പേജുകള്‍‌

Thursday, September 29, 2011

താമരയിതളിലെ തവള

നീർക്കോലി സാർ സീരിയസ്സായി പാഠം പഠിപ്പിക്കുമ്പോൾ അവൾ-താമരക്കുളത്തിൽ നീലിത്തവള- അർദ്ധമയക്കത്തിലായിരുന്നു.  മാഷ് ശീ.....ശീ.....വച്ച്  അവളെ ഉണർത്തി.
“ശ്രദ്ധിക്കൂ കുട്ടീ.”  മാഷ് പറഞ്ഞു.
അവൾ പിന്നെ മുഴുവൻ ശ്രദ്ധയും ക്ലാസ്സിൽ തന്നെ നൽകി.
മാഷിന്, അവളിലൊരു കണ്ണുണ്ടോന്ന് ക്ലാസ്സിലെ പലരും  പരസ്പരം കുശ്ക്കൂ.......കുശ്കൂ   പറയാറുണ്ടായിരുന്നു. എന്തായാലും മെലിഞ്ഞു നീണ്ട സുന്ദരനായ നീർക്കോലി സാറിനോട്  നീലിപ്പെണ്ണിന്  സീരിയസ്സായിത്തന്നെ ഒരു ‘ഇത് ’ ഉണ്ടായിരുന്നു എന്നത്  ആരും അറിഞ്ഞിരുന്നില്ല.

മാഷെടുത്ത ക്ലാസ്സ്, ജലകണത്തെ പറ്റിയായിരുന്നു.
ഒരു തുള്ളി ജലം പൊയ്കയിൽ വീണാൽ                                                  
അത് വ്യക്തിത്വം നഷ്ടപ്പെട്ട് പൊയ്കയിൽ ലയിക്കുന്നു!
വീഴ്ചക്കിടയിൽ നീർമണി ഒരു  താമരയിതളിൽ തങ്ങിയാലോ?
അപ്പോഴതൊരു  മുത്താകും. തിളക്കമാർന്ന മുത്ത്!


അന്ന്  ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ നീലിപ്പെണ്ണ്  തന്റെ വാസ സ്ഥലമായ താമരക്കുളത്തിലെ ജലത്തിൽ ലയിക്കാതെ  കുളത്തിലെ ഒരു താമരയുടെ ഇതളിലിരുന്ന് മാഷെടുത്ത പാഠം ഉറക്കെ ഉരുവിട്ടു. പിന്നെ, അവൾ  സ്വയമൊരു മുത്തായി  നീർക്കോലിസാറിന്റെ തലപ്പാവിൽ ഇരിപ്പുറപ്പിച്ചതായി സ്വപ്നം കണ്ടുറങ്ങിപ്പോയി.


പിറ്റേ ദിവസം  തവളപ്പെണ്ണ് ക്ലാസ്സിൽ ഹാജരില്ലായിരുന്നു!
നീർക്കോലി മാഷിന്,  തവളയിറച്ചി ദഹിക്കാത്തതിന്റെ അസ്ക്കിതയുണ്ടായിരുന്നു!!

Monday, September 26, 2011

ദി ഡിസ്പോസിബിൾ

അവൾക്കായി അവൻ ഒരു കപ്പ് മിൽമപ്പാൽ കാച്ചി വച്ചിരുന്നു.  മംഗലത്തിന്റന്ന്  രാത്രി  അവൻ അവൾക്കത് കുടിക്കാൻ കൊടുത്തു. 
അവൾ ചോദിച്ചു:  “ഇതെന്താ പഴയ കപ്പ്?  ഡിസ്പോസിബിൾ കപ്പില്ലേ?  എനിക്കിതൊന്നും  പരിചയവുമില്ല, ഇഷ്ടവുമില്ല.”


അവൻ അവൾക്ക്  അവളുടെ ആവശ്യമനുസരിച്ച്  ഡിസ്പോസിബിൾ കപ്പിൽ പാൽ നൽകി.
അവനും അവളും കല്യാണ വസ്ത്രങ്ങളെല്ലാം വേസ്റ്റ് ബേഗിലിട്ടു. രാത്രി എപ്പൊഴോ ലൈറ്റണഞ്ഞു.
രാവിലെ  അവന്റെയമ്മ വാതിൽ തുറന്ന്  മരുമകളെ  തിരക്കി.
അവൻ അലസമായി മുറിയുടെ മൂലയിലേക്ക്  വിരൽ ചൂണ്ടി. 
ഡിസ്പോസിബിളുകളുടെ കൂട്ടത്തിൽ മറ്റൊരു ഡിസ്പോസിബിളായി  അവൾ!

Thursday, September 22, 2011

ചെക്കന്റെ ജാതി

ഏതോ ഓണം കേറാ കോർണറിൽ നടക്കുന്ന ഡൂക്കിലി ബ്ലോഗ് മീറ്റിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും കീയാനൊരുങ്ങുകയാണയാൾ. അയാളുടെ ഓളാണെങ്കിൽ ദൈശം വന്ന് സ്വയമൊരു  ബലൂണാകുന്നുണ്ട്. 
സാധാരണ യാത്രകൾക്ക് മുൻപ് ഇടാനും ഉടുക്കാനുമുള്ളത് ഓള് തന്നെ എടുത്ത് മേശമ്മൽ വെക്കും. ഇന്നതൊന്നും കാ‍ണുന്നില്ല. ചായക്കും വിളിക്കുന്നില്ല. ബ്ലോഗ് മീറ്റിൽ പെണ്ണുങ്ങളും ഉണ്ടാകുമെന്ന് ഇവളോടാരോ പറഞ്ഞു കാണും. ഈ ഇന്റർ നെറ്റത്ര നല്ലതൊന്നുമല്ല എന്നും ആരോ ഏഷണി കൂട്ടിക്കാണും എന്നൊക്കെ മനസ്സിൽ പറഞ്ഞ് അയാൾ ഓളെ വിളിച്ചു:
എടീ പാന്റ്, എടീ ജുബ്ബ, എടീ ചായ.....................
അങ്ങനെ എല്ലാം ഒത്തു. 
അവൾക്കയാളെ തിന്നാനുള്ള ഇത് ഉണ്ട്. പക്ഷേ ദഹിച്ചു കിട്ടണ്ടേ?
ഇന്റർനെറ്റൊക്കെ പണ്ടേ ഉണ്ടായിരുന്നെങ്കിൽ  ഇയാൾ വേറെവിടെങ്കിലും പോയി വീഴുമായിരുന്നുവെന്നും,താനിങ്ങനെ കെണിഞ്ഞു പോകുമാ‍യിരുന്നില്ലെന്നും അവൾ വെറുതെ വിചാരിക്കുന്നതു പോലുള്ള മുഖം!

പോകാനിറങ്ങുമ്പോൾ അവളയാളെ  പിടിച്ചുവച്ചു. “എങ്ങോട്ടാ കീഞ്ഞ് പായുന്നത്? നിക്ക് . ഈട  ചോയിക്കാനും പറയാനും ആളില്ലാത്തോണ്ടല്ലേ നിങ്ങളെ മോള്  ഒരു  അച്ചായനെ ലൈനാക്കി മംഗലം കയിക്കാൻ  നടക്കുന്നത്?നിങ്ങൾക്കതിന്റെ വല്ല  ചിന്തയുമുണ്ടോ?“
“ലൈനോ?” അയാൾ ചോദിച്ചു.
“അതെ. ഈട, തീയ്യന്മാറെ കിട്ടാഞ്ഞിട്ടാണോ  ഓള്  ആ  ചെക്കനെയും കൊണ്ട് നടക്കുന്നത്. ഞാനപ്പോഴെ പറഞ്ഞതല്ലെ    നിങ്ങളെ മോള  ബേംഗ്ലൂരിലയക്കണ്ടാന്ന്?”
കൊള്ളാമെടി കൊള്ളാം ഇപ്പം എന്റെ മോള്   അല്ലേ? എന്റെ മാത്രം മോള്. നിന്നെ കണ്ടിട്ടല്ലേടീ നിന്റെ മോള്   പഠിക്കുന്നത്. നിന്റെ  തനിക്കൊണം  ഓള്  കാണിച്ചു.  അത്ര തന്നെ. നീയും എന്താ ലൈനിനു മോശൊന്ന്വല്ലല്ലോ?
അവളൊന്ന് പരുങ്ങി: “അത്   ഞാൻ  എന്റെ സ്വന്തം ജാതീലുള്ള  ഒരാളെയല്ലേ....?”
അയാൾ ചോദിച്ചു: “ഓനേതാ ജാതി?”
അവൾ വീണ്ടും ഒന്ന് കത്തി: “അതല്ലേ പറഞ്ഞത്  ചേട്ടനാണെന്ന്.............ക്രിസ്ത്യാണി.”
അയാൾക്ക് അതിലേറെ ദേഷ്യം വന്നു: “എടീ  വിവരം കെട്ടോളെ  ഓൻ  കാശുള്ള  ജാതിയാണോന്നാ ചോദിച്ചേ”
അവൾക്കൊരു നാണോം സമാധാനോമൊക്കെ വന്നു:“എഞ്ചീനീയറാണു പോലും.നല്ല തറവാടൊക്കെയാ. കൊറേ റബ്ബറും, തെങ്ങും, പൈക്കളും, കാറും...........”
അയാൾ തടഞ്ഞു: “നിർത്തി നിർത്തി പറേടീ. എന്നാലല്ലേ ശ്വാസം വിടാൻ പറ്റൂ. നീയെങ്ങാൻ  ചത്തു പോയാൽ മീറ്റ് നഷ്ടാവും”
പെട്ടെന്നൊരു കോൾ വന്നു.അയാളുടെ ഫോണിൽ.  റിങ്ങ് ടോൺ കേട്ട് മനസ്സിലായി. മോളാണ്. അവൾ അയാളുടെ കൈയ്യീന്ന് ഫോൺ  തട്ടിപ്പറിച്ച്  ആദ്യം പറഞ്ഞത്  ഇങ്ങനെയായിരുന്നു: “മോളേ  അച്ഛൻ  സമ്മതിച്ചെടീ”
അപ്പോൾ  ഇവൾക്കെല്ലാമറിയാം.സ്വന്തം മോള്  ഏതോ ഒരുത്തനുമായി സെറ്റുമ്മസെറ്റുമ്മ സാ ആയിട്ട്  അതിനു ചൂട്ട് പിടിക്കാൻ നടക്കുന്ന  കുരിപ്പ്. മരക്കുരിപ്പ്!  അയാൾ ഉള്ളിൽ പറഞ്ഞു. നെഗറ്റീവിനെ കോർത്ത്  പോസിറ്റീവിനെ പിടിക്കുന്ന ഇവളെയൊക്കെ  വീട്ടിലാക്കീട്ട്  എങ്ങനെ സമാധാനത്തോടെ  മീറ്റ്  ആസ്വദിക്കും? ഇതിനെയൊക്കെ വെടി വച്ച് കൊന്നാൽ ഉണ്ട നഷ്ടാകും. ഇവളൊക്കെ ചിരിക്കുമ്പോൾ മനസ്സിലാക്കിക്കോളണം എന്തോ പണി ഒപ്പിച്ചിട്ടുണ്ടെന്ന്. 
ങാ! ഇനിയെന്ത് പറ്റാൻ?
“ഫോണിങ്ങു താടീ ഞാൻ കീയുകയാ”:അയാൾ പറഞ്ഞു.
അച്ഛനോടെന്തോ പറയാൻ വേണ്ടിയായിരിക്കും മോൾ അച്ഛന്റെ ഫോണിൽ വിളിച്ചിരിക്കുക എന്ന്  പോലും ചിന്തിക്കാതെ അവൾ കട്ട്  ചെയ്ത ഫോണും വാങ്ങി പടിയിറങ്ങുമ്പോൾ  അവൾ പിൻ വിളിച്ചു:
“ഇന്നലെയിട്ട ഷഡ്ഡി തന്നെയിട്ടിട്ടാണോ കീയുന്നത്. റ്റീപ്പോയീന്റെ മേലെ അതാ പുതിയത് വെച്ചിട്ടുണ്ട്.”
അയാളൊരു കുഞ്ഞി കല്ലെടുത്ത്  ഓളെ  എറിഞ്ഞു. ഏറ് കൊള്ളാതെ  മാറുമ്പോൾ  അവളുടെ മുഖത്ത്  ഇരുപത്തഞ്ച്  വർഷം പഴക്കമുള്ള ഒരു  പഞ്ചാരച്ചിരി അയാൾ കണ്ടു.

Saturday, September 17, 2011

ക്ഷിപ്ര പ്രബന്ധം!

കണ്ണൂരിലെ പെണ്ണുങ്ങൾ എട്ടാം മാസത്തിനു മുൻപേ പ്രസവിക്കുന്നതിൽ നിപുണരാണെന്ന് ആരോ അമേരിക്കയിലെ സായിപ്പിനോട് പറഞ്ഞു പോലും. സമയത്തിന്റെ ദൌർബല്യവും, ദൌർലഭ്യതയും ഒഴിവാക്കാൻ അമേരിക്കൻ പെണ്ണുങ്ങളെ പ്രാപ്തരാക്കാൻ പ്രസവകാലം കുറക്കുന്ന വിഷയത്തിൽ  വേഗം ഒരു ഗവേഷണം നടത്തി പ്രബന്ധമെഴുതാൻ  രണ്ട് മദാമ്മ മാർ പ്ലെയിനും പിടിച്ച് ഇങ്ങോട്ട് വന്നു-നുമ്മട കണ്ണൂർക്ക്!
മദാമ്മച്ചിമാർ വളരെ വേഗം പ്രബന്ധം തയ്യാറാക്കി മടങ്ങി. പ്രബന്ധം വായിക്കാൻ വ്യഗ്രത കാട്ടിയ അമേരിക്കൻ  പ്രഗ്നിണികൾ നിറവയറ്റത്തടി കിട്ടിയതു പോലെ 
വാ പൊളിച്ചു നിന്നു പോയി!
എന്താ കാര്യം? 
പ്രബന്ധത്തിൽ അഞ്ചാറ് ഫോട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം കണ്ണൂരിലെ റോഡുകളുടേതായിരുന്നു! ചിത്രങ്ങൾ എല്ലാം സംസാരിക്കുന്നവയായിരുന്നു.

Monday, September 12, 2011

കണ്ണൂർ മീറ്റ് .തിരുശേഷിപ്പുകൾ!

അങ്ങനെ അതും കഴിഞ്ഞുകിട്ടി. 
വളരെ നാളത്തെ, ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയുമെല്ലാമുള്ള നെട്ടോട്ടം കഴിഞ്ഞു. തരക്കേടില്ലാതെ മീറ്റും കഴിഞ്ഞു. ഇനിയോ സാറേ?

ബിജു കൊട്ടിലയും, കുമാരനും,കേപീയെസ്സും,ബയാനും .ചിത്രകാരനും,ഒരു യാത്രികനുമെല്ലാം ചേർന്ന് തുടക്കമിട്ട കണ്ണൂർ സൈബർ മീറ്റിന്റെ സംഘാടക സമിതിയിലേക്ക്  വഴിതെറ്റി എത്തിയതാണീ ഹിന്ദിക്കാരൻ. ഒരു വിധം നന്നായിത്തന്നെ മീറ്റ് വിജയിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലേർപ്പെടാൻ പറ്റി എന്ന് സ്വയം സമാധാനിക്കുന്നു. വന്നവരെല്ലാം തൃപ്തികരമായി തന്നെയാണ് മടങ്ങിയതെന്ന് മീറ്റ് സംബന്ധിച്ച് ചിലരെഴുതിയ പോസ്റ്റുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. എന്നാലും കേപീയെസ്സിനും അതു പോലെ ചിലർക്കും മീറ്റ് പൂർണ്ണ തൃപ്തി നൽകിയില്ല എന്നും തോന്നുന്നു. നല്ലതിനെന്നു മാത്രം കരുതി ബിജുവും സുഹൃത്തുക്കളും ഒരുക്കിയ ചില പുതുമയാർന്ന സാഹസങ്ങൾ അല്പം ചില താളപ്പിഴകൾ വരുത്തിയെന്ന് തോന്നിക്കുമെങ്കിലും, അവരെല്ലാം ചേർന്ന്  രണ്ട് ദിവസങ്ങളിലായി ഒരുക്കിയ ആ സ്നേഹക്കൂട്ടായ്മ പകരം വയ്ക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് , മാടായിപ്പാറയിലെ അനുഭവം പങ്കുവച്ചവർ അറിയിച്ചിട്ടുണ്ട്.
കഷ്ട്ടമെന്ന് പറയട്ടെ, എനിക്ക് മാടായിപ്പാറയിലെത്താൻ പറ്റിയതുമില്ല, അന്ന് രാത്രി അതിഭീകരമായ മറ്റൊരനുഭവത്തിന് പാത്രമാകേണ്ടിയും വന്നു!

നമ്മുടെ സംഘാടക ഗ്രൂപ്പിലെ ഏക പെൺപ്രജയായ കുമാരി ബിൻസിക്ക് രാത്രി താമസിക്കാൻ ഏർപ്പാട് ചെയ്തിരുന്നത്  ശാന്തട്ടീച്ചറുടെ വീട്ടിലായിരുന്നു. പള്ളിക്കുന്നിൽ. ബിൻസിയുടെ ഹോസ്റ്റൽ പള്ളിക്കുന്നിൽ തന്നെയാണ്. പക്ഷേ ശാന്തട്ടീച്ചറുടെ വീടറിയാത്തതു കൊണ്ട്, ബിൻസിയെ അവിടെത്തിക്കാൻ കണ്ണൂരിന്റെ ചാർജുള്ള എന്നെയാണ്  കുമാരനും , ബിജുവും ഏല്പിച്ചിരുന്നത്. അഞ്ചരയോടെ ബിൻസി കോഴിക്കോട് നിന്നുമെത്തി. ഞാനും താമസിയാതെ കണ്ണൂരിലെത്തി. ടീച്ചറുടെ വീട്ടിലേക്കുള്ള വഴിയറിയാത്തതു കൊണ്ട്  ടീച്ചറെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ആ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ല!
പരിചയമില്ലാത്ത നമ്പറായതുകൊണ്ടായിരിക്കും എന്നു കരുതി കുമാരനെ കൊണ്ട് വിളിപ്പിച്ചു. ബിജുവും ശ്രമിച്ചു നോക്കി.
നോ രക്ഷ!
ടീച്ചർ പറ്റിച്ചോ? 
ഒരെത്തും പിടിയും കിട്ടാതെ കുഴങ്ങുമ്പോൾ പിടിവള്ളിയായി ഇബ്രാഹിം ബയാൻ വിളിച്ചു പറഞ്ഞു: ബിൻസിയെ കേപീയെസ്സിന്റെ വീട്ടിലാക്കിയിട്ട് വിധു വേഗം മാടായിപ്പാറയിലേക്ക് വരൂ
വേഗം തന്നെ ഒരു മാട്ടൂൽ ബസ്സിൽ കയറി പാപ്പിനിശ്ശേരിയിലേക്ക് വിട്ടു.  കണ്ണൂരിലെ ഗർഭിണികൾക്ക് എട്ടാം മാസത്തിൽ തന്നെ ഗർഭ മോചനം നൽകുന്ന രാജപാതയിലൂടെ ബസ്സ്, സിൽക്ക് സ്മിതയുടെ ഡാൻസ് പോലെ കുലുങ്ങിനീങ്ങി. ഒരു വിധത്തിൽ പാപ്പിനിശ്ശേരിയിലെത്തി. വീട്ടിലെത്തിയപ്പോൾ കേപീയെസ്സ്  വീട്ടിലില്ല. പുറത്തായിരുന്നു. കേപീയെസ്സ് വരുന്നത് വരെ പുറത്ത് കാത്തുനിന്നു. മഴയുണ്ട്. ലാപ്പും പിന്നെ അല്ലറ ചില്ലറ മറ്റു സാധനങ്ങളും, രാത്രി മാടായിപ്പാറയിലേക്ക് ചോറിനു കൂട്ടാൻ പച്ചടിയുമായിട്ടായിരുന്നു ബിൻസി വന്നിരുന്നത്. ആ അൺസൈസ് ശരീരത്തിന് താങ്ങാവുന്നതിലധികമുണ്ട്  ഭാരം. മുക്കാൽ ഭാഗം ഭാരവും എടുത്തത് ഞാനായിരുന്നു. 
കേപീയെസ്സ് വന്ന് ലൈറ്റിട്ട്  അകത്ത് കയറി. ഞാൻ മുറിയിൽ കയറിയതും കഷ്ടതരമായ ഒരു കാഴ്ചയാണാദ്യം കണ്ടത്.
അക്വേറിയത്തിൽ ഒരു വലിയ കാർപ് മത്സ്യം ചത്തിരിക്കുന്നു!
മറ്റുള്ളവ ഓക്സിജന്റെ കുറവ് മൂലം ജലോപരിതലത്തിലേക്ക് ചുണ്ട് ചേർത്ത് അന്തരീക്ഷ വായു ശ്വസിക്കാൻ പാടുപെടുന്നു. മത്സ്യം ചത്ത കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാർ ഞെട്ടിയത്. വേഗം തന്നെ എയർ പമ്പ് ഓൺ ചെയ്തു. അക്വേറിയം കീപ്പിങ്ങിൽ അര ഡോക്ടറായ എനിക്ക് പിന്നെ എന്തെങ്കിലുമൊക്കെ ചെയ്യാതെയും പഠിപ്പിക്കാതെയും ഒരു സമാധാനവും കിട്ടിയില്ല.
കേപീയെസ് , ഉടനെ തന്നെ ഈ വിഷയത്തിൽ ഒരു ബ്ലോഗ് തുടങ്ങണമെന്ന് എനിക്ക് നിർദ്ദേശം തന്നു. പിന്നെ എന്റെ പ്രാകൃത ബ്ലോഗിനെ ഒന്ന് കുട്ടപ്പനാക്കാൻ കേപീയെസ്സും കമ്പ്യൂട്ടർ എക്സ്പെർട്ടായ ബിൻസിയും കുറച്ച് നേരം ശ്രമിച്ചു. ഇപ്പം എന്നെക്കാൾ ഭംഗിയുണ്ട് ബ്ലോഗിന്!

അങ്ങനെ ഞാനവിടുന്ന് ഇറങ്ങുമ്പോൾ കനത്ത മഴയുണ്ട്. ഇന്ന് തന്നെ കണ്ണോത്തും ചാലിലെത്തിയില്ലെങ്കിൽ, രാവിലെ എട്ട് മണിക്ക്  മീറ്റ് ഹാളിലേക്ക് സാധനങ്ങൾ എത്തിക്കാനാവില്ല. 
ബസ് സ്റ്റോപ്പിലെത്തി . പക്ഷേ ഒറ്റ ബസ്സും നിർത്തുന്നില്ല. ബ്രിട്ടീഷുകാരന്റെ മനസ്സുള്ള ഡ്രൈവർ മാർ, ഇന്ത്യക്കാരനുണ്ടാക്കിയ പൊട്ടൻ പൊളി റോഡിലെ ചളിവെള്ളം അസാരം എന്റെ മേലേക്ക് തെറിപ്പിക്കുന്നുണ്ട്. പക്ഷേ ആരും ഒന്ന് നിർത്തിത്തരുന്നില്ല. ഞാനൊരു കറുത്ത വർഗ്ഗക്കാരൻ!!
ഓട്ടോ ഡ്രൈവർ മാർ , അവർ പ്ലെയിനാണോട്ടുന്നതെന്നാണെന്നു തോന്നിപ്പിക്കുന്നവിധം ഒരു മൈന്റുമില്ലാതെ പാഞ്ഞു പോകുന്നു.
ശാന്തട്ടീച്ചറോടുള്ള ദേഷ്യം എനിക്ക് ആവേശം പകർന്നു. 
വലിച്ചു നടന്നു. ഒൻപതര മുതൽ പതിനൊന്നര വരെ !
മഴവെള്ളം നിറഞ്ഞ റോട്ടുകുഴികളിലൂടെ !
റൂമിലെത്തിയപ്പോൾ അവിടെ ഒണക്ക് അവിൽ മാത്രമുണ്ട്. അവിലും കട്ടൻ ചായയും കഴിച്ച് നിറയാത്ത വയറിൽ ശാന്തട്ടീച്ചറോടുള്ള ദേഷ്യം നിറക്കാൻ ശ്രമിച്ച്  മലർന്നു കിടന്നു.
ഒരു വിധം ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് ‘ഓളുടെ’ കോൾ വന്നത്.  അയൽ പക്കത്തെ കല്യാണവീട്ടിൽ പോയി മടങ്ങിവന്നപാടെ ഭർത്താവുറങ്ങിയോ എന്ന് അറിയാൻ വിളിച്ചതാണ് സ്നേഹമയിയായ ഭാര്യ! 
സമയം രാത്രി 12.35!! 
ഈ നാട്ടിൽ ഡൈവോഴ്സൊക്കെ വെറുതെയാണോ കൂടി വരുന്നത്?
എന്തായാലും അതൊക്കെ കഴിഞ്ഞ് നേരം  പുലർന്നു. കുമാരൻ വിളിച്ചുപറഞ്ഞു: തൊടുപുഴയിൽ നിന്നും നൌഷാദ് വരുന്നു. ഒന്ന് ഫ്രഷാകാൻ സൌകര്യം ചയ്തു കൊടുക്കണം.
അതൊരനുഗ്രഹമായി. രാവിലത്തെ സാധനക്കടത്തിൽ നൌഷാദിന്റെ സഹായവുമുണ്ടായി. പക്ഷേ ഒരൊറ്റ ഓട്ടോറിക്ഷയും നിറുത്തുന്നില്ല. വായു ഗുളിക വാങ്ങാനെന്ന പോലെ ഒരേ തരം പാച്ചിൽ! ഹോ! ഒരു വിധത്തിൽ നാൽ‌പ്പതാമത്തെ ഓട്ടോറിക്ഷാക്കാരന്റെ കനിവിൽ സാധനങ്ങളുമായി മീറ്റ് ഹാളിലെത്താനായി
ശാന്തട്ടീച്ചറോടുള്ള ദേഷ്യം കാരണം അവർ വരുമ്പോൾ കൈപിടിച്ച് സ്റ്റെപ് കയറ്റാൻ പോയില്ല. മിണ്ടാനും പോയില്ല. പിന്നീട് എല്ലാം കഴിഞ്ഞപ്പോഴാണറിഞ്ഞത്, ടീച്ചർ അറിയാതെ വീട്ടിലെ കുട്ടികൾ ഫോൺ സൈലന്റ് മോഡിലാക്കിയതും, ഫോൺ വിളിച്ചതൊന്നും അറിയാത്തതു കൊണ്ട് പറ്റിയ അപകടമാണെന്നും!
പിന്നെ ദേഷ്യമെല്ലാം അലിഞ്ഞു. ഞാൻ തന്നെയാണ്  ടീച്ചറെ ഓട്ടോയിൽ കയറാൻ സഹായിച്ചത്.
ഇന്നും പണികൾ ബാക്കിയുണ്ട്. ലൈബ്രറി കൌൺസിലിൽ നിന്നും കടം വാങ്ങിയ പ്രോജക്ടർ തിരിച്ചേൽ‌പ്പിക്കണം. അതെല്ലാം എന്റെ റൂമിലാണുള്ളത്. ഓഫീസിൽ നിന്നും ധൃതിയിൽ ഓടിപ്പാഞ്ഞെത്തി എന്നിൽ നിന്ന് അവ വാങ്ങി തിരിച്ചേൽ‌പ്പിക്കാൻ ബിൻസി ഒരു പാഴ് ശ്രമം നടത്തി നോക്കി. നടന്നില്ല. ഓട്ടോക്കാരൊന്നും നിർത്തുന്നില്ല. ബിൻസി സങ്കടത്തോടെ തിരിച്ച് പോയി. സർക്കാരിന്റെ ഒരു മണിക്കൂർ കടമെടുത്ത് ഞാനും, സുഹൃത്ത് മഹറൂഫും, ഒരു ബൈക്കിൽ സാധനങ്ങൾ ജീവൻ പണയം വച്ചിട്ടാണ് തിരിച്ചെത്തിച്ചത്! നമ്മുടെ റോഡിലൂടെ ബൈക്കിൽ പോകുന്ന കാര്യം വല്ലാത്തൊരു സാഹസം തന്നെയാണേ!
അങ്ങനെ എല്ലാം ശുഭമായി തീർന്നു. കണ്ണൂർ മീറ്റ് മോടി കുറഞ്ഞുവെന്നാരെങ്കിലും പറയാനാഗ്രഹിക്കുന്നുവെങ്കിൽ, അവർ നൽകുന്നത്, രണ്ട് ദിവസം മുഴുവനായും  ഉറക്കമിളച്ച്  മീറ്റിന് വേണ്ടി പ്രവർത്തിച്ച കുമാരനും, ബിജുവിനും, പിന്നെ, പിന്നിൽ നിന്ന് പ്രവർത്തിച്ച ബയാനും, ചിത്രകാരനും, എല്ലാം കനത്ത മനോവിഷമമായിരിക്കും.
പിന്നെ ഇനിയുമൊരു മീറ്റ് നടത്താനുള്ള സദുദ്ദേശത്തെ കെടുത്തുന്നതുമായിരിക്കുമത്!

ഇനി പോക്കറ്റിലേക്കൊരു നോട്ടമയക്കണം. ഓണം അലവൻസും, അഡ്വാൻസും, വീട്ടിൽ തന്നെയാണോ എത്തിയതെന്ന്  എന്ന് സ്വയമെങ്കിലും ബോധ്യപ്പെടണ്ടേ?
മേലെ പറഞ്ഞതെല്ലാം മറന്നു കൊണ്ട് മീറ്റ് ഗംഭീരമായെന്ന് സ്വയം സമാധാനിക്കുമ്പോൾ  നിങ്ങളോട്  ചോദിക്കാനുള്ളതിതാണ്:

 പറയൂ എങ്ങനെയുണ്ടായിരുന്നു കണ്ണൂർ മീറ്റ്?
മീറ്റുകൾ ഇനിയും വേണ്ടതല്ലേ? 
മീറ്റുകളുടെ ഔട്ട് പുട്ട്  മെച്ചപ്പെടുത്താൻ കൂടുതലായി എന്തൊക്കെ ചെയ്യണം?
                                       ****************************
അതെ! കൂടുതൽ മെച്ചപ്പെട്ട് മീറ്റുകൾ ഇനിയും പ്രതീക്ഷിക്കുക. അതിനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

Monday, September 05, 2011

ഹൃദയാ‍രാമം

ദ്രൌപദിയെന്ന  ക്ഷത്രിയപ്പെണ്ണിന്  ഒരേ  നിർബന്ധം-  സുന്ദരനായ  ഗന്ധർവ്വന്റെ ഹൃദയം അവൾക്ക് വേണം!
അവളുടെ  ഭീമനെന്ന രണ്ടാം ഭർത്താവ്  അവളെ വളരെയധികം സ്നേഹിച്ചിരുന്നു. അവൻ  അവൾക്ക്  സ്വന്തം ഹൃദയം പറിച്ചെടുത്ത് കൊടുത്തിട്ട് പറഞ്ഞു: ഇതാ നീയാവശ്യപ്പെട്ട  ഗന്ധർവ ഹൃദയം.

ദ്രൌപദി അത് പുഞ്ചിരിയോടെ സ്വീകരിച്ചു.
അവളുടെ പുതിയ പുതിയ ദുരകൾക്ക് വേണ്ടി പാഞ്ഞ് നടക്കുമ്പോൾ ഭീമൻ ഒരു ദിവസം അതു കണ്ടു. തലേന്ന് പെയ്ത മഴയിൽ കുതിർന്ന് ,മണ്ണിൽ മുളച്ച, തന്റെ ഹൃദയം! ദ്രൌപദി ഉപേക്ഷിച്ച  തന്റെ ഹൃദയം!!
പിന്നീട് ഹൃദയം വളർന്ന് വന്മരമായി. അത് പൂത്തു, കായ്ച്ചു. അതിൽ നിറയെ ഹൃദയങ്ങൾ വിളഞ്ഞു.
ഒരു ദിവസം ഭീമനും ദ്രൌപദിയും ഒരുമിച്ച് ആ മരച്ചോട്ടിലൂടെ നടക്കുമ്പോൾ  അവൾ, താഴേ വീണു കിടന്നിരുന്ന ഹൃദയങ്ങളെ ചവിട്ടി മെതിക്കാൻ തുടങ്ങിയപ്പോൾ ഭീമൻ സന്താപത്തോടെ പറഞ്ഞു: അതിൽ ചവിട്ടരുത് . അത് എന്റെ ഹൃദയമാണ്!
അവൾ പിന്നെയും കായ്കൾ ചവിട്ടി നടന്നുപോകുമ്പോൾ ഭീമൻ അവളുടെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു: “അരുത്. അരുത് .പുറമേ അത് എന്റെ ഹൃദയമാണ്. പക്ഷേ അതിനകത്ത്.........നീയാണ്!!!”

Friday, September 02, 2011

ഇതും പുഴക്ക്......!?

പുഴ മെലിഞ്ഞുകൊണ്ടിരുന്നു. 
 പരിമിതിയുടെ ഒതുങ്ങലുകളിലേക്ക്
തിരുകിവച്ച പുതുമകളിൽ,
ചോദ്യം ചെയ്യപ്പെട്ട പ്രസക്തിയിൽ 
ആകുല ചിത്തയായി,
പുഴ പിന്നെയും ഒതുങ്ങിപ്പതുങ്ങിപ്പിൻ വാങ്ങി. 
പുതുപ്പണക്കൊഴുപ്പിന്റെ ത്രസിപ്പു പകർന്ന 
ആവേശവുമായി ചിലർ
പുഴയെ രക്ഷിക്കാൻ ചാടിയിറങ്ങി. 
കവലയിലെ ഇരുകാൽത്തൂണുകളിൽ 
പിടിപ്പിച്ച ഫ്ലെക്സ് ബോർഡിൽ 
അവർ ഒപ്പ് ശേഖരണം തുടങ്ങി. 
മഴ വന്നു. 
വെള്ളപ്പാച്ചിലിൽ ഒപ്പു പേറിയ 
ഫ്ലെക്സൊലിച്ച് പോയി.............പുഴയിലേക്ക്!

Thursday, September 01, 2011

പ്രൊട്ടക്ഷൻ

സംഘടനാ നേതാക്കൾ പ്രവർത്തന ഫണ്ടിലേക്ക് ആവശ്യപ്പെട്ടത് 500/- രൂപയായിരുന്നു.വേഗം തന്നെ എടുത്തു കൊടുത്തു. സമാധാനം. ഗുണമൊന്നുമില്ലെങ്കിലും ഇവരെക്കൊണ്ടിനി ശല്യമുണ്ടാവില്ലല്ലോ!  അപ്പോഴാണയാൾ ഓർത്തത്. ഇതു പോലെ ഒരു പ്രശ്നം കൂടിയുണ്ട് ബാക്കി..........സിസ്റ്റത്തിൽ ആന്റി വൈറസ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യണം. പ്രൊട്ടക്ഷൻ....അതിനു പണം നോക്കരുത്. ഹോ....എന്തെല്ലാം നല്ല നല്ല സിസ്റ്റങ്ങൾ? അയാൾക്ക് ചിരി വന്നു.