പേജുകള്‍‌

Thursday, January 26, 2012

ചമിണിമരം


പേരക്കുട്ടിയെ ഉറക്കാൻ പാട്ടു പാടിയ മുത്തശ്ശി അന്നും ആ പാട്ടു തന്നെ പാടി: “ചക്ക മരോ ചമിണി മരോ ചമിണിയാൻ കണ്ണന്റോളു മരോ”

അന്നവിടെ വിരുന്നുകാരിയായെത്തിയ  കോളേജു കുമാരിക്ക് ,സംശയമുയർത്താൻ  ആ പാട്ട് വഴി വച്ചു. ജേണലിസം പഠിക്കുന്ന പെണ്ണ് ,ഒട്ടും മടിക്കാതെ ചോദിച്ചു: അച്ഛമ്മേ, ഈ ചമിണി മരോം ചമിണിയാൻ കണ്ണനും ഒക്കെ സത്യത്തിൽ ഉണ്ടായിരുന്നോ?  മുത്തശ്ശി പാട്ട് നിർത്തി കഥ പറയാൻ തുടങ്ങി:

ഒരിടത്ത്  കണ്ണൻ എന്ന് പേരുള്ള  ഒരു കുടിയാനുണ്ടായിരുന്നു. കണ്ണൻ  നല്ല അദ്ധ്വാനി ആയിരുന്നു. ജന്മിയുടെ ഭൂമിയിൽ അയാൾ എണ്ണമറ്റ മരങ്ങൾ നട്ടു വളർത്തി.

കാലം പോകെ ജന്മിത്ത വ്യവസ്ഥിതി മാറി. എന്നാലും ജന്മി കുടിയാൻ ബന്ധം കണ്ണനും, കണ്ണന്റെ ജന്മിയും പുലർത്തിപ്പോന്നു. അവർക്കിടയിൽ കണക്കുകളോ നിയമങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കണ്ണൻ ഉല്പാദിപ്പിച്ചിരുന്ന കാർഷിക വിളകൾ കണ്ണൻ തന്നെ ജന്മിയുടെ ഇല്ലത്ത് എത്തിക്കും. വർഷത്തിൽ ഒരൊറ്റ തവണ മാത്രം. അതിനു ശേഷമുള്ളതെല്ലാം കുടിയാന് സ്വന്തം.  

അത് കണ്ണനു മാത്രം ജന്മിയിൽ നിന്നു കിട്ടിയിരുന്ന പ്രത്യേക പരിഗണന. അയാളുടെ  പ്രവൃത്തികളിൽ ജന്മി ശരിക്കും പ്രീതനായിരുന്നു. ജന്മി മരിച്ചതിനു ശേഷവും, കണ്ണൻ ഇല്ലത്തേക്ക് വിളകൾ കൊണ്ടു പോയി കൊടുത്തു. ജന്മിയുടെ മക്കൾ അത് ,അച്ഛൻ സ്വീകരിക്കുന്നത് പോലെ തന്നെ സ്വീകരിച്ചു വന്നു.

കണ്ണന്റെ മക്കൾ അയാളുടെ പാത പിന്തുടർന്നില്ല. അവർ പുറം നാട്ടിൽ ജോലിക്ക് പോയി ധാരാളം പണം ഉണ്ടാക്കി. ജന്മിയിൽ നിന്നും കുടികിടപ്പ് കിട്ടിയ പത്ത് സെന്റ് സ്ഥലത്തോട് അവർക്ക് പുച്ഛം തോന്നി. അവർ പട്ടണത്തിൽ സ്ഥലം  വാങ്ങി വീട് വച്ചു. അവർ അച്ഛനെ തിരിഞ്ഞു നോക്കിയില്ല. അവർ ജന്മിത്തത്തേയും ജനാധിപത്യത്തേയും അധിക്ഷേപിച്ചു.

കാലം മാറി മറിയവേ പുതിയ അന്വേഷണങ്ങളും പുതിയ സമ്പ്രദായങ്ങളും നാട്ടിൻ പുറത്തേക്കും കയറി വരാൻ ആരംഭിച്ചു. കണ്ണൻ നട്ടു വളർത്തിയ ഫലവൃക്ഷങ്ങളിലെ വിളവെടുക്കാൻ ജന്മിയുടെ മക്കളെ പണം കാട്ടി സ്വാധീനിച്ച് ഒരു പുതുപ്പണക്കാരൻ എത്തിയത് അങ്ങനെയായിരുന്നു. ജന്മിയുടെ മണ്ണിൽ നിന്ന് കുടിയാന്റെ പങ്ക് കൊടുത്ത് നിയമപരമായി ബാധ്യത തീർത്തിട്ടും കുടിയാൻ ജന്മിയുടെ സ്ഥലത്തെ വിളവെടുക്കുന്നതിന്റെ ന്യായാന്വേഷണത്തിൽ ജന്മിയുടെ മക്കൾ, പുതുപ്പണക്കാർ വച്ചു നീട്ടിയ പണത്തിളക്കത്തിന്റെ പക്ഷം ചേർന്നു.

കണ്ണന്റെ തോട്ടത്തിലെ എല്ലാ ഫലവൃക്ഷങ്ങളിലേയും വിള പറിച്ചെടുക്കാനുള്ള അവകാശം കണ്ണനിൽ നിന്ന്  പറിച്ചെടുക്കപ്പെട്ടു. തോട്ടത്തിൽ പുതിയ അവകാശികൾ വന്നു. പുതിയ ആൾക്കാരുടെ പെരുമാറ്റത്തിൽ മരങ്ങളും ആശങ്കപ്പെട്ടതു പോലെ മരങ്ങൾ ശരിയായ രീതിയിൽ പൂക്കുകയോ കായ്ക്കുകയോ ചെയ്തില്ല.

എന്നാൽ കണ്ണൻ ഏറ്റവും കൂടുതൽ ശ്രദ്ധയും സമയവും കൊടുത്ത്  വളർത്തിയെടുത്ത വലിയ പ്ലാവു മരത്തിൽ ധാരാളം ചക്കകൾ ഉണ്ടായി. ആ പ്ലാവിനെ നാട്ടുകാർ വിളിച്ചിരുന്നത് “കണ്ണന്റെ ഓള് മരം“ എന്നായിരുന്നു. കണ്ണൻ ആ മരത്തിനെ അയാളുടെ ഭാര്യയേ പോലെ കണ്ടിരുന്നുവെന്ന്! ആ പ്ലാവിലാണ് ആ വർഷം ഇലകളെ മൂടിക്കായ്കൾ വളർന്നു നിന്നത്.  ആയിരക്കണക്കിനു ചക്കകൾ. ഇതുവരെ ഒരു പ്ലാവിലും അതു പോലെ ചക്കയുണ്ടായിട്ടുണ്ടാവില്ല. മറ്റെല്ലാ വിളകൾക്കും പകരമായിട്ടെന്നതു പോലെ ആ പ്ലാവ് ആരെയും കൊതിപ്പിച്ചു കൊണ്ട് അങ്ങനെ നിന്നു.

പുതുപ്പണക്കാർക്ക് വലിയ സന്തോഷമായി. അവർ വലിയ തുക തന്നെ ജന്മിയുടെ മക്കൾക്ക് നൽകി.
കണ്ണൻ , മരങ്ങളെ തൊട്ടുതലോടാനോ അവയെ പരിപാലിക്കാനോ ആവാതെ സങ്കടപ്പെട്ടു. അയാളെ “അയാളുടെ” കൃഷിയിടത്തിൽ നിന്നും അകറ്റിയത്  അയാളുടെ മക്കൾ അറിഞ്ഞു. അച്ഛനെ വേണ്ടാത്ത മക്കൾക്ക് പണക്കോയ്മയുടെ മൂർച്ചയിൽ പിതൃസ്നേഹം തീർച്ചപ്പെട്ടു.  അവർക്ക് ഒറ്റ തീരുമാനമേ ഉണ്ടായിരുന്നുള്ളൂ. ആ പ്ലാവിനെ ഉണക്കിക്കളയുക. 

പ്ലാവിന്റെ  ചുവട്ടിൽ ഒരു മുറിവ് ഉണ്ടാക്കി , ആ മുറിവിൽ ഒരു മരുന്ന് ഒഴിക്കുക. ആദ്യ ദിവസം തന്നെ ഇലകൾ കൊഴിയും .പിന്നെ അധികം വൈകാതെ ആ മരം ഉണങ്ങും.

മക്കൾ ആ ജോലി അച്ഛനെ തന്നെ ഏൽ‌പ്പിച്ചു. അയാൾ ഒന്നും പറയാതെ ആ മരുന്ന് വാങ്ങി വച്ചു. ഇനിയെങ്കിലും ഒരു “ആണാകാൻ “ നിർദ്ദേശിച്ച് മക്കൾ അവരുടെ കൊട്ടാര സദൃശമായ വാഹനങ്ങളിൽ മടങ്ങിപ്പോയി.

കണ്ണൻ പുലർച്ചേ തന്നെ മരുന്നുമെറ്റുത്ത് ആ പ്ലാവിൻ ചുവട്ടിലെത്തി. മക്കൾ കൊണ്ടുവന്ന മൂർച്ചയുള്ള കത്തിയെടുത്തു പ്ലാവിന്റെ ചുവട്ടിൽ  വച്ചു. പിന്നെ പ്ലാവിനെ ചുറ്റിപ്പിടിച്ചു. ഉമ്മ വച്ചു. നിശ്ശബ്ദം കരഞ്ഞു. എന്നിട്ട്  അതിനോട് യാത്ര ചോദിച്ചു. പിന്നെ കത്തിയെടുത്ത് സ്വന്തം കൈത്തണ്ടിൽ  കുത്തിയിറക്കി.  ആ മുറിവിൽ ആ മരുന്നെടുത്ത് ഒഴിച്ച് , അയാൾ ആ പ്ലാവിൻ ചുവട്ടിൽ മലർന്ന് കിടന്നു.

നേരം വെളുത്ത്  നാടുണർന്നപ്പോൾ അയാൾ അബോധാവസ്ഥയിൽ നിന്നുണർന്ന് അയാളുടെ കുടിയിലേക്ക് പോയി. കൈക്ക് വേദനയുണ്ടായിരുന്നു.  അയാൾ അധികമൊന്നും പുറത്തിറങ്ങിയില്ല. പ്ലാവിൽ ചക്കകൾ  മൂത്തു. ചക്ക പറിക്കാൻ വന്ന ആളുകൾ കണ്ണനെ  അയാളുടെ കുടിയിൽ ചെന്ന്  കണ്ടു.
“കണ്ണേട്ടാ ഞങ്ങളോടൊന്നും തോന്നരുത്. മൊതലാളി പറഞ്ഞിട്ടാ. ഞങ്ങൾക്കും ജീവിക്കണ്ടേ?... അല്ലാതെ….“

അയാൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. പണിക്കാർ ചക്ക പറിക്കാൻ പോയി. ചക്കകളിലൊരെണ്ണം അവർ  മൂപ്പു നോക്കാൻ  മുറിച്ചു. മുറിച്ച ചക്കക്കകത്ത്  ഒറ്റ ചുളയുമുണ്ടായിരുന്നില്ല. അകത്ത് വെറും  ചമിണി മാത്രം !

അവർ പിന്നെയും ചക്ക മുറിച്ചു. എല്ലാ ചക്കയിലും ചുളക്ക് പകരം ചമിണി മാത്രം! കേട്ടവർ കേട്ടവർ വന്നു. വന്നവർ വന്നവർ ചക്ക മുറിച്ചു നോക്കി. ചമിണി മാത്രം കണ്ട് എല്ലാവരും അന്ധാളിച്ചു. ആരോ കണ്ണന്റെ കുടിയിൽ നിന്ന് വിളിച്ച് പറഞ്ഞു: കണ്ണേട്ടനെ കാണാനില്ല. എല്ലാവരും അങ്ങോട്ടോടി. അയാൾ അവിടെങ്ങുമുണ്ടായിരുന്നില്ല. പിന്നീടാരും അയാളെ കണ്ടിട്ടുമില്ല.

പക്ഷേ ആ പ്ലാവുണ്ടല്ലോ. അത് ഇന്നുമുണ്ട്. അരോടോ ദേഷ്യം തീർക്കാനെന്നതു പോലെ എല്ലാ വർഷവും നിറയെ  ചുളയില്ലാത്ത ചക്കകളുണ്ടാകും അതിൽ. നാട്ടുകാരിൽ ഒരു കൂട്ടർ അതിന്റെ മുൻപിൽ വിളക്കു വയ്ക്കുന്നതിനായി ഏർപ്പാടു ചെയ്ത ആളല്ലാതെ മറ്റൊരാളും അതിന്റെ  സമീപത്തു പോലും പോകില്ല. ആർക്കും അതിനുള്ള ധൈര്യവുമില്ല.

കണ്ണു നിറഞ്ഞത് കാണിക്കാൻ ഇഷ്ടപ്പെടാതെ ജേര്‍ണലിസ്റ്റ് പെണ്ണ് മുറിവിട്ട് പോയപ്പോൾ , മോൻ ഇനിയും ഉറങ്ങിയില്ലേ  എന്ന് ചോദിച്ച് മുത്തശ്ശി വീണ്ടും പാട്ടു പാടി: “ചക്കമരോ ചമിണിമരോ ചമിണിയാൻ കണ്ണന്റോളു മരോ”

Thursday, January 05, 2012

നോട്ടീ ബോയ്





തൊട്ടതിനും പിടിച്ചതിനുമെല്ലാം അമ്മയെ കുറ്റപ്പെടുത്തുന്ന അച്ഛനെയാണു കുട്ടിക്ക് പരിചയം.
ഒരു ദിവസം അച്ഛൻ അമ്മയോട് പിണങ്ങി എങ്ങോട്ടോ പോയി. അയാൾ മറ്റൊരു സ്ത്രീയോട് കൂട്ട് കൂടാൻ പോയതാണെന്നൊന്നും കുട്ടി അറിഞ്ഞില്ല.  അച്ഛൻ പോയതിന്റെ പിറ്റേന്ന് കുട്ടി സ്ക്കൂളിൽ നിന്നും വരുമ്പോൾ, അവന് വഴിയോരത്തു നിന്നും,നോട്ടീ ബോയ് എന്ന പേരുള്ള ഒരു ഇംഗ്ലീഷ് കവിത കളഞ്ഞു കിട്ടി.
അമ്മ അവന് അതിന്റെ മലയാള വിവർത്തനം നടത്തിക്കൊടുത്തു.
ഇങ്ങനെ:

“ ഒരിടത്തൊരു വികൃതിക്കുട്ടിയുണ്ടായിരുന്നു
അവനൊരു വികൃതിക്കുട്ടിയായിരുന്നു.
ഒരി ദിവസം അവൻ ഇംഗ്ലണ്ടിൽ നിന്നും
ഓടിപ്പോയി..
സ്കോട്ട് ലന്റിലേക്ക്!
അവൻ ഇംഗ്ലണ്ടിൽ കണ്ടതെല്ലാം
സ്കോട്ട് ലന്റിലും കാണുന്നു!
ഇംഗ്ലണ്ടിലില്ലാത്തതൊന്നും സ്കോട്ട് ലന്റിലില്ല
സ്കോട്ട് ലന്റിൽ ഇല്ലാത്തതു മാത്രമേ ഇംഗ്ലണ്ടിലും
ഇല്ലാതുള്ളൂ……..
അവൻ മടങ്ങി വന്നു ഇംഗ്ലണ്ടിലേക്ക് തന്നെ!! “

അമ്മ പറഞ്ഞു കൊടുത്തതൊന്നും കുട്ടിക്ക് തൃപ്തിയായില്ല. അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് അവൻ  ആഗ്രഹിച്ചു.
പെട്ടെന്ന് വാതിൽ തുറന്ന് അച്ഛൻ അകത്തേക്ക് വന്നു. കുട്ടി ഓടിച്ചെന്ന് അച്ഛനോട് ചോദിച്ചു: അച്ഛാ അമ്മക്കൊന്നുമറിയില്ല. അച്ഛനൊന്ന് ഈ കവിതയുടെ അർത്ഥം പറഞ്ഞു തരുമോ?
അമ്മ പറഞ്ഞതാണു ശരി. അമ്മ പറഞ്ഞതാണു സത്യം. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടെന്ന്  കുട്ടിക്ക് മനസ്സിലായി. അച്ഛൻ അമ്മയുടെ കൈകൾ കൂട്ടിപ്പിടിക്കുന്നത് കണ്ട് അവൻ അമ്പരന്നു.
അവന്റെ മനസ്സിൽ ചിലത് മനസ്സിലാകാതെ അവശേഷിച്ചു: അച്ഛൻ കരഞ്ഞതെന്തിന്? അച്ഛൻ, അമ്മയെ അംഗീകരിച്ചതെന്തിന്?