പേജുകള്‍‌

Saturday, April 28, 2012

തായ്‌വേരുകളില്ലാത്ത വന്മരങ്ങൾ

അര നൂറ്റാണ്ടായിക്കാണും, കടലു പോലെ പരന്നുകിടക്കുന്ന തണലൊരുക്കിയ ഇലച്ചാർത്തുകളുമായി നിൽക്കുന്ന ആ ആൽമരത്തെ പഴമക്കാർ അറിയാൻ തുടങ്ങിയിട്ട്.

“ആൽക്കടലിന്റെ” ഇരു കരകളിലുമായി പണക്കൊഴുപ്പിന്റെ ജാഡകൾ അലങ്കാരം ചാർത്തിയ രണ്ട് ദേവാലയങ്ങൾ. രണ്ട് മതക്കാരുടെ അഭിമാന സ്തംഭങ്ങൾ.

ആൽക്കടലിന്റെ വ്യാപ്തി നാൾക്കുനാൾ കൂടിക്കൂടി വന്നു. ദേവാലയങ്ങളുടെ മട്ടുപ്പാവുകളിൽ കെട്ടിയിരുന്ന ഉച്ചഭാഷിണികളുടെ വായടപ്പിക്കുമാറ് ആലിലകൾ അവയെ പൊതിഞ്ഞു. ദൈവത്തിന്റെ സ്വന്തക്കാർ ഇരുപുറത്തു നിന്നും ആലിൻ ചില്ലകൾ വെട്ടിക്കളയാൻ തുടങ്ങി.

ഓരോ തവണ വെട്ടുമ്പോഴും ഒരു കാക്ക പറന്നു വന്ന് കലമ്പൽ കൂടി. കാക്ക പല തവണ കലമ്പൽ കൂടി ആൽമരത്തെ മുറിച്ച് മാറ്റാൻ ഒരു കാരണം കണ്ടെത്താൻ ശ്രമിച്ച് ഏറെ നാൾ പരാജയപ്പെട്ട ദൈവത്തിന്റെ സ്വന്തക്കാർ ദേവാലയങ്ങളുടെ ചുമരുകളിൽ വീണ വിള്ളലുകൾ ചൂണ്ടിപ്പറഞ്ഞു : ആൽമരം മുറിച്ച് മാറ്റണം. ഇല്ലെങ്കിൽ അത് ദേവാലയത്തെ തകർക്കും.

അന്നും കാക്ക വന്ന് കലമ്പൽ കൂടി.

ലോകം കാക്കുന്ന ദേവന്  ദേവാ‍ലയം കാക്കാനറിയാതിരിക്കുമോ എന്നോ, ആൽമരം മുറിക്കാൻ നിങ്ങളാരെന്നോ ഒരർത്ഥം കാക്കയുടെ കലമ്പലിൽ ആരും ശ്രവിച്ചില്ല.

ദേഹശുദ്ധിക്ക് ജലമെടുക്കുന്ന കിണറ്റിലേക്കും കുളത്തിലേക്കും ഈ ആൽമരം വേരു നീട്ടുന്നുവെന്ന് പുതിയ പരാതി ഉയർന്നു. ദൈവത്തിന്റെ വെള്ളം മുട്ടിക്കാൻ ഒരു ശക്തിയേയും അനുവദിക്കാത്ത ദൈവത്തിന്റെ സ്വന്തക്കാർ ഐകകണ്ഠേന തീരുമാനിച്ചു :ആൽമരം മുറിക്കുക തന്നെ!

അന്ന് ആ കാക്ക വല്ലാത്ത  ശബ്ദത്തിലായിരുന്നു ബഹളമുണ്ടാക്കിയത്. അതുവഴി വന്നവരെയെല്ലാം അത് കൊത്തി പരുക്കേൽ‌പ്പിച്ചു. നഗ്നപാദനായി വന്ന ഒരു വൃദ്ധൻ ,കാക്കയെ കൈ നീട്ടി ക്ഷണിച്ചു. അദ്ദേഹത്തിന്റെ ഉള്ളം കൈയിലിരുന്ന് കാക്ക ദീനമായി കരഞ്ഞു.

കാക്കയുടെ കലമ്പലിനെ ആ വൃദ്ധൻ വ്യാഖ്യാനിച്ചു. പഴയൊരു മുഗൾ ചക്രവർത്തി, ആൽമരം നിലനിറുത്തി പ്രാർത്ഥനാലയം മാറ്റിപ്പണിഞ്ഞ കഥയാണത്രേ കാക്ക പറഞ്ഞത്. കാക്ക കാഷ്ടിച്ചുണ്ടായ ആലിനു തുല്യമാകാത്ത ദേവാലയങ്ങൾ പൊളിച്ചുമാറ്റണമെന്നാണത്രേ കാക്ക പറയുന്നത്.

അന്നത്തെ ജനരോഷത്തിന്റെ അഗ്നിയിൽ  ഒരു കറുത്ത മനുഷ്യനും, ഒരു കറുത്ത പക്ഷിയും കുറേ കറകളഞ്ഞ അറിവുകളും എരിഞ്ഞടങ്ങി. പകൽ അസഹനീയമായ വേദനയോടെ വേഗം കണ്ണടച്ചു. കുറേ കാക്കകളൊന്നിച്ചാകാശവും ഭൂമിയും നിറഞ്ഞതുപോലൊരു രാത്രി. എന്തോ തീരുമാനിച്ചുറച്ചതു പോലെ ഇരുൾക്കടുപ്പമേറിയ രാത്രി.

നാളെ പുലരുന്നതു വരെ മാത്രമേ ആൽമരത്തിനായുസ്സുള്ളൂ. രാവിലെ തന്നെ പണിക്കാർ വരും. പിന്നെ ചെറിയൊരു സമയം കൊണ്ട് യന്ത്രങ്ങൾ ,മരം നിന്നിടം പോലും തിരിച്ചറിയാനാകാത്ത വിധം ‘ഭംഗി’യാക്കും
പക്ഷേ കണക്കു കൂട്ടാൻ പറ്റാത്തൊരു ന്യൂനമർദ്ദം അസമയത്ത് കടലിൽ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. മഴയും കാറ്റും എല്ലാ വിധ രൌദ്രഭാവവും പൂണ്ട് ഇളകിയാടി.

പുലർച്ചെ ദേവാലയങ്ങളിൽ നിന്ന് ഭക്തിയൊഴുകിയില്ല. അവ രണ്ടും കാറ്റിലും മഴയിലും പെട്ട് നിലം പൊത്തിയിരുന്നു. ആൽമരമുൾപ്പെടെയുള്ള മരങ്ങൾക്കൊന്നും ഒരു പരിക്കും ഏറ്റിരുന്നില്ല.

അന്ന് ധാരാളം കാക്കകൾ വന്നു. അവ കരഞ്ഞുകൊണ്ടിരുന്നു.ആൽമരത്തിന്റെ ചില്ലകളിൽ അവയ്ക്കറിയാവുന്ന രാഗത്തിൽ അവ പാട്ടു പാടുകയായിരുന്നു. പക്ഷികളുടെ ഭാഷയറിയുന്നൊരാളും അവിടെയുണ്ടായിരുന്നില്ല.
ഉണ്ടായിരുന്നെങ്കിൽ അയാൾ പറഞ്ഞേനേ : ദൈവം മണ്ണിനു നൽകുന്ന ഓരോന്നിനും തായ് വേരുകൾ കൂടി നൽകുന്നു. മനുഷ്യൻ നിർമ്മിക്കുന്നതെല്ലാം ബാഹ്യമായ കാഴ്ചകൾ മാത്രം .......തായ് വേരില്ലാത്ത വടവൃക്ഷം പോലെ. കാക്ക കാഷ്ടിച്ചുണ്ടാകുന്ന മരത്തിന്റെ ബലം പോലുമില്ലാത്ത വെറും കെട്ടു കാഴ്ചകൾ!