലെ  തൊട്ടിലിൽ കിടത്തിയ കുട്ടി കരച്ചിൽ തന്നെ കരച്ചിൽ! ഒരു രക്ഷയുമില്ല. കുട്ടി തൊട്ടിലിൽ കിടക്കാനിഷ്ടപ്പെടുന്നില്ല.
തൊട്ടിലിൽ കിടക്കാതെ അവൻ വളർന്നു. തൊട്ടിൽ ആർക്കും വേണ്ടാതെ പുരയിടത്തിന്റെയൊരു മൂലയിൽ കിടന്നു. ചിതൽ പോലും സ്പർശിക്കുന്നില്ലതിനെ.
ഒരു ദിവസം ഒരു പെൺ കുരങ്ങ് വന്ന് ആ തൊട്ടിൽ എടുത്ത് കൊണ്ട് പോകുന്നത് അവൻ കണ്ടു.  കുരങ്ങിനെ പിന്തുടർന്ന അവൻ പറമ്പിന്റെ അങ്ങേ മൂലയിലെ പഴയ ഒരു മരക്കുറ്റിയിൽ  കുരങ്ങ് ആ തൊട്ടിൽ വച്ചതു കണ്ടു. പിന്നെ അവൾ തന്റെ കുഞ്ഞുങ്ങളെ  എടുത്ത് ആ തൊട്ടിലിൽ കിടത്തുന്നത് കണ്ടു. ചുറ്റിലും ധാരാളം മരങ്ങളുണ്ട്.എന്നിട്ടും അവളെന്തിന് കുട്ടികളെ ഈ തൊട്ടിലിൽ തന്നെ കിടത്തുന്നുവെന്ന് അവൻ സ്വയം ചോദിച്ചു.
തൊട്ടിലുണ്ടാക്കിയ മരമേതെന്നവൻ അച്ഛനോട് ചോദിച്ചു. അയാൾ അവനോട് വാത്സല്യ പൂർവ്വം ദേഷ്യപ്പെട്ടു. നീ തൊട്ടിലിൽ കിടക്കാഞ്ഞത് മരം മോശമായതു കൊണ്ടാണോ?
ആശാരി പറഞ്ഞ വിവരം വച്ച് അവൻ തൊട്ടിലുണ്ടാക്കിയതു  പോലുള്ള മരത്തിനു പരതി നോക്കി. ആ പറമ്പിലും, അടുത്ത പറമ്പിലുമൊന്നും ആ ജാതി മരം ഉണ്ടായിരുന്നില്ല.
അവിടെ നിന്നും  ആ മരക്കുറ്റിയുടെ അടുത്തേക്ക് പോയ അവനെക്കണ്ട്  ആ കുരങ്ങ് കുടുംബം തൊട്ടിലുപേക്ഷിച്ച് ജീവനും കൊണ്ട് ഓടി.
അവൻ അവിടെ കുത്തിയിരുന്നു കരഞ്ഞു. ഒരിറ്റ് കണ്ണീർ ആ ഉണക്ക മരക്കുറ്റിയിൽ വീണു. പെട്ടെന്നൊരു അണ്ണാറക്കണ്ണന്റെ ചിലക്കൽ കേട്ടു. ഒരിലക്കിളിയുടെ പാട്ട്. ഒരു വസന്ത സേനയുടെ മൂളക്കം……………….
ആ ഉണക്ക മരക്കുറ്റിയിൽ അവന്റെ കണ്ണുനീർ വീണിടത്ത് ഒരു പുതു നാമ്പ് അവൻ കണ്ടു. മുകളിലേക്ക് നോക്കി അവൻ എന്തോ പ്രാർത്ഥിച്ചു. മേഘങ്ങൾ, കാറ്റ്, മഴ…….!
ആ ഉണക്ക മരക്കുറ്റിയിലെ നാമ്പ് വളർന്ന് വലിയ മരമായി. അതിൽ കുരങ്ങുകൾ ഊഞ്ഞാലാടി. പക്ഷികൾ കൂട് വച്ചു. അണ്ണാറക്കണ്ണന്മാർ ചിലച്ചാർത്തു
അവൻ വലുതായി, വിവാഹിതനായി,അവനും ഒരു മകനുണ്ടായി.  ഒരു ദിവസം അവന്റെ പത്നി അവനോടൊത്ത് പറമ്പിൽ നടക്കുമ്പോൾ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കീ മരം മുറിച്ച് മോനൊരു തൊട്ടിലുണ്ടാക്കിയാലോ………? അവന്റെ ഉറക്കത്തിലെ ഞെട്ടലും കരച്ചിലും ഒന്ന് മാറിക്കിട്ടിയാലോ……?
അവളുടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാതിരുന്ന അവൻ അവളുടെ ചോദ്യത്തിന് മറുമൊഴിഞ്ഞില്ല. പകരം ആ മരത്തിന്റെ ചുവട്ടിൽ ചെന്ന് മുട്ട് കുത്തി പ്രാർഥിച്ചു.
അവൻ അവളുടെ അടുത്തേക്ക് തിരിച്ചു ചെന്ന് പറഞ്ഞു. “ മരം മുറിക്കാൻ ആൾക്കാരെയും ഏർപ്പാട് ചെയ്യണ്ടേ? വരൂ പോകാം”
അവൾ പറഞ്ഞു: വേണ്ട. തൊട്ടിൽ വേണ്ട. നിങ്ങൾ മരത്തിനടുത്ത് പോയപ്പോൾ കുറെ കുരങ്ങുകളും, പക്ഷികളും, പേരറിയാത്ത അനേകം മറ്റ് ജന്തുക്കളും എന്റെ അടുത്ത് വന്നുപറഞ്ഞു‌- മരം മുറിക്കരുതെന്ന്. വേണ്ട  വെറുമൊരു തൊട്ടിലിനായി അവയെയെല്ലാം പിണക്കണ്ട.
പിന്നീടധികമവിടെ നിൽക്കാതെ അവർ വീട്ടിലേക്ക് നടന്നു. കിടക്കയിൽ ശാന്തനായി   കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ നെടുവീർപ്പിട്ടു. അന്ന് രാത്രി കുഞ്ഞ്  ഉറക്കത്തിൽ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അവനും അവളും ശാന്തമായി കിടന്നുറങ്ങി.
പ്രഭാതത്തിൽ അവളെ കാണാതെ അവൻ  പരിഭ്രമിച്ചു. അവളെ അന്വേഷിച്ച് പറമ്പിലെത്തിയ അവൻ അതു കണ്ടു. ആ മരച്ചുവട്ടിൽ അവൾ മുട്ടു കുത്തി പ്രാർത്ഥിക്കുന്നു!
പ്രകൃതിക്കാകെ പതിവിൽ കവിഞ്ഞ ഒരു ഉന്മേഷം ഉണ്ടായിരുന്നു.

Tuesday, November 15, 2011

കടലാസ്

അയാൾക്കൊരാഗ്രഹം-ഒരു കടലാസ്സ്  കമ്പനി തുടങ്ങണം! ആശ പൂർത്തീകരിക്കാൻ അയാൾ അതു സംബന്ധിച്ച കടലാസുകൾ വരുത്തി വായിച്ചു പഠിച്ചു. ഇനി? കടലാസുകൾ ശരിയാവണം! ലൈസൻസ്, എൻ.ഓ.സി മുതലായവ.
ഓഫീസുകളായ ഓഫീസുകളിലെല്ലാം കയറിയിറങ്ങി അയാൾ കടലാസ്സുകൾ ശരിയാക്കി. ഇനി വേണ്ടത് കറൻസിക്കടലാസ്സുകളാണ്. ബാങ്കുകളിൽ നിന്ന് ആ കടലാസ്സുകളും ഒപ്പിച്ചു. എന്നിട്ട്  പണിയങ്ങ് തൊടങ്ങി. കടലാസ്സുകൾ വിറ്റു പോകാൻ അയാൾ പരസ്യക്കടലാസ്സ് അടിച്ചിറക്കി. കടലാസ്സ് വായിച്ചെത്തിയവരെല്ലാം  കടമായിട്ടായിരുന്നു അയാളോട്  കടലാസ്സ്  വാങ്ങിയത്. കടലാസ്സുകൾ വിറ്റു പോയെങ്കിലും, വീണ്ടും പ്രൊഡക്ഷൻ നടത്താനുള്ള കടലാസ്സിനായി അയാൾ കാലിക്കീശ തപ്പി. പിന്നെ വട്ടിക്കാരൻ നീട്ടിയ കടലാസ്സുകളിൽ ഒപ്പിട്ട് കൊടുത്തും, കൈവായ്പ്പയായും അയാൾ കടലാസ്സൊപ്പിച്ചു. പിന്നെയും പതിവിൻ പടി പ്രൊഡക്ഷനും, ഡിസ്ട്രിബ്യൂഷനും! കടം കൂടി. ബാങ്കുകൾ കടലാസ്സുകളയച്ചുകൊണ്ടേയിരുന്നു. അയാൾക്ക് കടലാസ്സും കൊണ്ട് ബാങ്കിലെത്താൻ കഴിയാതെ വന്നപ്പോൾ ബാങ്കുകൾ അയാളുടെ വീട്ടിന്റെ വാതിലിൽ ഒരു കടലാസ്സൊട്ടിച്ചു. ജപ്തിയുടെ കടലാസ്സ്!
രക്ഷയൊന്നുമില്ലാതെ വന്നപ്പോൾ അയാൾ ഒരു കടലാസ്സിൽ ഇങ്ങനെ എഴുതിവച്ചു: എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി
പിറ്റേന്നിറങ്ങിയ എല്ലാ പ്രാദേശിക കടലാസ്സുകളിലും വാർത്തവന്നു: കടലാസ്സു വ്യവസായി കടലാസ്സെഴുതി വച്ച് കടലാസ്സിലായി!

Saturday, November 05, 2011

ഇടയ ലേഖനം

  വനം അരികു പാകിയ ഗ്രാമീണ ഭൂമികയിൽ കുങ്കുമ നിറം കലർന്ന സായം കാലത്ത് കവി എത്തി- ഒരു കാവ്യം ചമക്കാൻ.
കാനനത്തിലെ ജ്വാലകൾ പോലെ പൂത്തു നിൽക്കുന്ന  പൂവാകകളുടെ ക്ഷണിക്കുന്ന ചിരിയിൽ തങ്ങി കവി വാടക വീട്ടിൽ പുതു കവിതയുടെ ആദ്യാക്ഷരി കുറിച്ചു. അങ്ങനങ്ങനെ ഇരിക്കുമ്പോൾ ,ഇരുൾപ്പുതപ്പിടാനൊരുങ്ങുന്ന വന നിഗൂഢതകളുടെ ഊടു വഴികളിലൊന്നിലൂടെ കുറെ ആടുകളും ഒരിടയനും നാടിറങ്ങി വരുന്നു-രാത്രികാല പരോളിനെന്ന പോലെ!
വാടക വീട്ടിലെ പുതിയ താമസക്കാരനെ കണ്ട് കൈകൂപ്പിയ ഇടയൻ കൈയ്യിലെ പാൽ‌പ്പാത്രത്തിൽ നിന്ന് കവിക്ക് പാൽ പകർന്നു നൽകി.
കവി അവനിൽ പ്രസാദിച്ചു. കവി അവനെ കാവ്യത്തിലെ നായകനാക്കി- രാമണൻ എന്ന് പേർ കൊടുത്തു
നായകന് പ്രേമിക്കാനൊരു ചരക്കിനെയും സൃഷ്ടിച്ചു- വലിയ വീട്ടിലെ ആ മൊതലിന്  ചന്ദ്രി എന്ന് പേരിട്ടു.
പിന്നെ ഒടുക്കത്തെ പ്രേമായിരുന്നു രണ്ടും കൂടി. എന്റമ്മോ! വിവരണാതീതം. കണ്ടിട്ടില്ല ഞാനീവിധം പാണ്ടി ലോറി പോലൊരു നെഞ്ചകം എന്നൊക്കെ അവർ പരസ്പരം പാടാനോങ്ങി. പക്ഷേ കവി വിട്ടില്ല. കവി നല്ലൊന്നാന്തരം ആട്ടിൻ പാലു പോലത്ത  “ഉപ്പുമാ“ യും “ഉലപ്പരക്ഷ“യും വച്ച്  ലൈനടി കൊഴുപ്പിച്ചു.
 ഇടയൻ ദിവസവും കവിക്ക് പാൽ നൽകിക്കൊണ്ടിരുന്നു. ഒരു ദിവസം ഇടയൻ കവിക്ക് പാൽ നൽകിയില്ല. കവിക്ക് ഇടയനോട് നീരസം തോന്നി. അന്നെഴുതിയ കാവ്യ ഭാഗത്ത് കവി ഇടയനെക്കൊണ്ട് ചന്ദ്രിയോടൊന്ന് മിണ്ടാൻ പോലും സമ്മതിച്ചില്ല. പോരാത്തതിന് അവന് ചിക്കൻ ഗുനിയ പിടിച്ചതായി എഴുതി.
പക്ഷേ സത്യത്തിലയാൾക്ക് വയറ്റിളക്കമായിരുന്നു. ഒരു രക്ഷയുമില്ലാത്തതു കൊണ്ട് മാത്രമാണ് കവിക്ക് പാൽ കൊടുക്കാതിരുന്നത്!
പിറ്റേന്ന് കൊടുത്ത പാലിൽ പ്രസാദിച്ച കവി രാമണന്റെ സ്റ്ററ്റസ്സുയർത്തി. അവന്റെ അസുഖം , കൈക്കൂലി വാങ്ങി,കാര്യം നടത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥന്റെ ശുഷ്കാന്തിയോടെ, കവി മാറ്റിക്കൊടുത്തു.
കാവ്യത്തിന്റെ ആ ഭാഗത്ത് കവി ഒരു വല്ലാത്ത റൊമാൻസ് ചേർത്തു: രാമണേട്ടാ…….. ഐ മിസ്സ് യൂ ഡാ……….എന്ന് പറഞ്ഞു കൊണ്ടോടി വരുന്ന ചന്ദ്രിയെ നോക്കി വന്ധ്യ മേഘങ്ങൾ പോലും പെയ്തു എന്ന്!
പക്ഷേ “ചന്ദ്രീടെ വീട്ടിലെ ടീവി കാണാൻ  പോന്നൂടെ പോന്നൂടെ എന്റെ കൂടെ “ എന്ന് ചന്ദ്രി കരഞ്ഞു വിളിച്ചിട്ടും കവി രാമണനെ പോകാൻ വിട്ടില്ല. കാനന ഛായയിൽ ആട് മേയ്ക്കാൻ രാമണന്റെ ഒപ്പം പോകാൻ ചന്ദ്രിയേയും വിട്ടില്ല.
അങ്ങനെയൊരു ചാൻസ് കിട്ടാൻ ആട്ടിറച്ചി കൊടുക്കണം കവിക്ക് എന്ന് ആ പൊട്ടൻ രാമണന് അറിയണ്ടേ? വിവരം കെട്ടവൻ!
എന്തായാലും ശുഭ പര്യവസായിയായി കാവ്യം തീരാറായപ്പോൾ ദാ വരുന്നു ഇങ്കം ടാക്സ് കാരുടെ റെയ്ഡ് പോലെ അപ്രതീക്ഷിതമായി രാമണൻ. അവന് പാലിന്റെ കാശ് വേണം പോലും! ഒരു മാസത്തെ പാലിന്റെ കാശ്..............!
കവി പണം കൊടുത്തു. 
പക്ഷേ കവി, കാവ്യത്തിന്റെ ക്ലൈമാക്സ്  മാറ്റി!
ചന്ദ്രിയെ “ഒരു ദുബായിക്കാരനെ“ കൊണ്ട് കെട്ടിച്ചു. രാമണനെ കവി കാട്ടാനയായി വന്ന് കൊല്ലാൻ നോക്കി.പക്ഷേ ആനയുടെ ആക്രമണത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നൽകുമെന്നതു കൊണ്ട് കവി ആ ഉദ്യമം ഉപേക്ഷിച്ചു. 
പിന്നെ കവി ചെയ്തതെല്ലാം യാന്ത്രികമായിരുന്നു. അയാൾ ഒരു അനോണി റിപ്പോർട്ട് പത്രങ്ങൾക്കയച്ചു കൊടുത്തു. “ഇടയന്റെ ശവം കാട്ടാറിലൂടെ ഒഴുകുന്നു.......ആടുകൾ ബേ...ബേ   എന്ന് കരയുന്നു.........ഇടയന്റെ ലാപ് ടോപ്പ് പുഴയുടെ തീരത്ത്  ആടിനും ഇടയനും വേണ്ടാതെ കിടക്കുന്നു.........“ അങ്ങനെ കവി കലി തീർത്തു. ഹല്ല പിന്നെ ഒരിടയനിത്രയും ധിക്കാരമോ?
പത്ര വാർത്ത വായിച്ച് പ്രബുദ്ധ ജനം  ഇടയന്റെ മരണത്തിനു കാരണക്കാരനെ കണ്ടു പിടിക്കാനായി പിറ്റേന്ന് നാട്ടിലൊട്ടാകെ ഹർത്താലാക്കി. ങ്ഹ! അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ!
പിള്ളേർ കുപ്പിയും കോഴിയുമെല്ലാം തീർത്ത് കാണുമോ?


 
നാട്ടാർക്ക് അന്ന് ചിക്കനും കുപ്പിയുമായി ആഘോഷം കെങ്കേമം.........!
ചില യൂനിഫോമിട്ട പോലീസു കാർക്ക്  ഹർത്താലുകാരുടെ തല്ലു കിട്ടി. ചില യൂനിഫോമില്ലാത്ത പോലീസു കാർക്കും കിട്ടി നല്ല തല്ല്. പിന്നല്ലാതെ

ഇതൊന്നുമറിയാതെ ഇടയൻ പതിവു പോലെ ആടുകളെയും കൊണ്ട് കാട് കേറി.